റിയാദ്∙ ബഹിരാകാശത്ത് 14 ശാസ്ത്ര പരീക്ഷണങ്ങൾക്ക് തയാറെടുത്ത് സൗദി ബഹിരാകാശ സഞ്ചാരികൾ. ഇതിൽ ആറെണ്ണം തലച്ചോറിനെയും നാഡീവ്യൂഹത്തെയും സംബന്ധിക്കുന്നതും നാലെണ്ണം രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ചും ആയിരിക്കും.
മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയെ സംബന്ധിച്ച് മൂന്നും കൃത്രിമ മഴയെക്കുറിച്ച് ഒരു പരീക്ഷണവുമാണ് സൗദി അറേബ്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവിയും സഹ സഞ്ചാരി അലി അൽ ഖർനിയും ചേർന്ന് നടത്തുക. ജൂണിലായിരിക്കും സംഘത്തിന്റെ ബഹിരാകാശ യാത്ര.
6 മാസത്തെ ഗവേഷണത്തിനായി ബഹിരാകാശ നിലയത്തിലുള്ള യുഎഇയുടെ സുൽത്താൻ അൽ നെയാദിയുമായും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇവർ കൂടിക്കാഴ്ച നടത്തും. 200 ശാസ്ത്ര പരീക്ഷണത്തിൽ പങ്കാളിയാകുന്ന അൽനെയാദിയുടെ സഹായവും ഇവരുടെ പരീക്ഷണത്തിന് മുതൽക്കൂട്ടാകും.