ദുബായ്∙ കുടുംബങ്ങൾക്ക് പലതവണ വന്നു പോകാവുന്ന തരത്തിലുള്ള 5 വർഷ ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ച് യുഎഇ. കുടുംബ ടൂറിസ്റ്റ് വീസ അപേക്ഷിക്കുന്നവർ ഇനി എല്ലാവരുടെയും വിവരങ്ങൾ ചേർത്ത് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഇതുവരെ, വീസ ആവശ്യമുള്ള ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണമായിരുന്നു.
Also read: മുത്തിന് പകരമാവില്ല സ്വത്ത്; കണ്ടുകിട്ടിയ തത്തയെ ഉടമസ്ഥന് തിരിച്ചു നൽകി
ഒറ്റ അപേക്ഷയിൽ 5 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കും. ഒരുമിച്ചു യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കുടുംബ ടൂറിസ്റ്റ് വീസയിൽ കുട്ടികൾക്ക് 18 വയസ്സിൽ കൂടാൻ പാടില്ല. വീസയുള്ളവർക്ക് 3 മാസം വരെ ദുബായിൽ കഴിയാം. മൊത്തം 6 മാസം വരെ നീട്ടുകയും ചെയ്യാം. ഐഡന്റിറ്റി, സിറ്റിസൻസ്ഷിപ്, കസ്റ്റംസ് ആൻഡ് പോർട് (ഐസിപി) ആണ് വീസ നൽകുന്നത്. ഐസിപിയുടെ സൈറ്റിൽ നേരിട്ട് അപേക്ഷിക്കാം.
ഇത്തരം അപേക്ഷകളിൽ സ്പോൺസർമാരുടെ ആവശ്യമില്ല. ട്രാവൽ ഏജന്റു വഴി ബുക്ക് ചെയ്യാനും കഴിയില്ല. ഓൺലൈൻ വഴി നേരിട്ട് ഐസിപിയെ സമീപിക്കണം.. കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനു മറ്റും സ്ഥിരമായി വന്നു പോകുന്നവർക്ക് ഓരോ തവണയും വീസയ്ക്ക് അപേക്ഷിക്കുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം.
വീസയ്ക്ക് അപേക്ഷിക്കാൻ
വീസയ്ക്ക് ഒരാൾക്ക് 750 ദിർഹം (16700 രൂപ) ചെലവുണ്ടാകുമെന്നാണ് ഐസിപി വെബ്സൈറ്റിൽ പറയുന്നത്. ഇതിനു പുറമേ സെക്യൂരിറ്റി ഡിപ്പോസിറ്റായി 3,025 ദിർഹവും (68000 രൂപ) ആവശ്യമുണ്ട്.
ആവശ്യമായ രേഖകൾ:
∙ കളർ ഫോട്ടോ
∙ പാസ്പോർട്ടിന്റെ പകർപ്പ്
∙ മെഡിക്കൽ ഇൻഷുറൻസ്
∙ മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്
∙ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്. കുറഞ്ഞത് 14,700 ദിർഹം (3.3 ലക്ഷം രൂപ) ബാലൻസ്.
∙ യുഎഇയിൽ താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ്. ഹോട്ടൽ ബുക്കിങ് രേഖയോ താമസിക്കുന്ന വീടിന്റെ രേഖയോ.