ADVERTISEMENT

ദോഹ∙ 2,57,000 പാക്കേജുകൾ വിറ്റഴിച്ച് ഹോസ്പിറ്റാലിറ്റി പാക്കേജ് വിൽപനയിലും പുതിയ റെക്കോർഡ് ഇട്ട് ഖത്തർ ഫിഫ ലോകകപ്പ്. വിൽപനയിലൂടെ ഫിഫയുടെ സ്‌പോർട്‌സ് ഹോസ്പിറ്റാലിറ്റി രംഗത്തിന് എക്കാലത്തെയും ഉയർന്ന വരുമാനമാണ്  ലഭിച്ചത്. 2014 ൽ ബ്രസീലിൽ നടന്ന ലോകകപ്പിനായിരുന്നു  ഇതുവരെ റെക്കോർഡ്.

Also read: പുതിയ നാവിക അക്കാദമി രാജ്യത്തിന് സമർപ്പിച്ച് അമീർ

ടൂർണമെന്റിന് 2 വർഷം മുൻപ് പാക്കേജുകളുടെ പ്രീ-സെയിൽസ് 9 കോടി യുഎസ് ഡോളർ എത്തിയിരുന്നു. ഉദ്ഘാടന മത്സരത്തിന് ആഴ്ചകൾ മുൻപു തന്നെ 2014 ലെ വിൽപന റെക്കോർഡ് ഖത്തർ മറികടന്നെന്നും മാച്ച് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് ചെയർമാൻ ജെയ്മി ബൈറോം വ്യക്തമാക്കി. 

ഫിഫയുടെ ഹോസ്പിറ്റാലിറ്റി പ്രോഗ്രാമിന്റെ ഭാഗമായ പാക്കേജുകളുടെ ആഗോള തലത്തിലുള്ള ഏക വിൽപന അവകാശി മാച്ച് ഹോസ്പിറ്റാലിറ്റിയാണ്. മത്സര ടിക്കറ്റ് ഉൾപ്പെടെയുള്ള പാക്കേജുകളിൽ ചിലതിന് വിമാന ബുക്കിങ് സേവനങ്ങളും താമസത്തിനുള്ള സഹായങ്ങളും നൽകിയതായി മാച്ച് ഹോസ്പിറ്റാലിറ്റി അധികൃതർ വ്യക്തമാക്കി. ടൂർണമെന്റിനിടെ സ്‌റ്റേഡിയത്തിനകത്തും പുറത്തും അതിഥികൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കിയിരുന്നു. അതിഥികൾക്കായി 37,000 ചതുരശ്രമീറ്റർ ടെന്റഡ് സ്ട്രക്ചർ, 35,000 ഫർണിച്ചറുകൾ, 3 ലക്ഷം സമ്മാനങ്ങൾ, 331 ടൺ ഭക്ഷണം എന്നിവയാണ് നൽകിയത്. 140 രാജ്യങ്ങളിൽ നിന്നുള്ള ആരാധകരും അതിഥികളുമാണ് ഖത്തർ ലോകകപ്പ് കണ്ടത്. 

ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് 1,000 മുൻനിര ആരോഗ്യ പ്രവർത്തകർക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ കാണാൻ ടിക്കറ്റ് ഉൾപ്പെടെയുള്ള പാക്കേജും സമ്മാനമായി നൽകിയിരുന്നു. അതിഥികൾ മുതൽ സേവന ദാതാക്കൾ വരെയും ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഉൾപ്പെടെയുള്ളവരുടെയും സഹകരണത്തോടെയാണ് ഫിഫ ലോകകപ്പ് ഖത്തർ 2022 ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പ്രോഗ്രാം വലിയ വിജയമാക്കാനും പുതിയ റെക്കോർഡ് ഇടാനും കഴിഞ്ഞതെന്നും ജെയ്മി ബൈറോം അഭിപ്രായപ്പെട്ടു. 

മത്സരങ്ങൾ കാണാനുള്ള ഔദ്യോഗിക ടിക്കറ്റ്, സ്‌റ്റേഡിയത്തിനുള്ളിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി സ്വകാര്യ സ്യൂട്ടുകൾ, ലോഞ്ചുകൾ, ഭക്ഷണ, പാനീയ സൗകര്യങ്ങൾ, മുൻഗണനാക്രമത്തിലുളള വാഹന പാർക്കിങ് സൗകര്യം, വിനോദപരിപാടികൾ, സമ്മാനങ്ങൾ, അനുബന്ധ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ഹോസ്പിറ്റാലിറ്റി പാക്കേജുകൾ വിറ്റത്. ഇവയ്ക്ക് പുറമേയാണ്  താമസം, വിമാനയാത്ര സേവനങ്ങളും. ലോകകപ്പ് കാണാൻ ഏറ്റവുമധികം പാക്കേജുകൾ വാങ്ങിയ രാജ്യങ്ങളുടെ ആദ്യ പത്തിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു.

2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ 29 ദിവസം നീണ്ട ഖത്തർ ഫിഫ ലോകകപ്പ് കാണാൻ വിദേശരാജ്യങ്ങളിൽ നിന്ന് 14 ലക്ഷത്തിലധികം പേരാണ് എത്തിയത്. മത്സരങ്ങളുടെ കാര്യത്തിൽ മാത്രമല്ല ആരാധകരുടെ പങ്കാളിത്തം, ഫാൻ സോണുകളുടെ മികവ്,  ഫിഫ ഫാൻ ഫെസ്റ്റിവൽ, ഗതാഗത സൗകര്യങ്ങൾ, താമസ വൈവിധ്യം, വൊളന്റയറിങ് തുടങ്ങിയവയിലും എക്കാലത്തെയും അവിസ്മരണീയമായ ലോകകപ്പ് ആണ് ഖത്തർ ലോകത്തിന് സമ്മാനിച്ചത്. 64 മത്സരങ്ങൾ കാണാനായി 34,04,252 പേരാണ് സ്റ്റേഡിയങ്ങളിലെത്തിയത്.

English Summary : Qatar 2022 official hospitality package hits record revenue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com