ജിദ്ദ ∙ ജിദ്ദ ചെങ്കടൽ തീരത്ത് നടന്ന ഫോർമുല വൺ ഗ്രാന്റ് പ്രീ കാറോട്ട മത്സരത്തിൽ സെർജിയോ പെരസ് ജേതാവായി. റെഡ്ബുൾ ആധിപത്യം പുലർത്തിയ മത്സരത്തിൽ ടീമിലെ മാക്‌സ് വെർസ്റ്റാപ്പനാണ് രണ്ടാം സ്ഥാനം.
ലോകത്തെ ഏറ്റവും വേഗമുള്ള എഫ് 1 സർക്യൂട്ട് ആയ ജിദ്ദയിൽ മെക്‌സിക്കോക്കാരനായ പെരസ് ആയിരുന്നു പോൾ പൊസിഷനിൽ. രണ്ടു തവണ ജെതാവാഴിയിട്ടുള്ള ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൻസോ തുടക്കത്തിൽ കുതിച്ചെങ്കിലും ഓട്ടത്തിനിടെ അഞ്ചു സെക്കൻഡ് പെനാൽറ്റി കിട്ടിയത് വിനയായി. മൂന്നാമതാണ് അലോൻസോ ഫിനിഷ് ചെയ്തത്. മെഴ്‌സിഡസ് ജോഡികളായ ജോർജ് റസലും മുൻ ജേതാവ് ലൂയിസ് ഹാമിൽട്ടണും അദ്ദേഹത്തിന് തൊട്ടുപിന്നാലെയായിരുന്നു.
സീസണിലെ ആദ്യ റെയ്‌സ് നടന്ന ബഹ്‌റൈൻ ജിപിയിൽനിന്ന് റെഡ് ബുൾ ജോഡി തങ്ങളുടെ ഫിനിഷിങ് പൊസിഷനുകൾ മാറ്റിമറിച്ചു. യോഗ്യതാ മത്സരത്തിനിടെ മെക്കാനിക്കൽ പ്രശ്‌നങ്ങളാൽ നിർത്തേണ്ടിവന്ന വെർസ്റ്റാപ്പൻ, തന്റെ 50-ാമത്തെയും അവസാനത്തെയും ലാപ്പിൽ റെയ്‌സിലെ തന്നെ ഏറ്റവും വേഗത്തിൽ ഓടിച്ച് അധിക പോയിന്റ് നേടി ലീഡ് നിലനിർത്തി.
English Summary: Sergio Perez wins the Saudi Arabian Grand Prix