അബുദാബി ∙ പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാ ബദ്ധമാണെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 26-ാമത് ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ ദേശീയ പരിസ്ഥിതി ദിനം ആചരിക്കുന്ന വേളയിൽ, നിലവിലെയും ഭാവി തലമുറയുടെയും പ്രയോജനത്തിനായി നൂതനമായ പദ്ധതികളുമായി മുന്നോട്ട് പോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടുതൽ സുസ്ഥിരമായ ഒരു ഭാവിക്കായി ഒരുമിക്കാൻ ലോകത്തെ ക്ഷണിക്കുന്നു. ഈ നിർണായക പ്രവർത്തനം കോപ്28-ൽ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദേശീയ പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് പ്രകൃതി വിഭവങ്ങളും അവയുടെ ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽംഹെരി പറഞ്ഞു. 2023-ലെ 'സുസ്ഥിരതയുടെ വർഷമായി' ഷെയ്ഖ് മുഹമ്മദ് നടത്തിയ പ്രഖ്യാപനത്തോടൊപ്പമാണ് ഈ വർഷത്തെ ആഘോഷങ്ങൾ. ഈ വർഷം കോപ് 28 യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ യുഎഇ തയ്യാറെടുക്കുന്നതിനിടെയാണിത്.