ADVERTISEMENT

ദുബായ്∙ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്(ജിഡിആർഎഫ്എ) കഴിഞ്ഞ ദിവസം ദെയ്റ സിറ്റി സെന്ററിൽ നടത്തിയ "എ ഹോംലാൻഡ് ഫോർ ഓൾ" പദ്ധതി വ്യക്തമാക്കുന്നത് സ്വന്തം നാട്ടിലേക്കു പോകാനാകാതെ പൊതുമാപ്പ് പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിനു പേർ യുഎഇയിലുണ്ടെന്നാണ്. വീസാ കാലാവധി കഴിഞ്ഞു വൻതുക പിഴയൊടുക്കാനാകാത്തതാണ് ഇത്രയേറെ പേർ കുടുങ്ങിക്കിടക്കാൻ കാരണം. 

വീസ ഓവർ സ്റ്റേ ആയി നിൽക്കുന്നവർക്കു പിഴയോ മടങ്ങിവരവിനുള്ള വിലക്കോ ഇല്ലാതെ സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള സുവർണാവസരമാണു പൊതുമാപ്പ് നൽകുന്നത്. വീസ ഏതു തരത്തിൽ ഉള്ളതുമാകട്ടെ, ഈ പദ്ധതി വഴി നിങ്ങൾക്ക് സ്വദേശത്തേക്കു മടങ്ങിപോകാൻ അവസരം ലഭിക്കുന്നു. മുൻകാലങ്ങളിൽ നടന്ന പൊതുമാപ്പിലൂടെ ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന് പേരാണ് സ്വന്തം രാജ്യത്തേക്കു തിരിച്ചുപോയത്. ഇവരിൽ പലരും പിന്നീട് തിരിച്ചെത്തി തൊഴിൽ വീസയിൽ നല്ല രീതിയിൽ ജോലി ചെയ്തു കുടുംബത്തിന് തണലേകുന്നുണ്ട്.

alaveer
കഴിഞ്ഞ പൊതുമാപ്പ് വേളയിൽ അൽ അവീർ കേന്ദ്രത്തിലെ ദൃശ്യം( ഫയൽ ചിത്രം)

10 വർഷത്തിന് മുകളിൽ ഓവർ സ്റ്റേ ആയ ആളുകൾക്ക് പോലും ഒരു പരിഹാരം ഇവിടെ കാണാനാകും. ഈ പദ്ധതി വഴി വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് വിദേശത്തേക്കു മടങ്ങുവാൻ ഔട്ട്‌ പാസ് എടുത്താൽ മതിയാകുന്നു. 2019ലാണ് യുഎഇയിൽ ഏറ്റവുമൊടുവിൽ പൊതുമാപ്പ് അനുവദിച്ചത്. അഞ്ചു മാസത്തെ പദ്ധതിയിലൂടെ 105,000-ലേറെ പേർക്ക് പ്രയോജനം ലഭിച്ചതായി ജിഡിആർഎഫ്‌എ അറിയിച്ചിരുന്നു. 13,843 പേർ നിയമവിരുദ്ധമായി താമസിക്കുന്നവരായി മാറി. ഇ യുഎഇ ഗവൺമെന്റ് പ്രവാസികൾക്ക് നൽകുന്ന ഏറ്റവും വലിയ പുണ്യമാണ് പൊതുമാപ്പ്. ഒട്ടേറെ കുടുംബങ്ങളുടെ പ്രയാസങ്ങൾ ഇതുവഴി ഇല്ലാതായി. എന്നാൽ, പ്രവാസികൾ പ്രതിസന്ധികളിൽപ്പെടുന്നത് അതിനു ശേഷവും തുടരുന്നു. ഒട്ടേറെ പ്രവാസികൾ വീസ കാലാവധി കഴിഞ്ഞു പിഴ ചുമഴ്ത്തപ്പെട്ടു ദുരിതത്തിൽ കുടുങ്ങിക്കിടക്കുന്നതായും തങ്ങൾക്ക് തിരിച്ചുപോകാൻ എന്താണു പോംവഴിയെന്ന് ആരാഞ്ഞ് തന്നെ സമീപിക്കുന്നതായും യുഎഇയിലെ പ്രമുഖ മലയാളി അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ തൃശൂർ സ്വദേശി അഡ്വ. പ്രീത ശ്രീറാം മാധവ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

അഡ്വ.പ്രീത ശിവറാം മാധവ്
അഡ്വ.പ്രീത ശ്രീറാം മാധവ്

നിയമപ്രശ്നങ്ങളിൽപ്പെട്ടാൽ 'പെട്ടു'

