ADVERTISEMENT

അബുദാബി∙യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ ബിസിനസും ജോലിയും ചെയ്യാൻ സാധിക്കുന്ന ഗ്രീൻ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സ്വദേശി സ്പോൺസറില്ലാതെ 5 വർഷം യുഎഇയിൽ തങ്ങാവുന്ന വീസയാണിത്. സംരംഭകർ, ഫ്രീലാൻസർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കെല്ലാം അപേക്ഷിക്കാം. ആഗോള പ്രതിഭകളെയും നിക്ഷേപകരെയും യുഎഇയിലേക്കു ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഗ്രീൻ വീസ ഏർപ്പെടുത്തിയത്.

Also read: സ്വന്തം വണ്ടി സിന്ദാബാദ്; വ്യക്തിഗത,ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ വിൽപനയിൽ വളർച്ച

വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകും. വിദേശ കമ്പനിയുടെ പേരിലാണ് യുഎഇയിൽ നിക്ഷേപിക്കുന്നതെങ്കിൽ വാണിജ്യ കമ്പനി നിയമം അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കണം. പബ്ലിക് ഷെയർഹോൾഡിങ് കമ്പനി, പ്രൈവറ്റ് ജോയിന്റ് സ്റ്റോക്ക് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി കമ്പനി എന്നിവയിൽ ഏതെങ്കിലും ഒന്നായി റജിസ്റ്റർ ചെയ്യണം. പങ്കാളിത്ത കമ്പനി 10 ലക്ഷം ദിർഹത്തിൽ കുറയാത്ത തുക നിക്ഷേപിക്കണം.

പുതിയതും പഴയതുമായ കമ്പനിയിൽ നിക്ഷേപിക്കുകയാണെങ്കിലും 10 ലക്ഷം മൂലധനം ഉണ്ടാകണം. സമാന മാനദണ്ഡം പാലിക്കാത്തവരുടെ ഗ്രീൻ വീസ പുതുക്കില്ല. പകരം 2 വർഷത്തെ സാധാരണ വീസയാക്കി മാറ്റും. ഗ്രീൻ വീസ അപേക്ഷകരുടെ യുഎഇയിലെ നിക്ഷേപം സംബന്ധിച്ച തെളിവ് പ്രാദേശിക വകുപ്പിൽനിന്ന് ഹാജരാക്കണം.

ഒന്നിലേറെ ബിസിനസിൽ നിക്ഷേപിച്ചവരാണെങ്കിൽ മൊത്തം നിക്ഷേപ തുക പരിഗണിക്കും. ബാച്‌ലർ ഡിഗ്രിയും 2 വർഷത്തിനിടെ 3.6 ലക്ഷം ദിർഹത്തിൽ (80 ലക്ഷം രൂപ) കുറയാത്ത വരുമാനവും ഉള്ള സ്വയം സംരംഭകർക്കും ഫ്രീലാൻസർമാർക്കും ഗ്രീൻ വീസ ലഭിക്കും. ഇവർക്ക് യുഎഇയിൽ കഴിയുന്നതിനുള്ള സാമ്പത്തിക കെട്ടുറപ്പുണ്ടെന്ന് രേഖാമൂലം കാണിക്കണം. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽനിന്ന് ഫ്രീലാൻസർ/സ്വയം സംരംഭക ലൈസൻസ് ഉണ്ടായിരിക്കണം.

ഗ്രീൻ വീസ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യകാലയളവിലേക്കു വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ 30 ദിവസത്തെ സാവകാശം ലഭിക്കും.സാവകാശം നൽകിയിട്ടും പുതുക്കാതെ യുഎഇയിൽ തങ്ങുന്നവർക്ക് ആദ്യ ദിവസം 125 ദിർഹവും തുടർന്നുള്ള ഓരോ ദിവസത്തിനും 25 ദിർഹം വീതവും പിഴ ചുമത്തും. അനധികൃത താമസം 6 മാസത്തിൽ കൂടിയാൽ പ്രതിദിനം 50 ദിർഹവും ഒരു വർഷത്തിൽ കൂടിയാൽ 100 ദിർഹവും ആയിരിക്കും പിഴ.

ആർക്കൊക്കെ

കമ്പനി ഡയറക്ടർമാർ, എക്സിക്യൂട്ടീവുകൾ, എൻജിനീയർമാർ, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പ്രഫഷനലുകൾ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം. ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികശാസ്ത്രം തുടങ്ങിയ 9 വിഭാഗങ്ങളിലെ അതിവിദഗ്ധർക്കും ഗ്രീൻ വീസ ലഭിക്കും.  യുഎഇയിൽ സാധുതയുള്ള തൊഴിൽ കരാർ ഉള്ളവരും മാസത്തിൽ 15,000 ദിർഹമോ (3.34 ലക്ഷം രൂപ) അതിൽ കൂടുതലോ ശമ്പളവും ഉള്ള ബിരുദധാരികളും ആയിരിക്കണം അതിവിദഗ്ധർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com