ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 20-ാമത് ദുബായ് ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ചാംപ്യൻഷിപ്പ് സന്ദർശിച്ചു. ഷെയ്ഖ ഹസ്സ ബിൻത് ഹംദാൻ അൽ മക്തൂം, ദുബായ് സാമ്പത്തിക വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ അൽ മർറി എന്നിവർ ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചു.
Read Also: യുഎഇയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷം; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ചാംപ്യൻഷിപ്പിന്റെ വിവിധ ഘടകങ്ങൾ ഷെയ്ഖ് മുഹമ്മദ് വിലയിരുത്തി. മത്സരത്തോട് ആളുകൾക്ക് ഇഷ്ടവും താത്പര്യവും വർധിച്ചുവരുന്നത് എമിറേറ്റിനെ ഒരു കുതിരസവാരി കേന്ദ്രമായും ലോകത്തെങ്ങുമുള്ള കുതിര ഉടമകളുടെ ലക്ഷ്യസ്ഥാനമായും ഉയർത്താൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഇൗ മാസം 19 വരെയാണ് ചാംപ്യൻഷിപ്പ്.

അറേബ്യൻ കുതിരകൾക്കായുള്ള ലോകോത്തര സൗന്ദര്യമത്സരത്തിൽ 14 വിഭാഗങ്ങളിലായി 151 കുതിരകൾ മത്സരിക്കുന്നുണ്ട്. 40 ലക്ഷം ഡോളറാണ് സമ്മാനത്തുക. യുഎഇയിലെയും ഖത്തറിലെയും കുതിരസവാരി സൗന്ദര്യമത്സരങ്ങളിലും ഫ്രാൻസിലെ പാരീസിൽ വർഷം തോറും നടക്കുന്ന ലോക കുതിര ചാംപ്യൻഷിപ്പിലും മെഡലുകൾ നേടിയ ഒട്ടേറെ കുതിരകൾ ഇപ്രാവശ്യം എത്തിയിട്ടുണ്ട്.
English Summary: sheikh mohammed bin rashid al maktoum visited dubai international arabian horse championship.