സാമ്പത്തിക ബാധ്യതകളും പിഴകളും അടക്കാനാകാതെ നിയമപ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാണു തിരിച്ചുപോകാനാത്തവരിൽ വലിയൊരു ശതമാനവും പേർ. സന്ദർശകവീസയിൽ ജോലി അന്വേഷിച്ചു വന്നു നിശ്ചിതസമയത്തിനുള്ളിൽ തൊഴിൽ കണ്ടെത്താനാകാതെ ഒാവർസ്റ്റേ ആയിത്തീരുന്നവർ ഏറെയാണ്. പിഴ തുക പൂർണമായും അടച്ചു തീർക്കാൻ യാതൊരു വിധ നിർവാഹവും ഇല്ലാത്തവരായതു കൊണ്ടുതന്നെ അവർ ഒളിവിലും മറവിലും ഈ രാജ്യത്തു ജീവിക്കുന്നു. ശമ്പളം ലഭിക്കാത്തതിനാലും തൊഴിൽപീഡനങ്ങളാലും ജോലി ചെയ്തിരുന്ന കമ്പനികളിൽ നിന്ന് ഒളിച്ചോടുകയും പിന്നീട് തൊഴില്‍ വീസാ കാലാവധി കഴിയുകയും ചെയ്യുന്നവരും ഒട്ടേറെയുണ്ട്. ഇവരിൽ മറ്റു ചില്ലറ തൊഴിലിലേ‍ർപ്പെട്ടു കഴിയുന്നവരാണ് ഭൂരിഭാഗവും. കൂടാതെ, ക്രെഡിറ്റ് കാർഡ് വഴിയെടുത്ത വൻ തുക തിരിച്ചടക്കാനാകാതെ കേസിൽപ്പെട്ടവർ, ബാങ്ക് വായ്പ തിരിച്ചടക്കാനാകാത്ത കേസില്‍ കുടുങ്ങിയവർ, സിവിൽ, ക്രിമിനൽ, റെൻ്റൽ കേസുകളുള്ളവരൊക്കെയാണ് തിരിച്ചുപോകാൻ സാധിക്കാത്ത മറ്റുള്ളവർ. ശമ്പളകുടിശ്ശിക കിട്ടാനായി പലരും ലേബർ കോടതിയെ സമീപിക്കുകയും പരിഹാരം നീണ്ടുപോകുമ്പോൾ അവരുടെ വീസാ കാലാവധി കഴിയുകയും ചെയ്യുന്നു. ഇവരിൽ മിക്കവരുടെയും പാസ്പോർട് പലപ്പോഴും കമ്പനികളിലായിരിക്കും. ഇൗ കമ്പനി പിന്നീട് പൂട്ടിപ്പോകുന്നതോടെ തൊഴിലാളികൾ കെണിയിലാകുന്നു. ഇത്തരത്തിൽ ഒാവർസ്റ്റേ ആയവരും ഇക്കൂട്ടത്തിലുണ്ട്. 

കമ്പനി പ്രതിസന്ധിയിൽ; തൊഴിലാളികള്‍ കുടുങ്ങുന്നു

യുഎഇയിൽ നല്ല രീതിയിൽ കമ്പനി നടത്തുകയും പിന്നീട് പ്രതിസന്ധിയിൽപ്പെട്ട് ലൈസൻസ് പുതുക്കാനാകാതെയും വീസാകാലാവധി കഴിഞ്ഞും വലിയ തുക പിഴ ഒടുക്കാനാകാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളു‍ൾപ്പെടെ ഒരുപാട് കമ്പനിയുടമകൾ ഉണ്ട്. കമ്പനി ഉടമസ്ഥർക്ക്‌ അല്ലെങ്കിൽ പാർട്ണർമാർക്ക് കേസുകൾ ഉണ്ടെങ്കിൽ അതിന് പരിഹാരം കണ്ട് തൊഴിലാളികളുടെ ബാധ്യതകൾ തീർക്കാതെ നാട്ടിലേയ്ക്ക് പോകാനാവില്ല. എന്നാൽ, പിഴ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ തീർത്താൽ പുതിയ വിസയിലേയ്ക്ക് മറാനോ അല്ലെങ്കിൽ ഔട്ട്പാസ് എടുത്തു പോകാനോ സാധിക്കും. കൂടാതെ വർഷങ്ങളായി കമ്പനി ലൈസൻസ് പുതുക്കാത്ത പക്ഷം ആ ബാധ്യത കൂടി തീർത്ത ശേഷം മാത്രമേ പോകുവാൻ സാധിക്കുകയുള്ളു. വീസ ഓവർസ്റ്റേ ഫൈൻ അടച്ചു തീർത്തതിനു ശേഷം ആണു പോകുന്നതെങ്കിൽ ഇത്തരക്കാർക്ക് യുഎഇയിൽ തിരികെ വരാനാകും. പക്ഷേ അടയ്ക്കാത്ത പക്ഷം തിരികെ വരാൻ സാധിക്കില്ല എന്നോർക്കണം. 

