അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ന് 62–ാം ജന്മദിനം.1961 മാർച്ച് 11 ന് അൽ ഐനിൽ ജനിച്ച ഷെയ്ഖ് മുഹമ്മദ് യുഎഇ രാഷ്ട്ര പിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂന്നാമത്തെ മകനാണ്. അൽ ഐനിലും അബുദാബിയിലുമായിരുന്നു വിദ്യാഭ്യാസം. 1971 ഡിസംബറിൽ യുഎഇ രൂപീകരിക്കുമ്പോൾ ഷെയ്ഖ് മുഹമ്മദിന് 10 വയസ്സായിരുന്നു.

മുതിർന്നപ്പോൾ അദ്ദേഹം യുകെയിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ ചേർന്നു, 1979-ൽ ബിരുദം നേടി. അതിനുശേഷം യുഎഇ സായുധ സേനയിൽ ചേരുകയും അതിന്റെ വികസനത്തിനും നവീകരണത്തിനും മേൽനോട്ടം വഹിക്കുകയും ചെയ്തു. 1993-ൽ യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായി.

2004-ൽ ഷെയ്ഖ് സായിദ് മരിച്ചതോടെ ഷെയ്ഖ് മുഹമ്മദിന്റെ ജ്യേഷ്ഠൻ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി. ഷെയ്ഖ് മുഹമ്മദ് അബുദാബിയുടെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായി. 2022 മേയ് മാസത്തിൽ ഷെയ്ഖ് ഖലീഫയുടെ മരണത്തെത്തുടർന്ന് അദ്ദേഹം യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ദശാബ്ദങ്ങളായി സ്വദേശികളും പ്രവാസികളുമടങ്ങുന്ന രാജ്യത്തെ ജനങ്ങളെ സേവിക്കുന്ന ഷെയ്ഖ് മുഹമ്മദിനെ അനുകമ്പയും ഉദാരവും കഠിനാധ്വാനിയുമായ ഒരു നേതാവായാണ് ലോകം കാണുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ വലിയ ചിത്രത്തിൽ ചുംബിക്കാൻ മകൻ റാഷിദിനോട് ദുബായ് കിരിടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് പറയുന്നതും മകൻ ചുംബിക്കുന്നതുമായ വിഡിയോ അദ്ദേഹം ഇൻസ്റ്റാാഗ്രാമിൽ പങ്കുവച്ചു.
