ADVERTISEMENT

അബുദാബി∙ 6 മാസം നീണ്ട ബഹിരാകാശ വാസത്തിന് സുൽത്താൻ അൽ നെയാദിയും സംഘവും പുറപ്പെട്ടത് കരഘോഷത്തോടെയാണ് ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും നാസയും സ്വീകരിച്ചത്.

Read also : യുഎഇ സന്ദർശക, ടൂറിസ്റ്റ് വീസ ബോട്ടിം ആപ്പ് വഴി

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിക്ഷേപണത്തിനു സാക്ഷിയാകാൻ റാഷിദ് സ്പേസ് സെന്ററിൽ നേരിട്ടെത്തി. രാജ്യത്തിന്റെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽനിന്ന് വിക്ഷേപണം തത്സമയം കാണുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽനിന്ന് വിക്ഷേപണം തത്സമയം കാണുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

 

"ദൈവത്തിന് നന്ദി... ഞങ്ങൾ ബഹിരാകാശത്തേക്ക് പ്രവേശിച്ചു. മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, ഭരണാധികാരികൾ, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ, പരിശീലകർ തുടങ്ങി വിക്ഷേപണത്തിനു ഞങ്ങളെ ഒരുക്കിയ എല്ലാവർക്കും നന്ദി' .വിക്ഷേപണം സാധ്യമാക്കിയ നാസയ്ക്കും സ്‌പേസ് എക്‌സിനും നന്ദി: ഭ്രമണപഥത്തിൽ എത്തിയപ്പോൾ ഡ്രാഗൺ ക്യാപ്‌സ്യൂളിനുള്ളിൽ നിന്ന് സുൽത്താൻ അൽ നെയാദിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. 

 

‘ബഹിരാകാശ യാത്രകൾ തുടരെ; രാജ്യം സജ്ജം’

 

അബുദാബി∙ ബഹിരാകാശ യുഗത്തിന് സജ്ജമാണെന്നു  3–5 വർഷങ്ങൾ ഇടവിട്ട് ബഹിരാകാശ സഞ്ചാരികളെ അയയ്ക്കാൻ തയാറാണെന്നും വ്യക്തമാക്കി  യുഎഇ. ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിനായി സുൽത്താൻ അൽ നെയാദിയെ വിജയകരമായി അയച്ചതിനെ തുടർന്ന് നാസയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) ഡയറക്ടർ ജനറൽ സാലിം അൽ മർറി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ദീർഘകാല സഞ്ചാരിയെ അയയ്ക്കുന്ന പതിനൊന്നാമത്തെ രാജ്യമാണ് യുഎഇ.

 

നിലവിൽ നാസയിൽ യുഎഇയുടെ 4 ബഹിരാകാശ സഞ്ചാരികൾ പരിശീലനം നടത്തുന്നുണ്ട്. അവരെയും 3–5 വർഷങ്ങൾക്കിടെ ബഹിരാകാശത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഹ്രസ്വകാല, ദീർഘകാല ദൗത്യങ്ങളും ഇതിൽ ഉൾപ്പെടുമെന്നും സാലിം അൽമർറി വ്യക്തമാക്കി. 2019ൽ ഹസ്സ അൽ മൻസൂരിയുടെ 9 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ നിന്ന് യുഎഇ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതിൽനിന്നാണ് ദീർഘകാല തന്ത്രം ആവിഷ്ക്കരിച്ചത്. മനുഷ്യരെയും വഹിച്ചുള്ള ബഹിരാകാശ യാത്ര മേഖലയിൽനിന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് യുഎഇയുടെ ശക്തമായ പങ്കാളിത്തമുണ്ടാകുമെന്നും അൽമർറി പറഞ്ഞു.

 

ഗവേഷണത്തിന് കരുത്തു പകരും

 

ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള മനുഷ്യ ജീവിതം, മൈക്രോഗ്രാവിറ്റിയിൽ പ്രത്യേക വസ്തുക്കൾ കത്തുന്നതെങ്ങനെ, ഹൃദയം, മസ്തിഷ്കം, തരുണാസ്ഥി എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ടിഷ്യു ചിപ്പ് ഗവേഷണം, ബഹിരാകാശ നിലയത്തിനു പുറത്തുനിന്നു സൂക്ഷ്മജീവ സാംപിളുകൾ ശേഖരിക്കുന്ന അന്വേഷണം തുടങ്ങിയ പരീക്ഷണങ്ങൾ ദൗത്യത്തിന്റെ ഭാഗമായി നടക്കും. ബഹിരാകാശ നിലയത്തിൽ ഫ്ലൈറ്റ് എൻജിനീയറായും സുൽത്താൻ അൽ നെയാദി സേവനമനുഷ്ഠിക്കും. 22 വർഷമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് മനുഷ്യർ നടത്തിവരുന്ന പരീക്ഷണങ്ങൾ കൂടുതൽ കരുത്തു പകരാനും വ്യാപകമാക്കാനും ക്രൂ6 വിക്ഷേപണ വിജയം സഹായിക്കുമെന്നു നാസയുടെ സ്പേസ് ഓപ്പറേഷൻസ് മിഷൻ ഡയറക്ടറേറ്റിന്റെ അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്റർ കാതറിൻ ലൂഡേഴ്സ് പറഞ്ഞു. മൈക്രോഗ്രാവിറ്റിയിൽ മാത്രം സാധ്യമായ പ്രധാനപ്പെട്ട ഗവേഷണങ്ങൾ വ്യാപകമാക്കാനാണ് നീക്കം. ബഹിരാകാശ നിലയത്തിൽ നടത്തുന്ന ഗവേഷണം ഭൂമിയിലുള്ള ആളുകൾക്ക് പ്രയോജനം ചെയ്യുന്നതിനായിരിക്കും മുൻതൂക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com