സിവിൽ, ക്രിമിനൽ കേസുകളിൽപ്പെടുന്ന പ്രവാസികളേറെ

ഇന്ന് നമുക്ക് കൂടുതലായും  കാണാനാകുന്നത് നിയമപരമായ പ്രശ്നങ്ങളിൽ അതായത് സിവിൽ കേസ്, ക്രിമിനൽ കേസുകളിൽപ്പെട്ട് പ്രതിസന്ധിയിലായവരെയാണ്. ഇവരിൽ ഏറെയും വാടക തർക്ക കേസുകളിൽ ഉൾപ്പെട്ടവരും. നിയമ പ്രശ്നങ്ങൾ പരിഹരിച്ചു ഇത്തരം ആളുകൾക്ക് വീസ ഓവർസ്റ്റേ മാറ്റി  സ്വദേശത്തേയ്ക്കു മടങ്ങാൻ സാധിക്കും. കൂടാതെ കമ്പനി ഉടമ അബ്സ്കോൻഡിങ്(ഒളിച്ചോടൽ) പരാതി നൽകുന്നതിലൂടെ പലരും വീസ ഓവർ ആയി കുടുക്കിൽപ്പെടുന്നു. ഇത്തരത്തിലുള്ളവർക്ക് കേസ് പൂർണമായും ക്ലിയർ ചെയ്തതിനു ശേഷം മാത്രമേ ഔട്ട്‌ പാസിനെ ആശ്രയിക്കാനാകുകയുള്ളൂ. കേസ് ബാധ്യതകൾ തീർത്തതിന് ശേഷം എമിഗ്രേഷനിൽ പോയി ഔട്ട്പാസ് ടൈപ്പ് ചെയ്ത് ടിക്കറ്റും ബുക്ക്‌ ചെയ്ത് പോകാവുന്നതാണ്. കേസുകൾ ക്ലിയർ ആകാത്തത് കൊണ്ടാണ് ഇവർക്കു സ്വദേശത്തേയ്ക്ക് മടങ്ങുവാൻ സാധിക്കാത്തത്. 

ഒൗട്ട്പാസ് പോലും അസാധ്യം; ഇന്ത്യൻ സർക്കാർ ഇടപെടണം

കേസുകളാൽ  കുടുങ്ങി ഔട്ട്‌ പാസ് പോലും എടുക്കാൻ സാധിക്കാത്തവരുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടണമെന്നാണു തന്റെ ആവശ്യമെന്ന് അ‍ഡ്വ.പ്രീത പറഞ്ഞു. യുഎഇയിൽ സാമ്പത്തികമല്ലാത്ത കേസുകളിൽപ്പെടുന്നവർക്ക് മറ്റൊരു വീസയിലേക്കു മാറാനുള്ള അവസരം ലഭിച്ചാൽ ഒട്ടേറെ പേർ പ്രതിസന്ധിയിൽ നിന്ന് കരകയറും. അതേസമയം, അറസ്റ്റ് വാറണ്ടുള്ളവർ നിശ്ചിത സമയത്തിനുള്ളിൽ അത് മാറ്റി ഇവിടെത്തന്നെ ജോലി ചെയ്ത് സാമ്പത്തിക ബാധ്യതകൾ തീർത്ത് ഇവിടെത്തന്നെ തുടരാവുന്നതുമാണ്.

കൂടാതെ ഒരു പ്രായ പരിധി കഴിഞ്ഞവർക്ക്, അതായത് 70 വയസിനു മുകളിലുള്ള നിരവധി പേർ ഇത്തരം അവസ്ഥയിൽ ഉള്ളതായി കാണുന്നു. സിവിൽ കേസ്, റെന്റൽ കേസ് പോലുള്ള പ്രശ്നങ്ങളിൽ അകപ്പെട്ടവരാണ് ഇവരിൽ മിക്കവരും. അവരുടെ പ്രായം കണക്കിലെടുത്തു എതിർ പാർട്ടി യുമായി സംസാരിച്ചു സമവായമുണ്ടാക്കി പരിഹാരം കാണാൻ സാധിച്ചാൽ ഒട്ടേറെ പേർക്ക് തങ്ങളുടെ ജീവിതത്തി‍ൻ്റെ അവസാനകാലത്തെങ്കിലും സ്വന്തം മണ്ണിൽ ബന്ധുക്കളോടൊപ്പം കഴിയാൻ സാധിക്കും. യുഎഇയുമായി മികച്ച നയതന്ത്രം പുലർത്തുന്ന ഇന്ത്യൻ ഗവൺമെന്റിന് ഈ കാര്യത്തിൽ ഏതെങ്കിലും നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു കാര്യമായിരിക്കും.

