യുഎഇ നടപ്പാക്കുന്നത് ഗാന്ധിജിയുടെ ആശയങ്ങൾ: മന്ത്രി ഷെയ്ഖ് നഹ്യാൻ

gandhiji
ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുറ്റത്ത് മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്ത ശേഷം ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഇന്ത്യൻ സ്ഥാനപതി അംബാസഡർ സഞ്ജയ് സുധീർ എന്നിവർ.
SHARE

ദുബായ്∙ഗാന്ധിജിയുടെ ആശയങ്ങളെ ഉൾക്കൊള്ളുകയും നടപ്പാക്കുകയും ചെയ്ത നേതാവായിരുന്നു യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.

Also read: വിവാഹമോചനം ഉൾപ്പെടെ മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും

ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം.വിവിധ ദേശക്കാർ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവ പരസ്പരം സഹവർത്തിത്വത്തോടെ കഴിയുന്ന രാജ്യമാണ് അദ്ദേഹം യുഎഇയിലൂടെ സാധ്യമാക്കിയത്. ആഗോള സമൂഹമായി യുഎഇ മാറിയത് ഷെയ്ഖ് സായിദിന്റെ സഹിഷ്ണുതാ മനോഭാവവും സഹവർത്തിത്വ കാഴ്ചപ്പാടും മൂലമാണെന്നും പറഞ്ഞു.

പരസ്പരം മനസ്സിലാക്കുന്ന, ചർച്ചകൾക്ക് അവസരം ഒരുക്കുന്ന, സഹിഷ്ണുത കാട്ടുന്ന സമൂഹമാണ് ഗാന്ധിജി നമുക്ക് നൽകിയത്. അദ്ദേഹത്തിന്റെ ഓർമകൾ ഓരോ നിമിഷവും നമ്മെ പ്രചോദിപ്പിക്കട്ടെ. കൂടുതൽ അർപ്പണ ബോധത്തോടെ പെരുമാറാൻ ഈ അവസരം ഇടയാക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.

gandhi-ji

അച്ചടക്കമുള്ള, സംസ്കാര സമ്പന്നമായ രാഷ്ട്രങ്ങളായി ഇന്ത്യയും യുഎഇയും മാറിയതിനു രാഷ്ട്ര പിതാക്കന്മാരായ മഹാത്മാ ഗാന്ധിയോടും ഷെയ്ഖ് സായിദിനോടും നാം കടപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ഗാന്ധിജിയും ഷെയ്ഖ് സായിദും കൊണ്ടുവന്ന മാറ്റത്തിന്റെ പ്രകമ്പനങ്ങൾ അവരുടെ ജീവിത കാലത്തിനപ്പുറവും മുഴങ്ങി കൊണ്ടേയിരിക്കുന്നു.

ഇന്നും അവരുടെ സാന്നിധ്യം നാം അനുഭവിക്കുന്നു. ഇന്ത്യ ഇന്ന് ലോകത്തിലെ പ്രബല, സുസ്ഥിര രാജ്യമായി മാറിയതിന്റെ കാരണം ഗാന്ധിയൻ ദർശനങ്ങളോടുള്ള ആഭിമുഖ്യമാണ്. ഏതു സർക്കാർ ഓഫിസിൽ ചെന്നാലും  ഗാന്ധിജിയുടെ ചിത്രവും ഇരു വശങ്ങളിലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങളും കാണാം. വശങ്ങളിലെ ചിത്രങ്ങൾ മാറും പക്ഷേ ഗാന്ധിജിയുടെ ചിത്രം ഒരിക്കലും മാറില്ല. ഇന്ത്യയ്ക്കു ഗാന്ധിജി എല്ലാ അർഥത്തിലും പിതാവാണ്.

mubarak

അഹിംസയും സമാധാനവും ആയിരുന്നു ഗാന്ധിയൻ ആശയങ്ങൾ, സുസ്ഥിരതയും ഗാന്ധി സന്ദേശമായിരുന്നു. ഭൂമി മനുഷ്യന്റെ ആവശ്യങ്ങൾക്കു പര്യാപ്തമാണെങ്കിലും അത്യാഗ്രഹത്തിനു പര്യാപ്തമല്ലെന്ന ഗാന്ധിജിയുടെ വാക്കുകൾ ഇന്ന് പ്രസക്തമാണെന്നു നമുക്കറിയാം.

നമ്മുടെ ജീവിതം തന്നെ പരിശോധിച്ചാൽ ആ വാക്കുകളുടെ ആഴം മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോൺസൽ ജനറൽ ഡോ. അമൻ പുരി പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

gandhi
ചിത്രം കടപ്പാട്: വാം.

സമാധാനത്തിന് ഗാന്ധിമാർഗം: മന്ത്രി ഷെയ്ഖ് നഹ്യാൻ 

ദുബായ്∙സമാധാനവും സുസ്ഥിരതയും നേടാനുള്ള മാർഗം അഹിംസയാണെന്നു ഗാന്ധിജി പഠിപ്പിച്ചതായി യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാവ് കാട്ടിത്തന്ന അഹിംസയുടെ ശക്തിയെ ഇന്ന് നാം ആദരവോടെ തിരിച്ചറിയുന്നു.

ആധുനിക ചരിത്രത്തെ ഇത്രയേറ സ്വാധീനിച്ച വ്യക്തിയുടെ പ്രതിമ അനാവരണം ചെയ്യുന്നത് തനിക്കു ലഭിച്ച വലിയ അവസരമാണെന്നും പറഞ്ഞു. ഇന്ത്യയെ ഉറ്റ ചങ്ങാതി എന്നു വിളിക്കാൻ യുഎഇ ആഗ്രഹിക്കുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ആഴമേറിയ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇതിന് യുഎഇയിലെ ഇന്ത്യൻ സമൂഹത്തോടും എംബസിയോടും കോൺസുലേറ്റിനോടും കടപ്പെട്ടിരിക്കുന്നതായും വ്യക്തമാക്കി. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കോൺസൽ ജനറൽ ഡോ. അമൻ പുരി എന്നിവരും പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS