അബഹ ∙ ഉംറ സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാനുള്ള ഫൊറൻസിക് പരിശോധന ഊർജിതമാക്കി. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തോടെ ഫൊറൻസിക് മെഡിക്കൽ സംഘം മരിച്ചവരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കുന്നുണ്ട്.
അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ നിർദേശാനുസരണം മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽഖർഖാഹ് പരുക്കേറ്റവരെ സന്ദർശിച്ചു. മഹായിൽ അസീർ പൊലീസ് മേധാവി ബ്രി. മുബാറക് അൽബിശ്‌രിയും ഗവർണറെ അനുഗമിച്ചു. പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും നൽകാൻ മഹായിൽ ഗവർണർ നിർദേശിച്ചു.

ബ്രേക്ക് തകരാറു മൂലം നിയന്ത്രണം വിട്ട ബസ് ശആർ ചുരം റോഡിൽ പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. സിവിൽ ഡിഫൻസും റെഡ് ക്രസന്റും സുരക്ഷാ വകുപ്പുകളും രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്. ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു.
English Summary: 21 Umrah pilgrims killed in Saudi bus accident