ദുബായ് ∙ ഇന്ന് (22) ശഅബാൻ മാസത്തിലെ 30-ാം ദിവസമായിരിക്കുമെന്നും നാളെ (വ്യാഴം) ആയിരിക്കും യുഎഇയിൽ റമസാൻ ആരംഭമെന്നും യുഎഇ ചാന്ദ്രദർശന സമിതി അറിയിച്ചു. റമസാൻ വ്യാഴാഴ്ചയായിരിക്കുമെന്ന് സൗദിയും നേരത്തെ അറിയിച്ചിരുന്നു. ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്‌ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വ്രതമനുഷ്ഠിക്കുന്ന സമയമാണ്.
പുണ്യമാസത്തിൽ രാജ്യത്തെ പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ജോലി സമയം കുറച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾക്കും ഫെഡറൽ അധികാരികൾക്കും തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഔദ്യോഗിക ജോലി സമയം ക്രമീകരിച്ച് എഫ്എഎച്ച്ആർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അതേസമയം, സ്വകാര്യ മേഖലയെ സംബന്ധിച്ചിടത്തോളം റമസാനിൽ ജോലി ഷിഫ്റ്റുകൾ രണ്ട് മണിക്കൂർ കുറയ്ക്കുമെന്നും യുഎഇയുടെ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.