അബുദാബി ∙ ഇഷ്ടമുള്ള ജോലിസമയം, അവിദഗ്ധർക്ക് തൊഴിലവസരം, ഒരേ സമയം ഒന്നിലേറെ ജോലി, ഏതു രാജ്യത്തു താമസിച്ചും ജോലി എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങളുമായി യുഎഇ ഫ്രീലാൻസ് വർക്ക് പദ്ധതി ഊർജിതമാക്കുന്നു. നേരത്തേ വിദഗ്ധ മേഖലയിൽ ഏതാനും തൊഴിലുകളിൽ മാത്രമുണ്ടായിരുന്ന പദ്ധതി കൂടുതൽ രംഗത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.
Also read: കെങ്കേമം ഹമദ്! ലോകത്ത് രണ്ടാമത്, മധ്യപൂർവദേശത്ത് ഒന്നാമത്
ഫ്രീലാൻസ് വീസയിൽ യുഎഇയിലെത്തി ജോലി ചെയ്യുന്നവർക്ക് മറ്റു പാർട് ടൈം ജോലികളും ചെയ്യാം. പുതിയ ഫ്രീലാൻസ് വർക് പെർമിറ്റ് വർഷാവസാനത്തോടെ പുറത്തിറക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ അറിയിച്ചു. 2024ന് അകം 24,000 പേർക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഫ്രീലാൻസ് ജോലിക്ക് മന്ത്രാലയ റജിസ്ട്രേഷൻ നിർബന്ധമാണ്.
ഏറ്റെടുക്കുന്ന ജോലികൾ വൃത്തിയായും സമയബന്ധിതമായും പൂർത്തിയാക്കണം. ഏതൊക്കെ തൊഴിൽ രംഗങ്ങളാണെന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച ഫ്രീലാൻസ് വീസയാണ് കൂടുതൽ ആനുകൂല്യങ്ങളോടെ പരിഷ്കരിക്കുന്നത്.
ഇതിലൂടെ ഏതെങ്കിലും ഒരു സ്പോൺസറുടെ കീഴിൽ വർഷങ്ങളോളം കഴിയേണ്ട അവസ്ഥ ഒഴിവാക്കാം. ഹ്രസ്വകാല ജോലിക്ക് തൊഴിലാളിയെ റിക്രൂട്ട് ചെയ്യുമ്പോഴുണ്ടാകുന്ന അധികച്ചെലവ് തൊഴിലുടമയ്ക്ക് കുറയുകയും ചെയ്യും.