ഷാർജ∙ ലോക അർബുദ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പതിനൊന്നാമത് പിങ്ക് കാരവൻ റൈഡ് (പിസിആർ) ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റിന്റെ സഹകരണത്തോടെ ഇന്നലെ ആരംഭിച്ച പരിപാടി 10 വരെ തുടരും.
Also read: രോഗിയായ മകനുമായി മലയാളി അബുദാബി വിമാനത്താവളത്തിൽ; വൈകുന്ന എയർ ഇന്ത്യ എക്സ്പ്രസ്
7 എമിറേറ്റുകളിലായി 7 ദിവസം നീണ്ടുനിൽക്കുന്ന ക്യാംപെയ്നിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യ അർബുദ പരിശോധനയും നടത്തിവരുന്നു. സ്തനം, ചർമം, വൻകുടൽ, പ്രോസ്റ്റേറ്റ്, വൃക്ഷണം എന്നിവയെയും കുട്ടികളെയും ബാധിക്കുന്ന അർബുദങ്ങളെയും കുറിച്ചാണ് ബോധവൽക്കരണം. അൾട്രാസൗണ്ട് സ്കാനിങ്, മാമോഗ്രാം എന്നീ പരിശോധനകളും സൗജന്യമായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://www.focp.ae/rider-registration/ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
ഇന്ന് ദുബായിൽ
ഡിഐഎഫ്സി ഗേറ്റിൽനിന്ന് രാവിലെ 8ന് ആരംഭിക്കുന്ന പരേഡ് ജെബിആറിൽ 12.30ന് എത്തും. വൈകിട്ട് 3ന് സിറ്റി വാക്കിൽ രണ്ടു പരിപാടികളുണ്ടാകും. ഇതോടനുബന്ധിച്ച് ലാമെർ, ദുബായ് ഫ്രെയിം, സിറ്റി വാക്ക് എന്നിവിടങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെ സൗജന്യ മാമോഗ്രാം പരിശോധനയും ഉണ്ടാകും.