ദുബായ്∙ റമസാനിൽ ഇഫ്താർ കിറ്റുകൾ വിതരണം നടത്താൻ പ്രത്യേക അനുമതി നേടണം. അനുമതിയില്ലാത്ത ഭക്ഷണ വിതരണം അനധികൃത ജീവകാരുണ്യ പ്രവർത്തനമെന്ന നിലയിൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കാവുന്ന കുറ്റമായി കരുതുമെന്നു ഇസ്‌ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് (ഔഖാഫ്) അറിയിച്ചു.
Also read: റമസാൻ വിളിപ്പാടകലെ, ഒരുക്കം സജീവം
സംഭാവനകൾ സ്വീകരിക്കുക, അനുമതി ഇല്ലാതെ പരസ്യം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ അനധികൃത ഭക്ഷണ വിതരണവും ഉൾപ്പെടും. 5000 മുതൽ 100000 ദിർഹം വരെയാണ് പിഴ. ഒരു മാസം ജയിൽ ശിക്ഷയും ഉണ്ടാകും. വിതരണം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്നും ഔഖാഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലം സമയം എന്നിവ മുൻകൂട്ടി ഔഖാഫിൽ അറിയിക്കണം. ഇതേ സ്ഥലത്തു മറ്റാരെങ്കിലും അനുമതി തേടിയാൽ അവർക്കു വേറെ പ്രദേശം നിർദേശിക്കാനും ഇതു സഹായിക്കും. പെർമിറ്റിനു www.iacad.gov.ae എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ആവശ്യമായ രേഖകൾ: എമിറേറ്റ്സ് ഐഡി, വിതരണം ചെയ്യുന്ന പ്രദേശത്തിന്റെ വിവരങ്ങൾ, എവിടെ നിന്നാണ് ഭക്ഷണം വാങ്ങുന്നത് എന്നതിന്റെ പൂർണമായ വിവരം. 800600 നമ്പറിൽ വിളിച്ചും പെർമിറ്റ് അനുമതി തേടാം.
English Summary: Up to Dh100,000 fine for distributing Iftar meals without permit.