ADVERTISEMENT

ദുബായ്∙ അവധിക്കാലത്തു വീടു പൂട്ടി വിദേശങ്ങളിൽ ടൂറു പോകുന്നവർ കഴിയുന്നതും പബ്ലിസിറ്റി ഒഴിവാക്കണമെന്നു ദുബായ് പൊലീസ്. തിരികെ എത്തിയ ശേഷമേ യാത്രയുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാവൂ. വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേ യാത്രയുടെ മുഴുവൻ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ കാണുന്നത് സുഹൃത്തുക്കൾ മാത്രമല്ല, മോക്ഷണത്തിന് കാത്തിരിക്കുന്ന കള്ളന്മാർ കൂടിയാണ്.

Also read: ദുരിത ബാധിതർക്കായി കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ

ബോർഡിങ് പാസുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതാണ് പുതിയ ട്രെൻഡ്. ഒരു തമാശയ്ക്കു വേണ്ടി ചെയ്യുന്നതാണ് പലരും. ബിസിനസ് ക്ലാസുകളിൽ യാത്ര ചെയ്തവർ അവരുടെ പ്രൗഢി കാട്ടാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, ബോർഡിങ് പാസുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ യാത്ര ചെയ്യുന്ന വ്യക്തിയുടെ പൂർണ വിവരങ്ങൾ തട്ടിപ്പുകാർക്ക് കിട്ടും. വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കാനും യാത്ര കഴിഞ്ഞ് തിരികെ വരും മുൻപ് തരികിട പരിപാടികൾ ഒപ്പിക്കാനും തട്ടിപ്പുകാർക്ക് അവസരമാകും.

ബിസിനസ് ക്ലാസുകളിൽ ഇരിക്കുന്ന ചിത്രം പങ്കുവയ്ക്കുമ്പോൾ ആ വീട്ടിൽ കയറിയാൽ ആവശ്യത്തിന് കിട്ടും എന്ന് കള്ളന്മാർക്കും ബോധ്യമാകും. വിനോദ സഞ്ചാര കേന്ദ്രത്തിൽ അടിച്ചു പൊളിക്കുമ്പോൾ കള്ളന്മാർ നിങ്ങളുടെ വീടിന്റെ പൂട്ടു പൊളിക്കുന്നുണ്ടാകും. സുഹൃത്തുക്കളുമായി ബന്ധപ്പെടാനും സമൂഹത്തിലെ കാര്യങ്ങളിൽ ഇടപെടാനുമെല്ലാം ഇത്തരം മാധ്യമങ്ങൾ ഉപകരിക്കുമെങ്കിലും ഓരോരുത്തരുടെയും ഇടപാടുകൾ ഒളിഞ്ഞിരുന്നു നിരീക്ഷിക്കുന്നവർ കൂടി ഉണ്ടെന്നു മറക്കരുതെന്നു പൊലീസ് പറഞ്ഞു.

യാത്രയുടെ വിവരങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പലരുടെയും വീടുകളിൽ മോഷണം നടന്നു. പുറപ്പെടും മുൻപ് വീടിനു മുൻപിൽ നിന്നു സെൽഫി എടുക്കുന്നതു മുതൽ സ്റ്റേക്കേഷനിൽ എത്തുന്നതുവരെയുള്ള സചിത്ര വിവരണത്തിനാണ് പലരും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ബന്ധുക്കളും സ്നേഹിതരും ലൈക്കടിച്ചും കമന്റടിച്ചും പ്രോത്സാഹിപ്പിക്കുമ്പോൾ മോഷ്ടാക്കൾ നിങ്ങളുടെ സഞ്ചാരപഥം കൃത്യമായി മനസിലാക്കുകയാണ്. നിങ്ങൾ എവിടെയാണെന്നും എപ്പോൾ വരുമെന്നും അടക്കമുള്ളതെല്ലാം കള്ളന്മാർക്ക് എളുപ്പം പിടികിട്ടും.

വീടുകൾക്കു മുന്നിലെ സെൽഫി താമസ സ്ഥലം പെട്ടെന്നു മനസ്സിലാക്കാൻ സഹായിക്കും. തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതും ആളുകൾ യാത്രയ്ക്ക് ഒരുങ്ങുന്നതും മുൻ നിർത്തിയാണ് ദുബായ് പൊലീസ് ജാഗ്രതാ നിർദേശം  പുറപ്പെടുവിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com