ദുബായ്∙ അങ്ങകലെ ആകാശത്തു നിന്നൊരു വിളി വന്നു, ഭൂമിയിലേക്ക്. വിളിയുടെ ഒരറ്റത്ത് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയായിരുന്നു, 400 കിലോമീറ്റർ അകലെ മറുതലയ്ക്കൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും.
Also read: യുഎഇ നല്ലോണം മോഡേണാ!; ആധുനിക രാജ്യങ്ങളുടെ പട്ടികയിൽ മേഖലയിൽ ഒന്നാം സ്ഥാനം
ഇരുവരും അറബിയിൽ സംസാരിച്ചത് ബഹിരാകാശ നിലയത്തിലെ വിശേഷങ്ങളായിരുന്നു. ഓരോ ദിവസവും നല്ല ജോലിത്തിരക്കാണെന്ന് സുൽത്താൻ പറഞ്ഞു. മാത്രമല്ല, ശരീരം ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. എങ്കിലും തിരക്കിനോ ജോലിക്കോ ഇതൊന്നും തടസ്സമല്ലെന്നും സുൽത്താൻ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ സ്വീകരണത്തിനു ശേഷം സുൽത്താൻ ഭൂമിയിലേക്കു നടത്തുന്ന ആദ്യ വിളിയായിരുന്നു ഇന്നലത്തേത്.
പറന്നു നടക്കുന്ന മൈക്ക് എത്തിപ്പിടിച്ചു സുൽത്താൻ സംസാരിക്കുന്നത് വിഡിയോ കോളിലൂടെ ഷെയ്ഖ് മുഹമ്മദ് കണ്ടു. ബഹിരാകാശ നിലയത്തിൽ ഇത് അഞ്ചാം ദിവസമാണ്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹെസ്സാ അൽ മൻസൂരിക്കു പിന്നാലെ കൂടുതൽ ഇമറാത്തികളെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന വാക്കു പാലിച്ചതിനു ഷെയ്ഖ് മുഹമ്മദിനോട് സുൽത്താൻ നന്ദി പറഞ്ഞു. ബഹിരാകാശ യാത്രയിൽ ഒപ്പം കരുതിയിരുന്ന സുഹൈൽ നക്ഷത്രത്തിന്റെ പാവയെയും വിഡിയോ കോളിൽ ഷെയ്ഖ് മുഹമ്മദിനെ കാണിച്ചു. നാലംഗ സഞ്ചാരികളിലെ അഞ്ചാമനായാണ് സുഹൈൽ പാവയെ സുൽത്താൻ വിശേഷിപ്പിക്കുന്നത്. സുഹൈൽ ബഹിരാകാശ നിലയത്തിലെ അന്തരീക്ഷവുമായി അതിവേഗം ഇണങ്ങിയെന്നു സുൽത്താൻ പറഞ്ഞതിനെ നിറചിരിയോടെയാണ് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലുള്ളവർ സ്വീകരിച്ചത്. സുൽത്താന്റെ വിളി കേൾക്കാൻ ആദ്യ സഞ്ചാരി ഹെസ്സാ അൽ മൻസൂരിയും ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ എത്തിയിരുന്നു.
രണ്ടു ദിവസം മുൻപ് സുൽത്താനുമായി ആശയ വിനിമയം നടത്തിയ ഹെസ്സാ, ബഹിരാകാശ നിലയത്തിൽ സുൽത്താൻ സന്തോഷമായി കഴിയുന്നതായി മാധ്യമങ്ങളോടു പറഞ്ഞു. ഭാരമില്ലാത്ത അവസ്ഥയെ അദ്ദേഹം സന്തോഷത്തോടെയാണ് ആസ്വദിക്കുന്നത്. സ്വപ്നം യാഥാർഥ്യമായതായി സുൽത്താൻ പറഞ്ഞതായും െഹസ്സ അറിയിച്ചു. സുൽത്താൻ അൽ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻസ് ഹോബർഗ്, റഷ്യൻ സഞ്ചാരി അൻഡ്രേ ഫെഡിയിവ് എന്നിവരുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്.