ADVERTISEMENT

അബുദാബി ∙അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്തയുടൻ അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് അയക്കും.

വിമാനത്തിൽ  184 യാത്രക്കാരുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് 1000 അടി ഉയരത്തിൽ കയറിയ ഉടൻ തന്നെ പൈലറ്റ്  എൻജിനിൽ തീ കാണുകയും അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് എഎൻഐയോട് പറഞ്ഞു.  എയർ ഇന്ത്യ എക്‌സ്‌പ്രസ് ബി737-800 എയർക്രാഫ്റ്റ് വിടി–എവൈസി ഓപറേറ്റിങ് ഫ്ലൈറ്റ് െഎ എക്സ് 348 അബുദാബി-കോഴിക്കോട് വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനാണ് തീപിടിച്ചത്.

എൻജിൻ തകരാറെന്ന് എയർ ഇന്ത്യ എക്സ്പ്രസ്; ബദൽ സംവിധാനം

അബുദാബി-കോഴിക്കോട് റൂട്ടിലെ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം െഎ എക്സ് 348 എൻജിനിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്നാണ് അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. 184 യാത്രക്കാരുമായി അബുദാബി ഇന്റർനാഷനൽ എയർപോർട്ടിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ച് വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തുകയും സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു. പ്രോട്ടോക്കോൾ അനുസരിച്ച് ഇത് ഇവന്റ് റെഗുലേറ്ററി അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും തങ്ങളുടെ അതിഥികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ എക്‌സ്‌പ്രസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

മുൻപും സമാന അനുഭവങ്ങൾ

ജനുവരി 23 ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് 45 മിനിറ്റിനുള്ളിൽ തിരിച്ചിറക്കിയിരുന്നു.  ഫ്ലൈറ്റ് മാനേജ്മെന്റ് സിസ്റ്റത്തിലാ (എഫ്എംഎസ്)യിരുന്നു സാങ്കേതിക തകരാറ്.  തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30ന് പറന്നുയർന്ന വിമാനം 9.17ന് തിരികെ ലാൻഡ് ചെയ്തു. 

2022 ഡിസംബറിൽ ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയതും വാർത്തയായി. കോഴിക്കോട്ട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ബോയിങ് ബി-737 വിമാനം ഷെഡ്യൂൾ പ്രകാരം പുറപ്പെട്ട് ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വിമാനത്തിൽ പാമ്പുണ്ടെന്ന് ജീവനക്കാർ റിപോർട്ട് ചെയ്യുകയായിരുന്നു.  സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഏവിയേഷൻ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു.

English Summary : Air India Express flight from Abu Dhabi to Calicut landed back at airport after engine caught fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com