ADVERTISEMENT

അബുദാബി∙ ലോക മുസ്‍ലിംകളുടെ ജീവിതത്തിലേക്കു വിശ്വാസത്തിന്റെ ചൈതന്യം പകർന്ന് വീണ്ടും വിശുദ്ധ റമസാൻ എത്തി. ഉപവാസത്തോടൊപ്പം ഉപാസനയും; രാപകലുകളെ പ്രാർഥനാ മുഖരിതമാക്കി വിശ്വാസികൾ. റമസാനിലെ പ്രത്യേക നിശാ പ്രാർഥനയായ തറാവീഹിന് ഇന്നലെ രാത്രി തുടക്കം കുറിച്ചു. ആദ്യ തറാവീഹീന് നൂറുകണക്കിന് വിശ്വാസികൾ എത്തിയിരുന്നു. ഇസ്‍ലാമിന്റെ 5 അടിസ്ഥാന ശിലകളിൽ നാലാമത്തേതാണ് റമസാൻ മാസത്തിലെ വ്രതാനുഷ്ഠാനം.

Also read: പുതിയ വീടിനു വായ്പ ലഭിച്ചില്ല; നിരാശക്കിടെ പ്രവാസി മലയാളിയെ തേടിയെത്തിയത് 2 കോടിയുടെ ഭാഗ്യം

സത്യസാക്ഷ്യവും 5 നേരത്തെ നമസ്കാരവും നിർബന്ധ ദാനവും ഹജ് തീർഥാടനവും പോലെ സുപ്രധാനമാണ് നോമ്പ്.  പുലർവേള മുതൽ സന്ധ്യ വരെ (സുബ്ഹി മുതൽ മഗ്‍രിബ് വരെ) അന്നപാനീയങ്ങൾ പൂർണമായും വർജിക്കുന്നതാണ് വ്രതാനുഷ്ഠാനം. മഗ്‍രിബ് ബാങ്ക് വിളിച്ച ഉടൻ കാരയ്ക്കയോ ഈന്തപ്പഴമോ വെള്ളമോ കഴിച്ച് വ്രതത്തിൽനിന്ന് മുക്തരായ ശേഷം ഭക്ഷണം കഴിക്കാം. വ്രതാനുഷ്ഠാനത്തെപ്പോലെ തന്നെ സമൂഹ നോമ്പുതുറയ്ക്കും വലിയ പ്രാധാന്യമുണ്ട്. കോവിഡ് ഇടവേളയ്ക്കുശേഷം പള്ളികളിലും പൊതു ടെന്റുകളിലും സമൂഹ നോമ്പുതുറയും ഇത്തവണ സജീവമാകും.

നമസ്കാര സമയം

ളുഹർ 12,28, അസർ 3.53, മഗ്‌രിബ് 6.35, ഇശാ 7.49, നാളത്തെ സുബ്ഹി 5.01 (ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റിൽ താമസിക്കുന്നവർക്കുള്ള നമസ്കാര സമയമാണിത്. അബുദാബിയിലുള്ളവർ ഈ സമയത്തിൽ നിന്ന് 4 മിനിറ്റ് കൂട്ടണം. റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റിലുള്ളവർ 4 മിനിറ്റും ഫുജൈറ എമിറേറ്റിലുള്ളവർ 6 മിനിറ്റും കുറയ്ക്കണം.)

വിവിധ സേവനങ്ങളുടെ സമയത്തിൽ മാറ്റം

അബുദാബി ∙ റമസാനിൽ അബുദാബിയിലെ പെയ്ഡ് പാർക്കിങ്, ടോൾ, ബസ്, ഉപഭോക്തൃ സേവന കേന്ദ്രം എന്നിവയുടെ സമയത്തിൽ മാറ്റം വരുത്തിയതായി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. 

പെയ്ഡ് പാർക്കിങ്

തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ അർധ രാത്രി വരെ പാർക്കിങ്ങിന് പണം അടയ്ക്കണം. ഞായറാഴ്ച സൗജന്യം.

ടോൾ

തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയും ടോൾ ഈടാക്കും. ഞായറാഴ്ച സൗജന്യം.

ബസ് സമയം അബുദാബി

സിറ്റി സർവീസ് രാവിലെ 5 മുതൽ പുലർച്ചെ ഒരു മണി വരെ. ഉൾപ്രദേശങ്ങളിൽ രാവിലെ 6 മുതൽ രാത്രി 10 വരെ

അൽഐൻ

സിറ്റി സർവീസ് രാവിലെ 7 മുതൽ പുലർച്ചെ 2 മണി വരെ. ഉൾപ്രദേശങ്ങളിൽ രാവിലെ 6 മുതൽ രാത്രി 11 വരെ

അൽദഫ്റ

ഇഫ്താർ സമയത്തെ ഇടവേളയൊഴിച്ച് നിലവിലെ സമയത്തിൽ മാറ്റമില്ല. എക്സ്പ്രസ് സർവീസ് രാവിലെ 6 മുതൽ രാത്രി 11 വരെ. വാരാന്ത്യങ്ങളിൽ ഒരു മണിവരെയും.

ബസ് ഓൺ ഡിമാൻഡ്

അബുദാബി ലിങ്ക്സ് ബസ് സർവീസ് രാവിലെ 6 മുതൽ രാത്രി 11 വരെ.  

ഉപഭോക്തൃ സേവന കേന്ദ്രം

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ രാത്രി 11 വരെ.

ട്രക്ക്,ബസ് പ്രവേശനത്തിന് നിയന്ത്രണം

അബുദാബി∙ റമസാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്ക്, തൊഴിലാളി ബസ് എന്നിവയ്ക്ക് നഗരത്തിലേക്കു പ്രവേശന വിലക്ക്. അബുദാബി, അൽഐൻ റൂട്ടുകളിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയുമാണ് വിലക്ക്. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധന

ദുബായ്∙ റമസാനിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി ദുബായ് നഗരസഭ. ഹോട്ടൽ, റസ്റ്ററന്റ്, പാചക കേന്ദ്രങ്ങൾ, പഴം, പച്ചക്കറി, പലചരക്ക് മാർക്കറ്റുകൾ, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം മിന്നൽ പരിശോധന തുടരും. ഭക്ഷ്യവസ്തുക്കളുടെ സംഭരണം, ക്രയവിക്രയം, പാചകം, വിതരണം എന്നിവയെല്ലാം പരിശോധനാ വിധേയമാക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹിർ പറഞ്ഞു. നിയമലംഘകർക്ക് പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികളിലേക്കു നീങ്ങും.അറവുശാലകളിലും പരിശോധനയുണ്ടാകും. മൃഗങ്ങളെ അറുക്കാൻ അശാസ്ത്രീയമായ രീതി സ്വീകരിക്കരുതെന്നും നഗരസഭ ഒരുക്കിയ അറവുശാലയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തിങ്കൾ മുതൽ  വെള്ളി വരെ രാവിലെ 8 മുതൽ 4 വരെയാണ് പ്രവൃത്തി സമയം. ജുമുഅ നമസ്കാരത്തിനായി വെള്ളിയാഴ്ച 11 മുതൽ 2 വരെ അടയ്ക്കും. സംശയനിവാരണത്തിന് 800 900 നമ്പറിൽ 24 മണിക്കൂറും വിളിക്കാം.

English Summary : Holy Ramadan arrives infusing the spirit of faith into the lives of muslims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com