കാർഷിക ഓർമ പുതുക്കി അഗ്രിടെക്ക്; പ്രദർശനം നാളെ സമാപിക്കും

agriteq
അഗ്രിടെക്കിലെ പച്ചക്കറി വിപണി.
SHARE

ദോഹ∙ കൃഷിക്കും പൂന്തോട്ട നിർമാണത്തിനും കന്നുകാലി വളർത്തലിനുമുള്ള സാമഗ്രികളും ഉപകരണങ്ങളും വിവിധ തരം തേനുകൾ, പച്ചക്കറി,പഴ വർഗങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, സൗന്ദര്യവർധക സാമഗ്രികൾ,  അരി, പാസ്ത, ഭക്ഷ്യ എണ്ണ തുടങ്ങി പലവ്യജ്ഞനങ്ങൾ വരെ കാർഷിക പ്രദർശനമായ അഗ്രിടെക്കിൽ നിന്ന് വാങ്ങാം. ഒപ്പം തത്സമയ പാചകവും ആസ്വദിക്കാം.

കൃഷി, ഭക്ഷ്യസുരക്ഷ, ലൈവ് സ്റ്റോക്ക്, ഫിഷറീസ് മേഖലകളിലെ ഉൽപന്നങ്ങളും സേവനങ്ങളുമടക്കം ഉയർന്ന ഗുണമേന്മയിലുള്ള ഉൽപന്നങ്ങൾ ആണ് ഇവിടെ ലഭിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 55 രാജ്യങ്ങളാണ് പ്രദർശനത്തിനുള്ളത്. ആകെ 675 പ്രദർശകർ. നഗരസഭ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി, ഖത്തർ ചേംബർ ഓഫ് കോമേഴ്‌സ്, ഖത്തർ മ്യൂസിയം തുടങ്ങി സർക്കാർ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും പവിലിയനുകളുമുണ്ട്.

പ്രദർശനത്തിന്റെ ഭാഗമായി കാർഷിക വിഷയങ്ങളിൽ സെമിനാറുകൾ, സമ്മേളനങ്ങൾ, ചർച്ചാ സദസ്സുകൾ എന്നിവയും നടക്കുന്നുണ്ട്. പവിലിയനുകളോട് ചേർന്നാണ് തത്സമയ കുക്കിങ് തിയറ്റർ. മികച്ച ഷെഫുമാർ പാകം ചെയ്യുന്ന രുചിവിഭവങ്ങൾ കുക്കിങ് തിയറ്ററിനെ ലൈവ് ആക്കുന്നു.

food
തത്സമയ പാചകവുമായി ഷെഫുമാര്‍.

∙എന്തൊക്കെ വാങ്ങാം? 

പ്രദർശന നഗരിയുടെ പ്രവേശന കവാടത്തിൽ തന്നെ ചെറു പൂന്തോട്ടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പൂച്ചെടികൾ, കാർഷിക ഉപകരണങ്ങൾ, പൂച്ചട്ടികൾ എന്നിവയെല്ലാം ഇവിടെ നിന്നു വാങ്ങാം. പൂന്തോട്ട നിർമാണത്തിലും ലാൻഡ്‌സ്‌കേപ്പിങ്ങിലും പൂച്ചെടി വിൽപനയിലും വിദഗ്ധരായ കമ്പനികളും നഴ്‌സറികളുമാണ് ഇവിടെ പ്രദർശനത്തിനുള്ളത്. കൃഷി ആവശ്യത്തിനുള്ള സാങ്കേതിക വിദ്യകളും യന്ത്രങ്ങളും ട്രാക്ടറുകളും പൗൾട്രി ഫാമുകൾക്ക് ആവശ്യമായ നൂതന ഉപകരണങ്ങളും മേളയിലുണ്ട്. പ്രാദേശിക ഫാമുകളുടെ പച്ചക്കറി, പഴം വിപണി പ്രത്യേകമായി തന്നെയുണ്ട്. പ്രീമിയം ക്വാളിറ്റിയിലുള്ള തക്കാളി, കുക്കുംബർ, കാപ്‌സിക്കം, വഴുതനങ്ങ, പുതിന-മല്ലിയില-പാഴ്‌സലി പോലുള്ള ഇല വർഗങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്ന് ലഭിക്കും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ വിലവിവര പട്ടിക അനുസരിച്ചാണ് നിരക്ക്. തൊട്ടപ്പുറത്താണ് അരി, ഭക്ഷ്യ എണ്ണ, പാസ്ത, ധാന്യങ്ങൾ എന്നിവയുടെ വിപണി. വിവിധ രാജ്യങ്ങളുടെ പവിലിയനുകളിലായി പലതരം പച്ചക്കറി-ഇല വർഗങ്ങൾ ഉണക്കി പൊടിച്ചത്, ചർമ സംരക്ഷണത്തിന് ഷിയാ ബട്ടർ പോലുള്ള സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഈന്തപ്പനയോലകളിൽ നിർമിതമായ സഞ്ചികൾ, ഗാർഹിക അലങ്കാര സാമഗ്രികൾ, മുള കൊണ്ടുള്ള കപ്പുകൾ, ഗ്ലാസുകൾ തുടങ്ങിയ കരകൗശലങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ചോക്‌ളേറ്റുകൾ, ജ്യൂസുകൾ, ബട്ടർ, ചീസ്, ഈന്തപ്പഴം കൊണ്ടുള്ള ഉൽപന്നങ്ങൾ, വ്യത്യസ്ത തരം തേനുകൾ എന്നിങ്ങനെ കാർഷിക, കരകൗശല, കൈത്തറി ഉൽപന്നങ്ങളാണ് കൂടുതലും. 15ന് ആരംഭിച്ച 4 ദിവസത്തെ പ്രദർശനം നാളെ സമാപിക്കും. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.

ഇന്ത്യൻ പവിലിയനുകൾ

ദോഹ∙ അഗ്രിടെക്കിലെ ഔദ്യോഗിക പവിലിയനുകളിൽ ഇന്ത്യയും. ഇന്ത്യൻ എംബസിയും എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിലും (ഐബിപിസി) ചേർന്നതാണ് ഇന്ത്യയുടെ പവിലിയൻ. വിവിധ തരം അരി, ധാന്യങ്ങൾ, ഇന്ത്യൻ കമ്പനിയായ അമൂലിന്റെ ക്ഷീര ഉൽപന്നങ്ങൾ, ഹൈഡ്രോപോണിക് കൃഷി രീതി, പോർട്ടബിൾ ഇൻഡോർ കണ്ടെയ്‌നർ എന്നിങ്ങനെ 7 കമ്പനികളാണ് ഇന്ത്യയുടെ പവിലിയനിലുള്ളത്. മുൻ വർഷങ്ങളിലും  അഗ്രിടെക്കിൽ ഇന്ത്യയുടെ പങ്കാളിത്തം സജീവമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS