ADVERTISEMENT

അബുദാബി∙ പരുക്കേറ്റ സമുദ്ര ജീവികളെ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകി പുനരധിവസിപ്പിച്ച് കടലിൽ തിരിച്ചെത്തിക്കുന്നതിനുള്ള സീ വേൾ‍ഡ് റിസർച് ആൻഡ് റെസ്ക്യു സെന്റർ അബുദാബി യാസ് ഐലൻഡിൽ ആരംഭിച്ചു. മധ്യപൂർവദേശത്ത് ഇത്തരത്തിലുള്ള ആദ്യത്തേതും ഏറ്റവും വലുതുമാണിത്. റെസ്ക്യു ക്ലിനിക്, ആശുപത്രി, പുനരധിവാസ കേന്ദ്രം, നൂതന ലബോറട്ടറി, സംരക്ഷണ കേന്ദ്രം തുടങ്ങി അത്യാധുനിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Also read : അബുദാബി മിഡ്ഫീൽഡ് ടെർമിനൽ ഡിസംബർ 2ന് തുറന്നേക്കും

സമുദ്ര മൃഗ സംരക്ഷണം, ഗവേഷണം, രക്ഷാപ്രവർത്തനം എന്നിവയിൽ വിദഗ്ധരായ ഒരുകൂട്ടം പ്രഫഷനലുകളാണ് കേന്ദ്രത്തിനു നേതൃത്വം നൽകുന്നത്. ഇതിൽ ശാസ്ത്രജ്ഞർ, ജന്തു ശാസ്ത്രജ്ഞർ, 60 വർഷം വരെ പരിചയ സമ്പത്തുള്ള മറൈൻ വിദഗ്ധർ എന്നിവരും ഉൾപ്പെടും.

പരുക്കേറ്റവയെ കണ്ടെത്തിയാൽ പ്രഥമശുശ്രൂഷ നൽകും. പിന്നീട് കേന്ദ്രത്തിൽ എത്തിച്ച് കഴുകി വൃത്തിയാക്കിയ ശേഷം ഡോക്ടർ പരിശോധിച്ച് രോഗനിർണയം നടത്തും. ആവശ്യമെങ്കിൽ സ്കാനിങ്, എക്സറേ, ലബോറട്ടറി ടെസ്റ്റുകൾക്കും വിധേയമാക്കും. അടിയന്തര ശസ്ത്രക്രിയ നടത്താനും സൗകര്യമുണ്ട്. ഓരോ ജീവിയുടെയും തനത് ആവാസ വ്യവസ്ഥയിലാണ് ഇവയെ സംരക്ഷിക്കുക. 

 

സമുദ്ര ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, പ്രതിരോധം, വന്യജീവി സംരക്ഷണം, വംശനാശഭീഷണി നേരിടുന്നവയെ സംരക്ഷിക്കൽ, ആരോഗ്യസുരക്ഷ, മലിനീകരണം തടയൽ, മത്സ്യസമ്പത്തിന്റെ വർധന തുടങ്ങിയ വിഷയങ്ങളിൽ പഠന, ഗവേഷണ പ്രവർത്തനങ്ങളും നടത്തും.

അബുദാബിയിലെ യാസ് ദ്വീപിൽ 8,602 ചതുരശ്ര മീറ്ററിലാണ് കേന്ദ്രം സജ്ജമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി, മറിയം അൽ മെഹൈരി, മിറൽ ചെയർമാൻ, മുഹമ്മദ് ഖലീഫ അൽ മുബാറക് തുടങ്ങി പ്രമുഖർ പങ്കെടുത്തു. സുസ്ഥിര വർഷമായ 2023ൽ സമുദ്ര ഗവേഷണ-രക്ഷാ കേന്ദ്രമായ യാസ് സീ വേൾഡ് റിസർച് സെന്റർ ആരംഭിക്കുന്നതിൽ അഭിമാനിക്കുന്നതായി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കടൽ പക്ഷികൾക്കായി പ്രത്യേക കേന്ദ്രവുമുണ്ട്. കടൽ പുല്ല്, പവിഴപ്പുറ്റ്, മുത്തുച്ചിപ്പി, കണ്ടൽക്കാട് തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

 കടൽ ജീവികളെക്കുറിച്ച് പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും ഈ രംഗത്തേക്ക് യുവതലമുറയെ ആകർഷിക്കുന്നതിനും ബോധവൽക്കരണം സംഘടിപ്പിക്കും. ഇവിടെ എത്തുന്നവർക്ക് കേന്ദ്രത്തിന്റെ പ്രവർത്തനം വിശദീകരിക്കാൻ വിദഗ്ധ സംഘവുമുണ്ട്. അപകടത്തിൽപ്പെട്ട സമുദ്രജീവികളെ കണ്ടെത്തിയാൽ  800 555 എന്ന നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.

English Summary: Yas SeaWorld Research and Rescue opens in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com