ആരോഗ്യസ്ഥാപനങ്ങൾക്ക് വിദൂര സേവനം നിർബന്ധം

online-doctor
Representative Image. Photo credit : Photographee.eu / Shutterstock.com
SHARE

അബുദാബി ∙ വിദൂര സേവന സംവിധാനം ഒരുക്കി യുഎഇയിലെ ആരോഗ്യ സ്ഥാപനങ്ങളും സ്മാർട്ടാകണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. പുതിയ ചട്ടം അനുസരിച്ച് ആരോഗ്യസേവന ദാതാക്കൾ വർഷാവസാനത്തോടെ ഒരു വിദൂര സേവനമെങ്കിലും നിർബന്ധമായും ചെയ്യണം.

Also read: ലോകമേ വിരുന്നെത്തൂ; ഖത്തറിലാണ് മംഗല്യം

ടെലി കൺസൾട്ടിങ്, ടെലി മെഡിസിൻ, നിരന്തര നിരീക്ഷണം, റോബട്ടിക് സർജറി തുടങ്ങിയവയിൽ ഏതെങ്കിലും ഒരെണ്ണം വിദൂര സേവത്തിൽ ഉൾപ്പെടുത്തണമെന്ന് ഡിജിറ്റൽ ഹെൽത്ത് ഡിപ്പാർട്‌മെന്റ് സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം മേധാവി ഷെയ്ഖാ ഹസൻ അൽ മൻസൂരി പറഞ്ഞു. സ്മാർട്ട് ഡിജിറ്റൽ ഹെൽത്ത് ചട്ടമനുസരിച്ച് സർക്കാർ, സ്വകാര്യ മേഖലാ ആരോഗ്യ സ്ഥാപനങ്ങൾക്കെല്ലാം നിയമം ബാധകമാണ്.

കോവിഡ് കാലത്ത് ടെലി കൺസൾട്ടിങ്, ടെലി മെഡിസിൻ സേവനം വിജയകരമായി നടപ്പാക്കിയ യുഎഇയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് റിമോട്ട് സർവീസ് സുപരിചിതമാണ്. ചില ആശുപത്രികൾ അത്യാവശ്യക്കാർക്ക് ഈ സേവനം ഇപ്പോഴും നൽകിവരുന്നു. ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ ഇതുമൂലം ഒഴിവാകും.

മുൻകൂട്ടി ബുക്ക് ചെയ്ത സമയത്ത് ഡോക്ടർ ഫോണിലോ വിഡിയോ കോളിലോ രോഗിയുമായി ആശയവിനിമയം നടത്തി രോഗവിവരം ചോദിച്ചറിഞ്ഞ് മരുന്ന് നിർദേശിക്കുന്ന സംവിധാനമാണ് ടെലി കൺസൾട്ടിങ്. ഇങ്ങനെ നിർദേശിക്കുന്ന മരുന്ന് വീട്ടിലെത്തിക്കും.

രോഗിയുടെ തുടർ വിവരങ്ങൾ അന്വേഷിക്കുന്നതും ഡിജിറ്റലായി തന്നെയാണ്. കൺസൾട്ടിങിനും മരുന്നിനുമുള്ള പണം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി നൽകുകയും ചെയ്യുന്നു. അടിയന്തര ഘട്ടത്തിലോ ടെസ്റ്റ് ചെയ്യാനോ മാത്രം രോഗി ആശുപത്രിയിൽ എത്തിയാൽ മതിയാകും.

ലോക സർവകലാശാലകളിൽ വിദൂര പഠനത്തിന് അവസരം

അബുദാബി∙ ലോക രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളുമായി ചേർന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിദൂര പഠന (റിമോട്ട് ലേണിങ്) പദ്ധതി ആരംഭിക്കുന്നു. ഇതുവഴി പ്രാദേശിക സർവകലാശാലാ വിദ്യാർഥികൾക്ക് രാജ്യാന്തര യൂണിവേഴ്സിറ്റികളിൽ ഓൺലൈൻ കോഴ്‌സുകളിൽ ചേർന്നു പഠിക്കാം. ഇതിനായി മൈക്രോ ക്രെഡൻഷ്യലുകൾ കൊണ്ടുവരുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് ബെൽഹൂൽ അൽ ഫലാസി പറഞ്ഞു.

യുഎഇ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമല്ലാത്ത പുതിയ വിഷയങ്ങൾ ഓൺലൈനായി പഠിക്കാൻ സഹായിക്കുന്നതാണ് മൈക്രോ കെഡൻഷ്യൽ പദ്ധതി. ആഗോള തലത്തിലുള്ള അംഗീകൃത സർവകലാശാലകളിൽ ഓൺലൈൻ കോഴ്സ് ചേർന്ന് പഠിക്കുന്നതിന്റെ ക്രെഡിറ്റ് പ്രാദേശിക സർവകലാശാലയിൽ നിന്ന് ലഭിക്കുന്ന വിധത്തിലാണ് സൗകര്യം ഒരുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS