ADVERTISEMENT

അബുദാബി∙ കൂർക്കംവലിക്ക് പുതിയ ചികിത്സയുമായി അബുദാബി ഹെൽത്ത് പോയിന്റ്. ഡ്രഗ് ഇൻഡ്യൂസ്ഡ് സ്ലീപ് എൻഡോസ്കോപ്പി പോളിസോംനൊഗ്രാഫി ടെസ്റ്റ് നടത്തിയാണ് കൂർക്കംവലിയുടെ തീവ്രത വിശദമായി മനസ്സിലാക്കി ചികിത്സ നടത്തുന്നത്. യുഎഇയിൽ ഈ സംവിധാനം ലഭ്യമാക്കുന്ന ആദ്യ ആശുപത്രിയാണിത്. ക്യാമറ ഘടിപ്പിച്ച മെഷീൻ (എൻഡോസ്കോപ്പി) മൂക്കിലൂടെ തൊണ്ടയ്ക്കുള്ളിലേക്ക് ഇറക്കി ശ്വാസതടസ്സത്തിന്റെ കാരണം വിശദമായി പരിശോധിച്ചാണ് ചികിത്സ.

Also read: ഹിറ്റാണ് യൂസ്ഡ് കാർ വിപണി

ഇതിലൂടെ കൂർക്കം വലിയുടെ യഥാർഥ കാരണം വ്യക്തമായി അറിയാനും അതനുസരിച്ച് ചികിത്സ നടത്താനും സാധിക്കും. ശ്വസനനാളിയിൽ മുഴയോ മറ്റേതെങ്കിലും കാരണംകൊണ്ടോ ആണ് തടസ്സം ഉണ്ടാകുന്നതെന്നും ഇതിലൂടെ കണ്ടുപിടിക്കാമെന്നും ഡോക്ടർമാർ വിശദീകരിച്ചു.

നിലവിൽ പോളിസോംനൊഗ്രാഫി ടെസ്റ്റ് (സ്ലീപ് സ്റ്റഡി) നടത്തിയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.  രോഗത്തിന്റെ തീവ്രത കൂടിയവർക്ക് സിപിഎപി (കണ്ടിന്വസ് പോസിറ്റീവ് എയർവേ പ്രഷർ തെറാപ്പി) മെഷിൻ ഉപയോഗിച്ചാണ് ചികിത്സ. മെഷീനുമായി ബന്ധിപ്പിച്ച മാസ്ക് മുഖത്തുവച്ച് ഉറങ്ങുന്നതോടെ തടസ്സമില്ലാതെ ശ്വാസോഛാസം നടക്കും. ഇതോടെ കൂർക്കംവലിയും മാറും.

സാധാരണ പുരുഷന്മാരിൽ 40 ശതമാനം പേർക്കും സ്ത്രീകളിൽ 24% പേർക്കും കൂർക്കം വലി ഉണ്ടാകുമെങ്കിലും ഭൂരിഭാഗം പേർക്കും പ്രശ്നമാകാറില്ല. ചിലരുടെ കൂർക്കംവലി മറ്റുള്ളവരുടെയും ഉറക്കം കെടുത്തും. 

രോഗം മൂർഛിച്ചവർക്ക്  ഉറക്കത്തിൽ ഇടയ്ക്കിടെ ശ്വാസോഛാസം നിന്നുപോകാനും സാധ്യതയുണ്ട്. ആ സമയത്ത് രക്തത്തിലെ ഓക്സിജൻ കുറയാൻ സാധ്യതയുണ്ട്. ഇതിനെ അപ്നിയ എന്നാണ് അറിയപ്പെടുക. ഉറക്കം കുറയുന്നതോടെ തലച്ചോറിന് ആവശ്യമായ വിശ്രമം കിട്ടില്ല (ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ). രാത്രിയിൽ പല തവണ സംഭവിക്കുന്നതോടെ തലച്ചോറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും.ഇതുമൂലം പകൽ ഉറക്കച്ചടവുണ്ടാകും. 

പെട്ടന്ന് ഉറക്കം വരികയും ചെയ്യും. ഇത് വാഹനമോടിക്കുന്നവരെ അപകടത്തിലേക്കു നയിക്കും. രോഗം വർഷങ്ങളോളം നീണ്ടുനിൽക്കുകയാണെങ്കിൽ ഹൃദ്രോഗം, രക്തസമ്മർദം എന്നിവയ്ക്കും കാരണമാകും. പ്രമേഹമുള്ളവരാണെങ്കിൽ രോഗം മൂർഛിക്കാനും ഇടയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

English Summary: Abu Dhabi hospital introduces new procedure to treat sleep apnea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com