ദുബായ്∙ റമസാനിലെ ഭിക്ഷാടനം തടയാൻ പൊലീസ് ശക്തമായ നടപടികൾ തുടങ്ങി. ഭിക്ഷാടന കേസുകളിൽ ഉൾപ്പെടുന്നവർക്കു വീസ നൽകുന്ന കമ്പനികൾ കുടുങ്ങും. വ്രതമാസം തുടങ്ങുന്നതോടെ യാചകരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകാറുണ്ട്.
Also read: റമസാൻ വിളിപ്പാടകലെ, ഒരുക്കം സജീവം
പുണ്യമാസത്തിലെ ദാനധർമങ്ങൾക്കു കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന വിശ്വസിക്കുന്നതിനാൽ, ഈ അവസരം യാചകർ പരമാവധി ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാർ സമൂഹ സുരക്ഷയ്ക്കു ഭീഷണി ആണെന്നും പൊലീസ് പറഞ്ഞു. വിവിധ തരം വീസ തരപ്പെടുത്തിയാണ് യാചകർ രാജ്യത്തു പ്രവേശിക്കുന്നത്.
വീസ നൽകുന്നത് വിനോദ സഞ്ചാര മേഖലയിലെ കമ്പനികളാണെങ്കിൽ അവർക്കെതിരെ താമസ കുടിയേറ്റ വകുപ്പ് നടപടി സ്വീകരിക്കും. ഇവരുടെ വീസ ക്വോട്ട മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. തെരുവുകളിലോ ആരാധനാലയങ്ങളിലോ വ്യാപാര സ്ഥാപനങ്ങളിലോ നടപ്പാതകളിലെ ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പരിലോ പൊലീസിന്റെ മൊബൈൽ ആപ് ഇ ക്രൈം വഴിയോ അറിയിക്കണം.