അജ്മാൻ/അബുദാബി∙ ഓൺലൈൻ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 16,000 ദിർഹം നഷ്ടപ്പെട്ട അറബ് വംശജന് അജ്മാൻ പൊലീസ് പണം വീണ്ടെടുത്തു നൽകി. വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചയാൾ അക്കൗണ്ടിന്റെ രഹസ്യവിവരം കൈക്കലാക്കി പണം തട്ടുകയായിരുന്നു.
Also read: നിക്ഷേപകർക്ക് കുവൈത്തിൽ ദീർഘകാല വീസ
പരാതിയെ തുടർന്ന് ബാങ്കുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി പണം തിരിച്ചുപിടിച്ചു. വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോൺ, എസ്എംഎസ്, ഇമെയിൽ വഴി ബന്ധപ്പെടുന്നവരോട് പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. സംശയാസ്പദമായ കോളുകളെക്കുറിച്ച് പൊലീസിനെയോ ബാങ്കിനെയോ അറിയിക്കണം. അക്കൗണ്ട് വിവരങ്ങളോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, എമിറേറ്റ്സ് ഐഡി വിവരങ്ങളോ ഒടിപിയോ (വൺ ടൈം പാസ് വേഡ്) ആരുമായും പങ്കുവയ്ക്കരുതെന്നും പറഞ്ഞു.