യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

SHARE

അബുദാബി∙ യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. ഏപ്രിലിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വാർഷിക പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടിയതും റമസാൻ, ഈദ് എന്നിവ അടുത്തു വരുന്നതും നിരക്ക് വർധനയ്ക്ക് കാരണമായി. ഇനി മധ്യവേനൽ കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്കിന്റെ ഗ്രാഫ് ഉയർന്നു നിൽക്കും.

Read also : ഒരുങ്ങി ഗ്രാൻ‍ഡ് മോസ്ക്; വിശ്വാസികളെ വരവേൽക്കാൻ

സീസൺ സമയത്ത് യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വിമാന സർവീസ് ഇല്ലാത്തതും നിരക്ക് ഉയരാൻ കാരണമായി. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആക്കി മാറ്റുന്നതോടെ സീറ്റുകളിൽ ഉണ്ടാകുന്ന കുറവും വിലവർധനയ്ക്ക് കാരണമായെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ മാസം യുഎഇയിൽ നിന്ന് കൊച്ചിയിലേക്ക് ശരാശരി 310 ദിർഹത്തിന് (6900 രൂപ) ടിക്കറ്റ് ലഭിച്ചിരുന്നത് ഇപ്പോൾ 650 ദിർഹത്തിനു (14621 രൂപ) മുകളിലായി. കണ്ണൂരിലേക്കാണെങ്കിൽ 750 ദിർഹമാകും (16871 രൂപ). നാലംഗ കുടുംബത്തിന് കേരളത്തിലേക്കു പോകാൻ മാത്രം ശരാശരി 2600 ദിർഹം (58486 രൂപ). തിരിച്ചുവരാൻ ഇതിന്റെ രണ്ടിരട്ടിയെങ്കിലും കൊടുക്കേണ്ടിവരും.

കൊച്ചിയിൽ നിന്ന് ദുബായിലേക്കു വരാൻ വൺവേക്ക് ശരാശരി 30,000 രൂപയാണ് നിരക്ക്. കഴിഞ്ഞ മാസം ശരാശരി 10,000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നു. നാലംഗ കുടുംബത്തിന് ദുബായിലേക്കു പോകാൻ മാത്രം 1.2 ലക്ഷം രൂപ വരും. തിരിച്ചു നാട്ടിലേക്കു പോകാൻ 1.5 ലക്ഷം രൂപയും വേണ്ടിവരും.  യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ അൽപം കുറയുകയും ചെയ്യും.

കോവിഡിനു ശേഷം യാത്ര ചെയ്യാനുള്ള ജനങ്ങളുടെ താൽപര്യം കൂടി. ഇന്ത്യയുമായി ഏറ്റവും അടുത്തുകിടക്കുന്ന പ്രദേശം, വീസ കിട്ടാനുള്ള എളുപ്പം, നാട്ടുകാരുടെ സാന്നിധ്യം എന്നീ ഘടകങ്ങളും യുഎഇയിലേക്ക് സീസൺ ഭേദമന്യെ ഇന്ത്യക്കാർ എത്തുന്നതിനു കാരണമാണ്.

English Summary : Air fares from UAE to Kerala has more than doubled

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA