ദോഹ∙ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കാർഷിക മേഖലയിൽ അത്യാധുനിക കൃഷി രീതികൾ അവലംബിക്കണമെന്ന് വിദഗ്ധർ. യുഎൻ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്എഒ) പറയുന്നത് പോലെ രാജ്യങ്ങൾ അത്യാധുനിക കൃഷി രീതിയിലേക്ക് മാറുകയും ജലസേചന സംവിധാനം മെച്ചപ്പെടുത്താൻ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ഡോ. മുഹമ്മദ് സെയ്ഫ് അൽ ഖുവാരി പറഞ്ഞു.
ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലെ അഗ്രിടെക് കാർഷിക പ്രദർശനത്തോട് അനുബന്ധിച്ച് 'കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യ സുരക്ഷയിലുള്ള പ്രത്യാഘാതവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും പുതിയ കൃഷി സംവിധാനങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവാന്മാരാകണം.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും നേരിടാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും കൂട്ടിച്ചേർത്തു. ഭക്ഷ്യ സുരക്ഷ ദേശീയ സുരക്ഷാ പോലെതന്നെയെന്ന് പരിസ്ഥിതി വിദഗ്ധനായ ഡോ. മുഹമ്മദ്.എഫ്. അൽബെൽദവിയും ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി സെമിനാറുകൾ നടന്നിരുന്നു. ഖത്തറിന്റെ മുൻഗണനാ പട്ടികയിലെ വിഷയങ്ങളാണ് ഭക്ഷ്യ സുരക്ഷയും കാലാവസ്ഥാ വ്യതിയാനവും.
ഭക്ഷ്യ സുരക്ഷയിൽ 2021 ലെ ആഗോള ഭക്ഷ്യ സുരക്ഷാ സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോള തലത്തിൽ 24-ാം സ്ഥാനവുമാണ് ഖത്തറിന്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുമായി ഗ്രീൻഹൗസ് വാതക പ്രസരണം കുറയ്ക്കാനുള്ള സമഗ്ര നടപടികളാണ് സ്വീകരിച്ചു വരുന്നത്.