അബുദാബി∙ കണ്ണൂർ ഉൾപ്പെടെ ഇന്ത്യ-യുഎഇ സെക്ടറിൽ കൂടുതൽ വിമാന സർവീസ് നടത്താൻ അനുവദിക്കണമെന്ന യുഎഇയുടെ ആവശ്യം ഇന്ത്യ നിരസിച്ചു. നിലവിൽ ഈ സെക്ടറിൽ ആഴ്ചയിൽ 65,000 സീറ്റാണ് ഉള്ളത്. 50,000 സീറ്റുകൂടി വർധിപ്പിക്കണം എന്നായിരുന്നു യുഎഇയുടെ ആവശ്യം.
Also read: പുതിയ വീടിനു വായ്പ ലഭിച്ചില്ല; നിരാശക്കിടെ പ്രവാസി മലയാളിയെ തേടിയെത്തിയത് 2 കോടിയുടെ ഭാഗ്യം
എന്നാൽ സർവീസ് വർധിപ്പിക്കാൻ ആലോചിക്കുന്നില്ല എന്നായിരുന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി. കണ്ണൂരിനു പുറമേ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുണെ, ഗോവ, അമൃത് സർ, ഭുവനേശ്വർ, ഗുവാഹത്തി എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കാനുള്ള യുഎഇ എയർലൈനുകളുടെ അപേക്ഷ തള്ളി.
എയർ അറേബ്യ, ഫ്ലൈ ദുബായ്, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈനുകളാണ് ഇന്ത്യയിലേക്ക് കൂടുതൽ സർവീസിന് ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സമ്മർദമാണ് അനുമതി നിഷേധിക്കുന്നതിലേക്കു നയിച്ചതെന്നാണ് സൂചന. തീരുമാനം യുഎഇയിൽ വസിക്കുന്ന 35 ലക്ഷത്തിലേറെ ഇന്ത്യക്കാർക്കും തിരിച്ചടിയാണെന്ന് ട്രാവൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
യുഎഇയിലേക്കു മാത്രമല്ല മറ്റു ജിസിസി രാജ്യങ്ങളിലേക്കും വിമാന സർവീസ് വർധിപ്പിക്കുന്നത് പരിഗണനയിൽ ഇല്ലെന്നും ഇന്ത്യയിൽ കൂടുതൽ വിമാനത്താവളങ്ങളും ദീർഘദൂര സർവീസുകളും ആരംഭിക്കുന്നതിലാണ് ശ്രദ്ധയെന്നും മന്ത്രി വ്യക്തമാക്കി.