ഖത്തർ പ്രവാസം മതിയാക്കിയാലും ലഭിക്കും പിസിസി

airport-luggage
Photo credit : Kaspars Grinvalds/ Shutterstock.com
SHARE

ദോഹ∙ ഖത്തർ പ്രവാസം മതിയാക്കി റസിഡന്റ് -തൊഴിൽ പെർമിറ്റും റദ്ദാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒരാൾക്ക് പിന്നീട് യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ പഠനത്തിനോ ജോലിക്കോ പ്രവേശിക്കേണ്ടി വരുമ്പോൾ ഖത്തർ അധികൃതരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ആവശ്യമാണ്.

Also read: അനുമതിയില്ലാത്ത ഇഫ്താർ കിറ്റുകളുടെ വിതരണം: ദുബായിൽ ഒരു ലക്ഷം ദിർഹം വരെ പിഴ

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർക്ക് ദോഹ സന്ദർശിക്കാതെ തന്നെ പിസിസി ലഭിക്കാനുള്ള രേഖകൾ, നടപടികൾ എന്നിവ എന്തൊക്കെ എന്നറിയാം

1. എങ്ങനെ നേടാം

∙ ഐഡി റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയ വ്യക്തിക്ക് ഖത്തറിലുള്ള സുഹൃത്തോ ബന്ധു മുഖേനയോ നേരിട്ടോ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ഏജൻസി വഴിയോ പിസിസിക്ക് അപേക്ഷ നൽകാം. 

∙ ഐഡി റദ്ദാക്കാതെയാണ് മടങ്ങിയതെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 അല്ലെങ്കിൽ വെബ്‌സൈറ്റ് (https://portal.moi.gov.qa/wps/portal/MOIInternet/departmentcommittees/evidencesinformation/pcc-+1) മുഖേന പിസിസിക്ക് അപേക്ഷിക്കാം.

∙ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യയിലെ ഖത്തർ എംബസിയിലും പിസിസിക്കായി അപേക്ഷിക്കാം. അല്ലെങ്കിൽ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം മിനിസ്ട്രി ഓഫ് ഇന്റീരിയർ, ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പ്, സൽവ റോഡ്, സോൺ നമ്പർ-55, ഏരിയ നമ്പർ-30, പിഒ ബോക്‌സ് നമ്പർ-23004 എന്ന വിലാസത്തിൽ അധികൃതർക്ക് നേരിട്ട് അയച്ചു കൊടുത്താലും അപേക്ഷകന്റെ മേൽവിലാസത്തിൽ പിസിസി ലഭ്യമാകും. 

2. മറ്റുള്ളവരെ ചുമതലപ്പെടുത്തിയാൽ

∙ പിസിസിക്കുള്ള അപേക്ഷ സമർപ്പിക്കാൻ ഖത്തറിൽ താമസിക്കുന്ന ബന്ധുവിനെ അല്ലെങ്കിൽ സുഹൃത്തിനെ ചുമതലപ്പെടുത്തി കൊണ്ടുള്ള പവർ ഓഫ് അറ്റോർണി തയാറാക്കണം. ആരെയാണോ ചുമതലപ്പെടുത്തുന്നത് ആ വ്യക്തിയുടെ ഖത്തർ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വേണം പവർ ഓഫ് അറ്റോർണി തയാറാക്കാൻ.

∙ പവർ ഓഫ് അറ്റോർണി ആദ്യം നാട്ടിലെ താമസ പരിധിക്കുള്ളിലെ സർക്കാർ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം. നോട്ടറിയുടെ അറ്റസ്റ്റേഷന് ശേഷം ഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഖത്തർ എംബസി എന്നിവിടങ്ങളിൽ അറ്റസ്റ്റേഷൻ പൂർത്തിയാക്കി ഖത്തറിലെ വിദേശകാര്യ മന്ത്രാലയത്തിലും അറ്റസ്റ്റ് ചെയ്യിക്കണം. (ഇന്ത്യയിലെ ഇത്രയും വകുപ്പുകളിലും തുടർന്ന് ദോഹയിലെ വിദേശകാര്യ മന്ത്രാലയത്തിലും അറ്റസ്റ്റേഷൻ പൂർത്തിയാക്കി  ഒറിജിനൽ എത്തിക്കുന്നതിന് അംഗീകൃത ഏജൻസികളുടെ സേവനവും ലഭ്യമാണ്. ഏജൻസി സേവനത്തിന് പക്ഷേ നല്ലൊരു തുക ചെലവാകും).

∙ എല്ലാ വകുപ്പുകളുടെയും അറ്റസ്റ്റേഷൻ പൂർത്തിയാക്കിയ ഒറിജിനൽ പവർ ഓഫ് അറ്റോർണി, പിസിസിക്കുള്ള അപേക്ഷ, പിസിസി ആവശ്യമുള്ള വ്യക്തിയുടെ ഖത്തർ ഐഡി പകർപ്പ്, പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ പകർപ്പ് (പുതിയ പാസ്‌പോർട്ട് ആണെങ്കിൽ ഖത്തറിൽ വച്ചുണ്ടായിരുന്ന പാസ്‌പോർട്ടിന്റെ പകർപ്പുകളും),  എൻട്രി, എക്‌സിറ്റ് വീസ പേജുകളുടെ പകർപ്പുകൾ, വീസ റദ്ദാക്കിയ പേജിന്റെ പകർപ്പ്, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ സഹിതം വേണം പിസിസിക്കായി അപേക്ഷിക്കാൻ. 

∙ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം സ്ഥലത്തെ നോട്ടറി അറ്റസ്റ്റ് ചെയ്ത പിസിസി അപേക്ഷകന്റെ ഫിംഗർപ്രിന്റ് രേഖകളും നൽകണമെന്നുണ്ട്. അധികൃതർ ആവശ്യപ്പെട്ടാൽ മാത്രം ഇതു നൽകിയാൽ മതി. അപേക്ഷകൻ ഖത്തറിൽ ജനിച്ച ആളാണെങ്കിൽ അപേക്ഷയ്‌ക്കൊപ്പം ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൂടി വയ്ക്കണം. 

∙ ആരുടെ പേരിലാണോ പവർ ഓഫ് അറ്റോർണി ആ വ്യക്തി നേരിട്ട് മേൽപറഞ്ഞ എല്ലാ രേഖകളും സഹിതം സൽവ റോഡിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ (സിഐഡി) ഓഫിസിലെത്തി വേണം അപേക്ഷ നൽകാൻ.

∙ പിസിസി ലഭിക്കാൻ 10 റിയാൽ ആണ് ഫീസ്. ഖത്തറിന് പുറത്തെ മേൽവിലാസത്തിലാണ് പിസിസി അയയ്ക്കേണ്ടതെങ്കിൽ പോസ്റ്റ് മുഖേന തപാലിൽ ലഭിക്കാനുള്ള സർവീസ് നിരക്ക് കൂടി നൽകണം.

മന്ത്രാലയം അധികൃതരെ ബന്ധപ്പെടാനുള്ള നമ്പർ: +974 2346737, 2346717.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS