ദോഹ∙ മരുഭൂമിയെ പച്ചപ്പണിയിച്ച് മഴക്കാലം. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത ഇടവിട്ടുള്ള മഴയിൽ കാട്ടു പുൽത്തകിടികൾക്കും കുറ്റിച്ചെടികൾക്കും പുതുജീവൻ വച്ചു. ചെറു മരങ്ങളും കുറ്റിച്ചെടികളും തളിർത്തു. മരുഭൂമിയിലെ പുൽമൈതാനങ്ങളെ ഇക്കോ-ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഓർമപ്പെടുത്തുന്നു, തലയുയർത്തി നിൽക്കുന്ന പച്ചപ്പ്.
Also read: രോഗിയായ മകനുമായി മലയാളി അബുദാബി വിമാനത്താവളത്തിൽ; വൈകുന്ന എയർ ഇന്ത്യ എക്സ്പ്രസ്
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശൈത്യകാലത്തിന്റെ തുടക്കം മുതൽ നല്ല മഴയാണ്. തരിശായി കിടന്ന ചില പ്രദേശങ്ങളിൽ പോലും പച്ചപ്പുല്ല് കിളിർത്തു തുടങ്ങി. പബ്ലിക് പാർക്കുകളിൽ വളർത്തുന്ന പുല്ലിനേക്കാൾ വ്യത്യസ്തവും ഭംഗിയുള്ളതുമാണ് മരുഭൂമിയിലെ മൈതാനങ്ങളിൽ മുളയ്ക്കുന്നവ. പച്ച പുതച്ച ഇടങ്ങളിൽ സന്ദർശകർ പലരും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പരിസ്ഥിതിയെ മുറിപ്പെടുത്തുന്നുണ്ട്. ഈ പച്ചപ്പ് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സ്വദേശികളിലൊരാളായ സലേഹ് അൽ മാരി അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തി കൂടുതൽ ബോധവൽക്കരണ ക്യാംപെയ്‌നുകൾ ആരംഭിക്കേണ്ടതുണ്ട്; അൽമാരി ചൂണ്ടിക്കാട്ടി. മരുഭൂമിയിലെ പുൽമൈതാനങ്ങൾ ചിലത് പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വേലികെട്ടി തിരിച്ച് സംരക്ഷിക്കുന്നുണ്ട്. തരിശു ഭൂമികളിലും പച്ചപ്പ് നിറഞ്ഞതോടെ ഈ സ്ഥലങ്ങളും വേലികെട്ടി സംരക്ഷിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.