ADVERTISEMENT

ദുബായ്∙ സമഗ്ര സാമ്പത്തിക സഹകരണ കരാറിലൂടെ (സെപ) ഇന്ത്യ – യുഎഇ വ്യാപാര വളർച്ച 4.6 ലക്ഷം കോടി രൂപയായി (5780 കോടി ഡോളർ) ഉയർന്നു. സാമ്പത്തിക വർഷത്തിലെ ആദ്യ 8 മാസത്തെ കണക്കിൽ (ഏപ്രിൽ – നവംബർ) മൊത്തം വ്യാപാര വളർച്ച 27.5 ശതമാനമായി. ഇന്ത്യയിൽ നിന്നു യുഎഇയിലേക്കുള്ള കയറ്റുമതിയിൽ 19.32% വളർച്ച രേഖപ്പെടുത്തി. കയറ്റുമതിയിൽ മാത്രം നേടിയത് 1.6 ലക്ഷം കോടി രൂപ (2080 കോടി ഡോളർ). മുൻ വർഷത്തെ അപേക്ഷിച്ച് 26800 കോടി രൂപയുടെ (335 കോടി ഡോളർ) വർധന.

 

ചരിത്രപരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സെപ കരാറിൽ ഇന്ത്യൻ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും ഒപ്പിട്ടതിന്റെ വാർഷിക ആഘോഷ പരിപാടിയിലാണ് ആദ്യ 8 മാസത്തെ കണക്കുകൾ അവതരിപ്പിച്ചത്. സെപ കേവലം സാമ്പത്തിക കരാർ എന്നതിലുപരി ഇരു രാജ്യങ്ങൾക്കും ഇടയിലെ വിശ്വാസം വളർത്തുന്ന സുപ്രധാന നാഴികക്കല്ലായി മാറിയെന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യ – യുഎഇ സഹകരണം പോലെ മറ്റൊന്നു ലോകത്ത് ഒരിടത്തും കാണാൻ കഴിയില്ല.

 

പരസ്പര വ്യാപാരം എന്നത് ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ദുബായ് ചേംബേഴ്സ് എന്നിവർ ചേർന്നാണ് സെപയുടെ ഒന്നാം വാർഷികം ആഘോഷിച്ചത്. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി അൽ സെയൂദി മുഖ്യാതിഥിയായിരുന്നു.

 

വ്യാപാരം, നിക്ഷേപം, ആരോഗ്യ സേവനം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും സഹകരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാരം 10000 കോടി യുഎസ് ഡോളറിലേക്ക് എത്തിക്കുകയാണ് സെപയുടെ ഇപ്പോഴത്തെ ലക്ഷ്യം. കരാർ ഒപ്പിട്ടത് ഫെബ്രുവരി 18ന് ആണെങ്കിലും സെപ നടപ്പിലായത് മേയ് 1ന് ആണ്.

 

10 മാസത്തിനിടയിൽ നിർണായക വളർച്ച നേടാൻ ഇരു രാജ്യങ്ങൾക്കുമായെന്നു വിവിധ ചേംബറുകളുടെ പ്രതിനിധികൾ പറഞ്ഞു. കരാറിന്റെ ഭാഗമായി ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി രാജ്യമായി യുഎഇ മാറി. ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപ രാജ്യമായി യുഎഇ വളർന്നുവെന്നും പ്രതിനിധികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com