ADVERTISEMENT

അബുദാബി∙ മുൻകൂട്ടി വീസയെടുക്കാതെ യുഎഇയിലേക്കു വരാവുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി. നേരത്തെ 40 രാജ്യങ്ങളിൽ നിന്നു വീസ ഓൺ അറൈവൽ ലഭിച്ചിരുന്നതാണ് ഇപ്പോൾ 60 ആയി ഉയർന്നത്. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയാണ് വീസ ഓൺ അറൈവലിനു തടസ്സമായി പറയുന്നത്. യുഎസ് വീസയുള്ളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ പെർമനന്റ് റസിഡന്റ് വീസയുള്ള ഇന്ത്യക്കാർക്കും യുഎഇയിലേക്കു വീസ ഓൺ അറൈവലിൽ എത്താം.

Also Read: കേരളമെന്നു കേട്ടാൽ പറക്കാൻ മടിയാണ്; നാട്ടിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ വെട്ടിക്കുറച്ചു...

 

ഇവരുടെ വീസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 14 ദിവസത്തേക്ക് വീസ ഓൺ ‍അറൈവൽ ആണ് ഇവർക്കു ലഭിക്കുക. ഇത് 14 ദിവസത്തേക്കു കൂടി നീട്ടാം.ഉയർന്ന ജനസംഖ്യയുള്ള ചൈനയ്ക്കും വീസ ഓൺ അറൈവൽ നൽകിയിട്ടില്ല. വീസ ഓൺ അറൈവലിൽ 90 ദിവസം വരെ താമസിക്കാവുന്ന 40 രാജ്യങ്ങളും 30 ദിവസം താമസിക്കാവുന്ന 20 രാജ്യങ്ങളുമാണുള്ളത്. 90 ദിവസത്തെ വീസ ലഭിക്കുന്നതിൽ അധികവും യൂറോപ്യൻ രാജ്യങ്ങൾക്കാണ്. യുഎസ് വീസയുള്ളവർക്ക് 30 ദിവസം വരെ തങ്ങാം. 30 ദിവസത്തെ വീസ 10 ദിവസം കൂടി നീട്ടാം.

 

വീസ ഓൺ അറൈവൽ രാജ്യങ്ങളുടെ പട്ടിക സമയബന്ധിതമായി പരിഷ്ക്കരിക്കുന്നതിനാൽ യാത്രയ്ക്ക് മുൻപ് അതാതു രാജ്യത്തെ യുഎഇ എംബസി മുഖേന സാധുത പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ഡിജിറ്റൽ ഗവൺമെന്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ളവർ എൻട്രി പെർമിറ്റ് എടുത്തു വേണം വരാൻ. സ്വദേശിയോ യുഎഇയിലെ ഏതെങ്കിലും ഒരു കമ്പനിയോ റസിഡൻസ് വീസയുള്ള വ്യക്തിയോ എയർലൈനോ യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ടൂറിസം ‍ഏജൻസിയോ സ്പോൺസർ ചെയ്താലേ ഇവർക്കു വീസ ലഭിക്കൂ. ‌‌ ജിസിസി പൗരന്മാർക്ക് ഐഡി കാർഡ് മതി യുഎഇയിൽ പ്രവേശിക്കാം. പ്രത്യേക വീസയോ എൻട്രി പെർമിറ്റോ  ആവശ്യമില്ല. 

 

വിസിറ്റ്/ടൂറിസ്റ്റ് വീസയിൽ ജോലി പാടില്ല

 

വിസിറ്റ്, ടൂറിസ്റ്റ് വീസകളിൽ യുഎഇയിൽ എത്തിയവർ ശമ്പളത്തിനോ സൗജന്യമായോ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. താമസക്കുടിയേറ്റ, തൊഴിൽ നിയമം അനുസരിച്ച് വർക്ക് പെർമിറ്റും തൊഴിൽ വീസയും ഉള്ളവർക്കേ ജോലി ചെയ്യാൻ അനുവാദമുള്ളൂ. നിയമലംഘകർക്ക് തടവും പിഴയും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com