ദോഹ∙ ഷോപ്പ് ഖത്തർ, ഇൻഫ്‌ളേറ്റ റൺ, സർക്കസ്, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയ ആഘോഷ പരിപാടികൾക്കും മിയ ബസാറിനും ഇന്ന് അവസാന ദിനം. ഫെബ്രുവരി 23ന് ആരംഭിച്ച ഏറ്റവും വലിയ വാണിജ്യ മേളയാണ് ഷോപ്പ് ഖത്തർ. 10 ഷോപ്പിങ് മാളുകളിലായാണ് മേള നടക്കുന്നത്. 200 റിയാലിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കായി നടത്തുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലെ വിജയികളിൽ ഇന്ത്യക്കാരുമുണ്ട്.
20 ലക്ഷം റിയാലിന്റെ കാഷ് പ്രൈസ്, ബിഎംഡബ്‌ള്യൂ എക്‌സ് 5 ആഡംബര കാർ, പേൾ ഖത്തറിൽ സ്റ്റുഡിയോ അപാർട്‌മെന്റ് എന്നിവയാണ് സമ്മാനമായി ലഭിക്കുന്നത്. ആദ്യ 2 നറുക്കെടുപ്പുകളിലായി 18 പേർക്ക് കാഷ് പ്രൈസുകളും 2 പേർക്ക് ബിഎംഡബ്ല്യൂ എക്‌സ്-5 ആഡംബര കാറുമാണ് സമ്മാനം ലഭിച്ചത്. ലഗൂണ മാളിൽ നടന്ന ആദ്യത്തെയും പ്ലേസ് വിൻഡമിൽ നടന്ന രണ്ടാമത്തെയും നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരും ജേതാക്കളാണ്. ഇന്ത്യക്കാരായ ചിഞ്ചു പുഷ്പാംഗദനും രാഘവേന്ദ്ര വൂഡിയുമാണ് ആദ്യ 2 നറുക്കെടുപ്പുകളിൽ 20,000 റിയാൽ (4,49,600 ഇന്ത്യൻ രൂപ) വീതം കാഷ് പ്രൈസ് ലഭിച്ച ഭാഗ്യശാലികൾ.
ഉപഭോക്താക്കൾക്കുള്ള അവസാനഘട്ട റാഫിൾ നറുക്കെടുപ്പ് ഇന്ന് രാത്രി 8 ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കും. പൗ പട്രോൾ ഫെസ്റ്റിവൽ, ഇൻഫ്‌ളേറ്റ റൺ, ഖത്തർ കൈറ്റ് ഫെസ്റ്റിവൽ എന്നിവയും ഇന്നു സമാപിക്കും. എന്നാൽ, ലുസെയ്ൽ ബൗളെവാർഡിലെ അൽ സദ്ദ് പ്ലാസയിൽ നടക്കുന്ന ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ മാത്രം 21 വരെ നീളും.ശേഷം പുണ്യമാസത്തെ വരവേൽക്കാൻ രാജ്യം തയാറെടുക്കും. ടൂറിസത്തിന്റെ റമസാൻ ബസാർ സജീവമാകുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
മിയ ബസാർ ഇന്നു കൂടി മാത്രം
ദോഹ∙ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് (മിയ) പാർക്കിൽ നടക്കുന്ന വാരാന്ത്യ മിയ ബസാറിന്റെ ഇത്തവണത്തെ സീസൺ ഇന്ന് സമാപിക്കും. കോവിഡിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഫെബ്രുവരിയിൽ മിയ ബസാർ പ്രവർത്തനം പുനരാരംഭിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ മാത്രമായി പ്രവർത്തിക്കുന്ന മിയ ബസാറിന് വലിയ ജനപ്രീതിയുണ്ട്. ഇടത്തരം, ചെറുകിട ഗാർഹിക സംരംഭകർക്ക് മികച്ച വിപണന വേദിയാണിത്. പ്രവാസികളാണ് സംരംഭകരിൽ കൂടുതൽ പേരും. ഭക്ഷണ-പാനീയങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, പെയിന്റിങ്ങുകൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, സുവനീറുകൾ തുടങ്ങിയ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് മിയ ബസാറിന്റെ പ്രത്യേകത. വെള്ളി, ശനി ദിവസങ്ങളിൽ മാത്രമായുള്ള മിയ ബസാർ 2012 മുതൽ ഷോപ്പിങ് പ്രേമികളുടെ ഇഷ്ട ബസാർ ആണ്. ഇന്ന് രാവിലെ 10 മുതൽ രാത്രി 8 വരെയാണ് ബസാറിന്റെ പ്രവർത്തനം.