ADVERTISEMENT

ദമാം∙  "ദൈവത്തിന് സ്തുതി, ഞങ്ങൾ സുരക്ഷിതമായി ഇറങ്ങി" – തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാന (ഐഎക്സ്385) ത്തിലെ യാത്രക്കാരനായ, അൽ ഖോബാറിൽ കുടുംബമായി താമസിക്കുന്ന കോഴിക്കോട് സ്വദേശി യൂനിസ് പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്  ഇന്ന് ഉച്ചയ്ക്ക് 12.15ന് തകരാർ കണ്ടെത്തിയതിനെ തുടർന്നു തിരുവനന്തപുരത്തു സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. 

വിമാനം പറന്നു തുടങ്ങി ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ സാങ്കേതിക തകരാർ കൊണ്ടു വിമാനം തിരിച്ചിറക്കുമെന്നു ജീവനക്കാർ അറിയിക്കുമ്പോൾ മിക്ക യാത്രക്കാരും പാതി ഉറക്കത്തിലായിരുന്നു. അതിരാവിലെ വിമാനത്താവളത്തിൽ എത്തിയവരായിരുന്നു യാത്രക്കാരിൽ മിക്കവരും അതുകൊണ്ടു തന്നെ വിമാനം പറന്നു തുടങ്ങുമ്പോഴേക്കും ഉറക്കം പിടിച്ചു തുടങ്ങി. തിരുവനന്തപുരത്താണു വിമാനം തിരിച്ചിറക്കുന്നതെന്ന് അറിയിപ്പ് വന്നപ്പോഴും അടിയന്തിര ലാൻഡിങ് നടത്തുകയാണെന്നു പറയാതിരുന്നത് തങ്ങൾക്കു പരിഭ്രാന്തി ഒഴിവാക്കാൻ സഹായിച്ചതായി യാത്രക്കാർ പറയുന്നു. അറിയിപ്പ് കിട്ടി ഒന്നര മണിക്കൂറോളം കഴിഞ്ഞാണു ലാൻഡിങ് നടന്നത്. ഇന്ധനം കാലിയാക്കുന്നതിനാണു സമയം എടുത്തതെന്നു പിന്നീടാണു മനസിലാക്കിയത്.

airport-air-india-express-flight1

പറന്നുയരുമ്പോൾ ചെറിയ തോതിൽ അസാധാരണമായ ഒരു കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായും ഈ വിവരം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും വിമാനത്തിന്റെ പിൻഭാഗത്ത് യാത്ര ചെയ്തവർ പറഞ്ഞു. ഇന്ധനം കാലിയാക്കി വട്ടം ചുറ്റി പറക്കുമ്പോൾ വിമാനത്തിനകത്ത് പരമാവധി തണുപ്പിൽ എസി പ്രവർത്തിപ്പിച്ചിരുന്നു.

യാത്രക്കാർക്കു പരിഭ്രാന്തിയുണ്ടാക്കാതെ ജീവനക്കാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

airport1

ഒടുവിൽ സാധാരണ പോലെ സുരക്ഷിതമായി ലാൻഡിങ് നടത്തിക്കഴിഞ്ഞ് പത്ത്, പതിനഞ്ച് മിനിറ്റോളം വിമാനത്തിനുള്ളിൽ ഇരിക്കുന്നതിനും നിർദേശം ലഭിച്ചു. തുടർന്ന് സാധാരണ പോലെ ഹാൻഡ് ബാഗുകളുമായി പുറത്തിറങ്ങി. പുറത്തെത്തിയപ്പോൾ മാത്രമാണ് മിക്കവർക്കും സാഹചര്യത്തിന്റെ ഗൗരവം പിടി കിട്ടിയത്. വിമാനത്തിൽ 25 - ഓളം കുട്ടികളും കുടുംബങ്ങളുമടക്കം 176 യാത്രക്കാരാണുള്ളത്. തകരാർ പരിഹരിച്ചതിനെ തുടർന്ന് അതേ വിമാനം ഐഎക്സ 385 യാത്രക്കാരുമായി ഇന്ന് രാത്രി ദമാമിൽ ഇറങ്ങും. പൈലറ്റടക്കം പുതിയ ജീവനക്കാരാകും വിമാനത്തിൽ ഉണ്ടാവുക.

English Summary: Air india express flight safe landed in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com