ADVERTISEMENT

അബുദാബി∙ കോവിഡ് കാലത്തു വിമാന യാത്ര മുടങ്ങിയതിന്റെ പണം പ്രവാസികൾക്കു മടക്കി നൽകാനുള്ളവരിൽ പൂട്ടിപ്പോയ ട്രാവൽ സൈറ്റുകളും ട്രാവൽ ഏജൻസികളും ഉൾപ്പെടുന്നു. 3 ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകളോടു പണം മടക്കി നൽകാൻ ഡൽഹിയിലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശം നൽകിയെങ്കിലും അതിലേറെ ട്രാവൽ സൈറ്റുകൾ പ്രവാസികൾക്കു പണം മടക്കി നൽകാനുണ്ട്.

Also read: യുപിഐ സൗകര്യമൊരുക്കി ഖത്തറിലെ ബാങ്ക്; നാട്ടിലേക്ക് പണമയയ്ക്കാം നിമിഷങ്ങൾക്കകം

സാങ്കേതികത്വം പറഞ്ഞാണ് ഏജൻസികളും സൈറ്റുകളും കൈമലർത്തുന്നത്. ചിലർ യാത്രക്കാരുടെ ബുക്കിങ് രേഖകൾ അടക്കം സൈറ്റിൽ നിന്നു നീക്കം ചെയ്തു. ചിലർ സ്ഥാപനം പൂട്ടിപ്പോയെന്ന കാരണം പറഞ്ഞു പണം നിഷേധിക്കുന്നു. അതേസമയം, ബുക്ക് ചെയ്ത എല്ലാ ടിക്കറ്റിന്റെയും പണം മടക്കി നൽകിയെന്നാണു വിമാന കമ്പനികൾ പറയുന്നത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ചു കഴിയുകയാണ് പ്രവാസി ഇന്ത്യാക്കാർ.

കോവിഡ് കാലത്തു ചെറുകിട ട്രാവൽ ഏജൻസികളും ബുക്കിങ് സൈറ്റുകളും പൂട്ടിപ്പോയിരുന്നു. ഇവരുടെ അക്കൗണ്ടുകളിലേക്കു പണം മടക്കി നൽകിയതിന്റെ രേഖകൾ വിമാനക്കമ്പനികളുടെ കൈവശമുണ്ട്. എന്നാൽ, പൂട്ടിപ്പോയ കമ്പനികളിൽ നിന്നു പണം എങ്ങനെ ഈടാക്കും എന്നാണ് പ്രവാസികൾ ചോദിക്കുന്നത്. ഈ കമ്പനികൾക്കെതിരെ ഇന്ത്യയിൽ പരാതി നൽകാനും ഇവർ ആലോചിക്കുന്നു. യാത്ര, ഈസ് മൈ ട്രിപ്, ഹാപ്പി ഈസിഗോ എന്നി സൈറ്റുകളോടാണ് പണം തിരികെ നൽകാൻ ഉപഭോക്തൃ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

മെയ്ക് മൈ ട്രിപ് ഉൾപ്പടെയുള്ള സൈറ്റുകളിൽ നിന്നു പണം തിരികെ ലഭിക്കാത്ത പ്രവാസികളുണ്ട്. ഇവരും പരാതി നൽകാൻ ആലോചിക്കുന്നു. എയർലൈനിൽനിന്ന് നേരിട്ടു ടിക്കറ്റെടുത്തവർക്കും പ്രമുഖ ട്രാവൽ ഏജൻസി വഴി ടിക്കറ്റ് എടുത്ത ഭൂരിഭാഗം പേർക്കും പണമോ ട്രാവൽ വൗച്ചറോ തിരികെ ലഭിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കാനുള്ള ചില മലയാളികളുടെ അനുഭവം ഇങ്ങനെ:

