മഹാസാറ്റ് ഉയരും ബഹിരാകാശത്തേക്ക്; ബിറ്റ്സ്പിലാനി വിലാസത്തിൽ

mahasat
ചെറുകിട ഉപഗ്രഹമായ പിക്കോസാറ്റ്. ഇതേ മാതൃകയിലാണ് മഹാസാറ്റ് നിർമിക്കുന്നത്.
SHARE

ദുബായ്∙ ഭാരം കുറഞ്ഞ ചെറുകിട ഉപഗ്രഹം നിർമിക്കാനൊരുങ്ങി ബിറ്റ്സ്പിലാനി ദുബായ് ക്യാംപസ്. ബഹിരാകാശ പഠനത്തിലും ഉപഗ്രഹ നിർമാണത്തിലും വിദ്യാർഥികൾക്ക് അറിവും പ്രവൃത്തി പരിചയവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ‘മഹാസാറ്റ്’ എന്നാണ് ഉപഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. നിർമാണം, വിക്ഷേപണം എന്നിവയുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കു കൂടുതൽ പരിശീലനം നൽകുന്നതിനു എജ്യുടെക്4സ്പേസ് എന്ന സ്ഥാപനവുമായി ക്യാംപസ് ധാരണാപത്രം ഒപ്പിട്ടു. മഹാസാറ്റുമായി ബന്ധപ്പെട്ടു ബിറ്റ്സ്പിലാനിയുടെ പദ്ധതികൾ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷന്റെ സാറ്റലൈറ്റ് സെന്റർ മുൻ ഡയറക്ടർ ഡോ. മൈൽസ്വാമി അണ്ണാദുരൈ പരിശോധിച്ചു.

campus
ഉപഗ്രഹ നിർമാണ പരിശീലനത്തിൽ ബിറ്റ്സ്പിലാനി ദുബായ് ക്യാംപസും എജ്യുടെക്4സ്പേസുമായി ധാരണാപത്രം ഒപ്പിട്ട ശേഷം.

വിദ്യാർഥികളുമായി ആശയ വിനിമയം നടത്തി. ഉപഗ്രഹ നിർമാണം, വിക്ഷേപണം എന്നിവയിൽ വിദഗ്ധരായ സ്ഥാപനങ്ങളിൽ നിന്നു ബിറ്റ്സ്പിലാനി ക്യാംപസിലെ കുട്ടികൾക്ക് എജ്യുടെക്4 സ്പേസ് പരിശീലനം ഉറപ്പാക്കും. ചെറുതും ഭാരം കുറഞ്ഞതുമായ ഉപഗ്രഹങ്ങളുടെ രൂപകൽപന, നിർമാണം, സംയോജനം, പരീക്ഷണം, വിക്ഷേപണം, ഭ്രമണപഥത്തിൽ എത്തിക്കൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ വിദഗ്ധർ വിദ്യാർഥികളെ പരിശീലിപ്പിക്കും. ചെലവും വലുപ്പവും കുറഞ്ഞ ചെറുകിട ഉപഗ്രഹമാണ് മാഹാസാറ്റ്. ശാസ്ത്ര സാങ്കേതിക വിദ്യയിൽ പുതിയ പഠനത്തിനും ഗവേഷണങ്ങൾക്കും ഈ ഉപഗ്രഹം ഉപയോഗിക്കാം. ബഹിരാകാശ പഠനത്തിലും ഉപഗ്രഹ സാങ്കേതിക പഠനത്തിലും മഹാസാറ്റ് പുതിയ ചുവടുവയ്പാണെന്നു ബിറ്റ്സ്പിലാനി ഡയറക്ടർ പ്രഫ. ശ്രീനിവാസൻ മഡപുസി പറഞ്ഞു. വിവിധ ഘട്ടങ്ങളായാണ് മഹാസാറ്റ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ ചെറിയ ഉപഗ്രഹം നിർമിക്കും.

ഇത് ഡ്രോണിന്റെ സഹായത്തോടെ ഉയർത്തി പരീക്ഷിക്കും. അടുത്ത ഘട്ടത്തിൽ ബിറ്റ്സ്പിലാനി ക്യാംപസിൽ വിക്ഷേപണ കേന്ദ്രം നിർമിക്കും. മേഖലയിൽ ഇന്നു ലഭ്യമായ എല്ലാ അറിവുകളും ഉപയോഗിച്ചാകും വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം. അന്തിമ ഘട്ടത്തിലാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം. യുഎഇയുടെ ചൊവ്വാ പര്യവേഷണം, റാഷിദ് റോവർ തുടങ്ങിയ ബഹിരാകാശ പദ്ധതികൾക്കൊപ്പം മഹാസാറ്റിന്റെ വരവ് പഠനത്തിനു കൂടുതൽ കരുത്താകുമെന്നും എജ്യുടെക്4 സ്പേയ്സ് സ്ഥാപകനും സിഇഒയുമായ ശ്രീസുധാ വിശ്വനാഥൻ പറഞ്ഞു. ഉപഗ്രഹ നിർമാണത്തിലും ബഹിരാകാശ പരീക്ഷണങ്ങളിലും പുതിയ തലമുറയ്ക്കു അറിവും നേരിട്ടുള്ള പരിശീലനവുമാണ് സ്ഥാപനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS