ADVERTISEMENT

അബുദാബി∙  നഷ്ടപ്പെട്ട മുത്തിനെ (തത്തയെ) തേടിയുള്ള അന്വേഷണത്തിൽ കിട്ടിയത് മറ്റൊരു തത്തയെ (സ്വത്ത്).  ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി മലയാളി കുടുംബം.

തൃശൂർ ചിറമനങ്ങാട് സ്വദേശി സൈനബ യൂസഫിന്റെ നഷ്ടപ്പെട്ട തത്തയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് വഴിയിൽനിന്ന് മറ്റൊരു തത്തയെ കിട്ടിയത്. ശുചീകരണ തൊഴിലാളികളാണ് തത്തയെ കിട്ടിയപ്പോൾ സൈനബിനു കൈമാറിയത്. ഇതു ഞങ്ങളുടെ മുത്തല്ല..., ഇതിനെ വേണ്ട എന്നു പറഞ്ഞെങ്കിലും നഷ്ടപ്പെട്ടതിനു പകരമാകട്ടെ എന്നു പറഞ്ഞ് അവർ തത്തയെയും കൈമാറി സ്ഥലം വിട്ടു. ഭക്ഷണവും വെള്ളവും നൽകി പരിചരിക്കുന്നതിനൊപ്പം ഉടമസ്ഥനെ കണ്ടെത്തി കൈമാറണമെന്നായി സൈനബയും കുടുംബവും. 3 വർഷത്തോളം മക്കളെ പോലെ നോക്കി വളർത്തിയ മുത്തിനെ നഷ്ടപ്പെട്ട വേദനയിൽ കണ്ണുനിറയാത്ത ദിവസങ്ങളില്ല. അപ്പോൾ ആ കുടുംബം എന്തുമാത്രം വേദനിക്കുന്നുണ്ടാകും എന്നു പറഞ്ഞ് ഫോട്ടോ എടുത്ത് വാട്സാപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. വൈകാതെ ഉടമസ്ഥൻ ‍പാക്കിസ്ഥാൻ സ്വദേശി ഡാനിഷ് എത്തി ഏറ്റുവാങ്ങി. 

Also read: ഇത് സർപ്രൈസ്! ദുബായ് ഭരണാധികാരി ഹൈപ്പർ മാർക്കറ്റിൽ, വിഡിയോ വൈറല്‍

മുത്തേ... എന്ന വിളി മുസഫ ഷാബിയയിലെ താമസക്കാർക്ക് സുപരിചിതമാണ്. ആ വിളി കേട്ടാൽ മുത്ത് എവിടെയുണ്ടെങ്കിലും തിരിച്ചറിയും. ചക്കരക്കുട്ടി ഉമ്മ താ പൊന്നേ... എന്നാകും അടുത്ത സംഭാഷണം. അത്രമാത്രം ആത്മബന്ധമാണ് മുത്തിന് സൈനബിനോട്. രാവിലെയും വൈകിട്ടും മുത്തിനെ അന്വേഷിച്ചുള്ള നടത്തം തുടങ്ങിയിട്ട് ആഴ്ചകളായി. മലയാളികളോടും മറുനാട്ടുകാരോടും മുത്തിനെ കണ്ടുകിട്ടിയാൽ തരണമെന്ന് പറഞ്ഞേൽപ്പിക്കും. ഭാഷ അറിയാത്തവർക്ക് വിഡിയോ കാണിച്ചാണ് നിറകണ്ണുകളോടെയുള്ള ആശയവിനിമയം. അതാണ് വഴിയിൽനിന്നൊരു തത്തയെ കിട്ടിയപ്പോൾ സൈനബിനെ ഏൽപിക്കാൻ ശുചീകരണ തൊഴിലാളികളെ പ്രേരിപ്പിച്ചതും.

മറ്റൊരു തത്തയെ കിട്ടിയപ്പോൾ ഉടമയെ കണ്ടെത്തി കൈമാറാനുള്ള  വ്യഗ്രതയായി. അഞ്ചാം ദിവസമാണ് ഉടമസ്ഥൻ എത്തിയത്. അപ്പോഴേക്കും സ്വത്ത് ഇണങ്ങിവന്നു തുടങ്ങി. ആദ്യം പോകാൻ വിസമ്മതിച്ചെങ്കിലും ഡാനിഷ് കയ്യിലെടുത്തതോടെ നെഞ്ചത്തു ചേർന്നുകിടന്ന് യാത്രയായി.

എത്ര വൈകിയാലും മുത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സൈനബും കുടുംബവും. പിറന്നു മൂന്നാം ദിവസം ലഭിച്ച മുത്തിന് പുറംലോകവുമായി വലിയ ബന്ധമില്ല. മനുഷ്യരുമായാണ് സഹവാസം. ആളുകളുടെ തലയിൽ പറന്നിറങ്ങി സംസാരം തുടങ്ങും. അതുകൊണ്ടുതന്നെ ഇണക്കമുള്ള തത്തയെ കിട്ടിയാൽ ആരും തിരിച്ചുനൽകില്ലല്ലോ. ഏതെങ്കിലും കുടുംബത്തോടൊപ്പം കഴിയുന്നുണ്ടാകും മുത്ത് എന്ന ആശ്വാസത്തിലാണ് സൈനബ്. എങ്കിലും മുത്തിനെ സംരക്ഷിക്കുന്നവരോട് ഒരു അപേക്ഷയുണ്ട്... ഞങ്ങളുടെ മുത്തിനെ തിരിച്ചു തരൂ.... നിങ്ങൾക്കു വേറൊരു തത്തയെ വാങ്ങിത്തരാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com