ADVERTISEMENT

ദുബായ്∙ ചിക്കൻ, മുട്ട എന്നിവയുടെ വില വർധനയ്ക്കു പിന്നാലെ മറ്റ് അവശ്യവസ്തുക്കൾക്കും വില വർധിക്കുമെന്ന ആശങ്ക വേണ്ടെന്നു സാമ്പത്തിക മന്ത്രാലയം. റമസാൻ കാലത്ത് അടിസ്ഥാന അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യത്യസ്ത കമ്പനികളുടെ അവശ്യ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. വിലക്കുറവുള്ള വസ്തുക്കൾ തിരഞ്ഞെടുക്കാൻ ഇതുവഴി കഴിയും. കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കുമുണ്ടായ വില വർധനാനുമതി നിശ്ചിത ദേശീയ ഉൽപാദന കമ്പനികൾക്ക് മാത്രമാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽശാംസി അറിയിച്ചു.

13 ശതമാനമാണ് കോഴിക്കും മുട്ടയ്ക്കും വില വർധിച്ചത്. ഇതു താൽക്കാലികമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോഴിത്തീറ്റയ്ക്കും അനുബന്ധ ഉൽപന്നങ്ങൾക്കുമുണ്ടായ 40% വില വർധനയും ഫാമുകളുടെ നടത്തിപ്പ് ചെലവും പരിഗണിച്ചാണ് വർധന നടപ്പാക്കിയത്. വർധന ഏതാനും മാസങ്ങൾക്ക് ശേഷം പുന:പരിശോധിക്കും. ഉൽപാദനച്ചെലവ് കുറയുന്നതിന്റെ അടിസ്ഥാനത്തിൽ പഴയ വിലയിലേക്ക് തിരിച്ചു പോകുമെന്നും അബ്ദുല്ല പറഞ്ഞു. 

പരാതികൾക്ക് പരിഹാരം

ഉയർന്ന വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം 590 പരാതികൾ മന്ത്രാലയത്തിൽ ലഭിച്ചു. 513 എണ്ണം തീർപ്പാക്കി. കഴിഞ്ഞ വർഷം 3313 പരാതികളിലും‍ 97% പരിഹരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

വിപണി സജീവം

റമസാനിൽ വിപണികളിൽ അവശ്യവസ്തുക്കൾ സുലഭമാണ്. റമസാനു മുന്നോടിയായി വിതരണ കമ്പനികളുമായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ 26 കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അരി, പഞ്ചസാര, ഇറച്ചി, ചിക്കൻ, മത്സ്യം, പാൽ, പാലുൽപന്നങ്ങൾ, ജ്യൂസ് എന്നിവയുടെയെല്ലാം ലഭ്യത കമ്പനികൾ ഉറപ്പാക്കി. ദുബായിലേക്കു മാത്രം പഴങ്ങളും പച്ചക്കറികളും 19000 ടൺ എത്തും. അബുദാബിയിലേക്കു 6000 ടൺ ഉൽപന്നങ്ങളും എത്തും. 

സുരക്ഷ ഉറപ്പ്

വിൽപനയ്ക്ക് എത്തുന്ന സാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ഇതിനോടകം 8170 പരിശോധനകൾ പൂർത്തിയാക്കി. 1030 നിയമലംഘനങ്ങൾ പിടികൂടി. കഴിഞ്ഞ വർഷം 94,123 പരിശോധനകൾ നടത്തി 4227 നിയമലംഘനങ്ങൾ പിടികൂടിയിരുന്നു.

സുരക്ഷിത ഭക്ഷണം ഉറപ്പാക്കും

ദുബായ്∙ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി. അറവുശാലകളിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ഉറപ്പാക്കും. ഹത്തയിലും അൽക്കൂസിലുമുള്ള അറവുശാലകളിൽ കാത്തിരിപ്പു സൗകര്യം വർധിപ്പിച്ചു. 

തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 8 മുതൽ 4 വരെ അറവുശാലകൾ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ 11 മുതൽ 2വരെ ഇടവേളയുണ്ടാകും. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് അറവുശാലകളിൽ മാത്രമേ മൃഗങ്ങളെ അറക്കാവൂ എന്നും മുനിസിപ്പാലിറ്റി നിർദേശിച്ചു. പുറമേയുള്ള അറവു കേന്ദ്രങ്ങൾ അനുവദിക്കില്ല. ജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. വിളിക്കേണ്ട നമ്പർ – 800900. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എന്തു ചോദ്യവും ഉന്നയിക്കാം. 

തെർമൽ അറകളിൽ മൂടികളോടെ മാത്രമേ ഭക്ഷണം വിളമ്പി വയ്ക്കാവൂ. ഉപയോഗിക്കുന്ന എണ്ണയുടെ ശുദ്ധത അടക്കം പരിശോധിക്കും. ഭക്ഷണമുണ്ടാക്കുന്നവർക്കു വ്യക്തി ശുചിത്വവും ഭക്ഷണ സുരക്ഷ സംബന്ധിച്ചു ബോധവൽക്കരണവും ആവശ്യമാണ്. ഭക്ഷണ വിതരണം ചെയ്യുന്നവർ ശുചിത്വം ഉറപ്പാക്കണം. കയ്യുറകളും ഹെയർനെറ്റുകളും ധരിച്ചിരിക്കണം. 

റസ്റ്ററന്റുകൾ, ഭക്ഷ്യവസ്തുക്കളുടെ സംഭരണ കേന്ദ്രങ്ങൾ, വാട്ടർ ഫ്രണ്ട് മാർക്കറ്റ് ഉൾപ്പെടെയുള്ള ചന്തകൾ, ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കേറ്ററിങ് സർവീസുകൾ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com