ഏറ്റവും കൂടുതൽ സിവിൽ, റെന്റൽ കേസുകൾ

യുഎഇയിൽ സ്വദേശത്തേക്കു തിരിച്ചുപോകാനാതെ കുടുങ്ങിക്കിടക്കുന്നവരിൽ  ഏറ്റവും കൂടുതൽ സിവിൽ, റെന്റൽ കേസുകളിൽപ്പെട്ടവരാണെന്ന് അഡ്വ.പ്രീത പറയുന്നു. ഇതിൽത്തന്നെ വാടക കൊടുക്കാനാതെ കേസുകളിൽപ്പെട്ട് കഴിയുന്ന കുടുംബങ്ങളും ഏറെയാണ്. ഇവരിൽ പലർക്കും അറസ്റ്റ് വാറണ്ട് പോലുമുണ്ട്. ഇവർ കൊടുക്കാനുള്ളതിൻ്റെ 30% അടച്ചാൽ മാത്രമേ അറസ്റ്റ് വാറണ്ട് നീങ്ങുകയുള്ളൂ. അതുവരെ വീസ റദ്ദാക്കാനോ, പുതിയത് അടിക്കാനോ സാധ്യമല്ല. ഇത്തരത്തിൽ രണ്ടുമല്ലാത്ത അവസ്ഥയിൽ നിൽക്കുന്നവർക്ക് ജോലിക്ക് പോകാനോ ബിസിനസ് തുടരാനോ, വരുമാനമുണ്ടാക്കാനോ കഴിയുന്നില്ല. ഇവരെ കൂടി പൊതുമാപ്പിൻ്റെ പരിധിയിൽക്കൊണ്ടുവന്നാൽ ഒട്ടേറെ പേർക്ക് ഗുണകരമാകും.

ദെയ്റ സിറ്റിസെൻ്ററിലെത്തിയത് ആയിരക്കണക്കിന് പേർ

കാലാവധി കഴിഞ്ഞതടക്കമുള്ള വീസാ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പരിഹാരത്തിന് സുവർണാവസരം നൽകി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്എ) ദെയ്‌റ സിറ്റി സെന്ററിൽ കഴിഞ്ഞമാസം 25 മുതൽ 27 വരെ ന‌ടത്തിയ  'എല്ലാവർക്കും ഒരു ഹോംലാൻഡ്' എന്ന ത്രിദിന ക്യാംപെയിനിൽ  ആളുകളുടെ പ്രവാഹമായിരുന്നു. വീസയിൽ പ്രശ്നങ്ങളുള്ള താമസക്കാർ, സന്ദർശകർ, വിനോദസഞ്ചാരികൾ തുടങ്ങിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇവിടെയെത്തി. അനുവദിച്ചതിലും കൂടുതൽ താമസിച്ചവരും കാലഹരണപ്പെട്ട രേഖകളുള്ളവരും ഉൾപ്പെടെ, വീസയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളവരെ സഹായിക്കാൻ ദെയ്‌റ സിറ്റി സെന്ററിലെ ഒരു സ്റ്റാളിൽ ജിഡിആർഎഫ്എ അധികൃതർ ഉണ്ടായിരുന്നു. എന്നാൽ, ആളുകളുടെ ബാഹുല്യം കാരണം പരിഹാര നിർദേശങ്ങൾ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുകയാണുണ്ടായത്. നിങ്ങൾ 10 വർഷത്തോളം അധികമായി താമസിച്ചാലും തങ്ങളുടെ ജീവനക്കാർ നിങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. യുഎഇയിൽ, അനുവദനീയമായ വീസാ കാലയളവ് കവിഞ്ഞുള്ള ഒാരോ ദിവസത്തിനും 50 ദിർഹമാണ് പിഴ. അഡ്വ.പ്രീത ശ്രീറാം മാധവിനെ ബന്ധപ്പെടേണ്ട നമ്പർ:+971 52 731 8377.

English Summary : GDRFA announces a home land for all amnesty project

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com