ADVERTISEMENT

ദുബായ്∙ ഇന്ത്യ – യുഎഇ വ്യാപാര ബന്ധവും നിക്ഷേപ അന്തരീക്ഷവും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു യുഎഇ – ഇന്ത്യ ബിസിനസ് കൗൺസിൽ നിലവിൽ വന്നു. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ചതാണ് യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ.

Also read: പ്രാഥമിക തൊഴിൽ പെർമിറ്റ് ജോലി ചെയ്യാനുള്ള അനുമതിയല്ല: നടപടികൾ വ്യക്തമാക്കി മന്ത്രാലയം

ഇന്ത്യ – യുഎഇ ഉഭയകക്ഷി വ്യാപാരം 8 ലക്ഷം കോടി രൂപയിൽ (10000 കോടി ഡോളർ) എത്തിക്കുക, ഇന്ത്യയിൽ യുഎഇയുടെ നിക്ഷേപം 6 ലക്ഷം കോടി രൂപയിൽ (7500 കോടി ഡോളർ) എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ സഫലീകരിക്കാൻ ഇരു രാജ്യങ്ങൾക്കും ഇടയിൽ പാലമായി ബിസിനസ് കൗൺസിൽ പ്രവർത്തിക്കും.

കൗൺസിലിന്റെ ആദ്യ ചെയർമാനായി മലയാളി വ്യവസായി ഫൈസൽ കോട്ടിക്കൊള്ളോൻ തിരഞ്ഞെടുക്കപ്പെട്ടു. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ബിസിനസ് കൗൺസിൽ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. ഇന്ത്യൻ, ഇമറാത്തി വ്യവസായികൾക്ക് നിക്ഷേപ രംഗങ്ങളിൽ ബിസിനസ് കൗൺസിൽ വഴികാട്ടിയാകും. ഇന്ത്യയിലെ സ്ഥാപനങ്ങൾക്കു യുഎഇയിലും തിരിച്ചും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ബിസിനസ് കൗൺസിൽ മാർഗ നിർദേശം നൽകും.

ഇരു രാജ്യങ്ങൾക്കും ഇടയിൽ പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനും വ്യാപാര, വാണിജ്യ സഹകരണം മെച്ചപ്പെടുത്തി കൂടുതൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനും പുതിയ സംവിധാനം സഹായം ചെയ്യും. ഇരു രാജ്യങ്ങളിലെയും പ്രധാന നിക്ഷേപകരും കമ്പനികളും കൗൺസിലിൽ അംഗങ്ങളാണ്. ചെയർമാനെ കൂടാതെ മലയാളി വ്യവസായികളായ സിദ്ധാർഥ് ബാലചന്ദ്രനും അദീബ് അഹമ്മദും കൗൺസിലിൽ അംഗങ്ങളാണ്.

ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ ദൃഢമാക്കുന്ന നിർണായക മുഹൂർത്തമാണു ബിസിനസ് കൗൺസിൽ പ്രഖ്യാപനമെന്നു യുഎഇ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾക്ക് ഇടയിൽ കൗൺസിലിന്റെ സാന്നിധ്യം നിർണായകമാകും. പരസ്പര സഹകരണം കൂടുതൽ വൈവിധ്യവൽക്കരിക്കാൻ കൗൺസിൽ പ്രേരക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ മേൽനോട്ടത്തിൽ, ദുബായ് ചേംബർ ഓഫ് കൊമേഴ്സിനു കീഴിൽ വാണിജ്യ വ്യവസായ സംരംഭമായി കൗൺസിൽ പ്രവർത്തിക്കും. അബുദാബിയിലാണ് ആസ്ഥാനം. യുഎഇ മുഴുവൻ പ്രവർത്തനാനുമതിയുണ്ട്. രാജ്യത്തെ ഏത് എമിറേറ്റിലും വ്യാപാര, നിക്ഷേപ സാഹചര്യങ്ങളെ കൗൺസിലിനു പ്രയോജനപ്പെടുത്താം. പ്രഖ്യാപന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com