ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പ് അലങ്കാരങ്ങളുടെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നടപ്പാക്കിയ സീനാ പദ്ധതിയിലെ ജേതാക്കളെ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാൻ വ്യക്തികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും തങ്ങളുടെ വീടുകളും ഓഫിസുകളും സ്‌കൂളുകളും അലങ്കരിക്കാൻ അവസരം നൽകി തുടക്കമിട്ടതാണ് സീനാ പദ്ധതി.

Read also : യുഎഇയിൽ നിത്യോപയോഗ സാധന വില കുത്തനെ കുറഞ്ഞു

ഏറ്റവും മികച്ച അലങ്കാരങ്ങൾക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കിന്റർഗാർട്ടൻ-സ്‌കൂൾ വിഭാഗത്തിൽ അൽ സലാം, അൽ സഫീർ ഇന്റർനാഷനൽ കിന്റർഗാർട്ടൻ, ജെംസ് അമേരിക്കൻ അക്കാദമി, അറബ് ഇന്റർനാഷനൽ അക്കാദമി തുടങ്ങി 15 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവാർഡ്. സർവകലാശാലകളിൽ ലുസെയ്ൽ, ദോഹ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്‌നോളജി, ഖത്തർ സർവകലാശാലയിലെ കോളജ് ഓഫ് എൻജിനീയറിങ് എന്നിങ്ങനെ 3 എണ്ണത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

നഗരസഭകളിൽ ദോഹ, അൽ റയാൻ, അൽ ദായീൻ എന്നിവയാണ് ജേതാക്കൾ. പൊതു-സ്വകാര്യ മേഖലാ വിഭാഗത്തിൽ  കൊമേഴ്‌സ്യൽ ബാങ്ക്, ഹയാത്ത് പ്ലാസ, റോയൽ പ്ലാസ, യുഡിസി, അഫ്ഗാൻ എംബസി, ഖത്തർ മീഡിയ കോർപറേഷൻ തുടങ്ങി 18 ജേതാക്കളാണുള്ളത്. കിന്റർഗാർട്ടൻ, സ്‌കൂളുകൾ വിഭാഗത്തിലെ ജേതാക്കളിൽ ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 40,000, 30,000, 20,000 റിയാൽ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ട്രോഫിയും ലഭിക്കും. സർവകലാശാലകളിൽ ഒന്നാം സ്ഥാനക്കാർക്ക് 60,000 റിയാൽ, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 40,000 റിയാൽ വീതവുമാണ് ക്യാഷ് പ്രൈസ്.

നഗരസഭകൾ, പൊതു-സ്വകാര്യ മേഖലയിലെ ജേതാക്കൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ് ലഭിക്കുന്നത്. വീടുകളും തൊഴിലിടങ്ങളും സ്‌കൂളുകളും സർവകലാശാലകളും കെട്ടിടങ്ങളും മനോഹരമായാണ് ലോകകപ്പിനായി വ്യക്തികളും സ്‌കൂളുകളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും അലങ്കരിച്ചത്. ഇതിനു പുറമേ പൊതു ഇടങ്ങളും റോഡുകളുമെല്ലാം അഷ്ഗാലും അലങ്കരിച്ചിരുന്നു.

ഖത്തറിന്റെ സാംസ്‌കാരിക പൈതൃകവും ഫുട്‌ബോളിനോടുള്ള അഭിനിവേശവും ഫിഫ ലോകകപ്പ് ആതിഥേയത്വവും പ്രതിഫലിപ്പിച്ചു കൊണ്ടായിരുന്നു അലങ്കാരങ്ങൾ. അഷ്ഗാലിന്റെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള മേൽനോട്ടകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സീനാ പദ്ധതി നടപ്പാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com