∙ കണ്ണൂർ സ്വദേശിയായ സജീവും കുടുംബവും അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കു പോകാനായി 2000 ദിർഹം (45103 രൂപ) നൽകി എയറോസ്പേസ് ട്രാവൽസ് വഴിയാണ് ടിക്കറ്റെടുത്തത്. യാത്ര മുടങ്ങിയതിനു പിന്നാലെ ട്രാവൽ ഏജൻസിയും പൂട്ടി. ഇമെയിൽ വഴി ബന്ധപ്പെട്ടപ്പോൾ ഒ.കെ. ട്രാവൽസു വഴിയാണ് ടിക്കറ്റെടുത്തതെന്നും അവരെ ബന്ധപ്പെട്ടാൽ തുക തിരികെ ലഭിക്കുമെന്നായിരുന്നു മറുപടി. ഒ.കെ ട്രാവൽസിൽ എത്തിയെങ്കിലും നിങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും ടിക്കറ്റ് എടുത്ത ട്രാവൽസിൽ ചോദിക്കാനുമായിരുന്നു മറുപടി.  ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസിനെ സമീപിച്ചപ്പോൾ ടിക്കറ്റ് തുകയിൽ 1925.85 ദിർഹം ഒ.കെ ട്രാവൽസിന്റെ അക്കൗണ്ടിൽ തിരിച്ചുനൽകി എന്ന സന്ദേശം ലഭിച്ചു. എന്നാൽ, പണം തരാൻ ട്രാവൽസ് തയാറായില്ലെന്ന് സജീവ് പറയുന്നു.

∙ 2020 മാർച്ച് 23ന് ഇത്തിഹാദ് എയർവേയ്സിൽ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കു യാത്ര ചെയ്യാൻ പാലക്കാട് സ്വദേശി അനിൽ ബാബു 11,500 രൂപയ്ക്ക് മെയ്ക് മൈ ട്രിപ് വഴി ടിക്കറ്റെടുത്തു. വിമാനം റദ്ദാക്കിയതോടെ പണം ആവശ്യപ്പെട്ടെങ്കിലും എയർലൈൻ തന്നില്ലെന്നു അറിയിക്കുകയായിരുന്നു. മാത്രവുമല്ല ഓൺലൈനിൽ നിന്ന് ട്രാവൽ ഹിസ്റ്ററി നീക്കം ചെയ്തെന്നും അനിൽ ബാബു പറഞ്ഞു.

∙ ഭാര്യ ഹൈഫ, മക്കളായ ഫെല്ല, ഐഷ എന്നിവരെ അബുദാബിയിലേക്കു കൊണ്ടുവരാനായി നാട്ടിലെ ട്രാവൽ ഏജൻസി വഴി ടിക്കറ്റെടുത്ത തൃശൂർ പെരുമ്പിലാവ് പള്ളിക്കുളം സ്വദേശി ഷബീറിനും വൻതുക നഷ്ടമായി. 

∙ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് സഫീർ അൽഐനിൽ നിന്ന് കോഴിക്കോട്ടേക്ക് 2020 മേയ് 21ന് യാത്ര ചെയ്യാൻ 950 ദിർഹത്തിന് അൽഐനിലെ ഒരു ട്രാവൽ ഏജൻസി വഴി എടുത്ത ടിക്കറ്റിന്റെ പണം തിരിച്ചു കിട്ടിയില്ല.

∙ ദുബായ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന അബ്ദുൽ അസീസ് ദുബായിൽ നിന്ന് മസ്കത്ത് വഴി കണ്ണൂരിലേക്ക് പോകാനായി റെഹ്‌ലത്ത് ഓൺലൈൻ സൈറ്റ് വഴി 2800 ദിർഹത്തിന്റെ ടിക്കറ്റെടുത്തു. യാത്ര മുടങ്ങിയതോടെ ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ 1400 ദിർഹം തിരിച്ചുനൽകാമെന്ന് പറഞ്ഞ് മെയിൽ കിട്ടി.എന്നാൽ, തുക ഇതുവരെ കിട്ടിയില്ലെന്ന് അസീസ് പറയുന്നു. എന്നാൽ, മൈ ട്രിപ് വഴി കണ്ണൂരിൽ നിന്ന് ദുബായിലേക്കു എടുത്ത ടിക്കറ്റ് തുക തിരിച്ചുകിട്ടി.

∙ ഖത്തറിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി ടിക്കറ്റ് എടുത്തവർക്കും റീ ഫണ്ട് കിട്ടിയിട്ടില്ല. നേരിട്ടു ടിക്കറ്റ് എടുത്തവർ വിമാനക്കമ്പനികളുടെ പിന്നാലെ നടന്നു റീഫണ്ട് വാങ്ങിയെടുക്കുകയായിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ടിക്കറ്റ് എടുത്തവർക്കു പക്ഷേ ,പണം കിട്ടാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com