ഭിക്ഷാടനം: ശക്തമായ നടപടിയുമായി യുഎഇ, ജയിൽ ശിക്ഷയും പിഴയും ഉറപ്പ്

beggar-uae
SHARE

അബുദാബി ∙ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയുമായി യുഎഇ. ഭൗതികമായതോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ ആനുകൂല്യം അഭ്യർഥിച്ചാൽ 3 മാസത്തിൽ കൂടാത്ത സമയത്തേയ്ക്ക് ശിക്ഷിക്കപ്പെടുകയും 5,000 ദിർഹത്തിൽ കുറയാത്ത തുക പിഴ ചുമത്തുകയും ചെയ്യുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ (പിപി) വെള്ളിയാഴ്ച സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ച വിഡിയോയിൽ വ്യക്തമാക്കി. 2021ലെ 31-ാം നമ്പർ ഫെഡറൽ ഡിക്രി-നിയമത്തിന്റെ ആർട്ടിക്കിൾ 475 അനുസരിച്ചാണിത്.‌

Read also : റമസാൻ ചൈതന്യം നിറഞ്ഞ് രാജ്യം

യാചകൻ ശാരീരികമായി വൈകല്യമുള്ളയാളല്ലെങ്കിലോ, അല്ലെങ്കിൽ അയാൾക്ക്/അവൾക്ക് പ്രത്യക്ഷമായി ജീവിക്കാനുള്ള വഴിയുണ്ടെങ്കിലോ ഭിക്ഷാടനം ഇൗ നിയമത്തിനു കീഴിൽ വരും. അല്ലെങ്കിൽ മുറിവുകളോ സ്ഥിരമായ വൈകല്യങ്ങളോ ഉള്ളതായി ഭിക്ഷക്കാരൻ കെട്ടിച്ചമച്ചതാണെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ഒരു സേവനം ചെയ്യുന്നതായി നടിക്കുന്നുവെങ്കിലും നിയമത്തിന്റെ പിടിവീഴും. മറ്റുള്ളവരെ സ്വാധീനിക്കുന്നതിനായി മറ്റേതെങ്കിലും വഞ്ചനാ മാർഗങ്ങൾ അല്ലെങ്കിൽ സഹാതപം തോന്നിപ്പിക്കുന്ന വഴികൾ അവലംബിക്കുകയാണെങ്കിലും ശിക്ഷിക്കപ്പെടും. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമാവബോധം വളർത്തുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. റമസാനിൽ രാജ്യത്ത് ഭിക്ഷാടനം വർധിക്കാനുള്ള സാഹചര്യമുള്ളതുകൊണ്ടാണ് അധികൃതര്‍ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്. പൊതുജനങ്ങളുടെ സഹതാപം നേടി പണം വസൂലാക്കുന്നതിനായി യാചകർ കഥകൾ മെനഞ്ഞെടുക്കുന്നുവെന്നും അവ വിശ്വസിക്കരുതെന്നും അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങൾ പള്ളികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഭിക്ഷാടകർ കൂടുതലും പ്രവർത്തിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ക്യാംപെയ്നുകൾ നടത്തുന്നുണ്ടെന്നും തെരുവിലെ ഭിക്ഷാടനം കുറയ്ക്കുന്നതിന് പൊതുജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്നും നിർദേശിച്ചു. വ്രതമാസത്തിന്റെ പവിത്രയ്ക്കു പോറലേല്‍പ്പിക്കുന്ന വിധത്തിലാണ് യാചകര്‍ തെരുവിലിറങ്ങുക. രോഗം മാറാന്‍ യുഎഇയിലെ ആശുപത്രികളില്‍ ചികിൽസ, അംഗവൈകല്യത്തിനു ശസ്ത്രക്രിയ, ഉറ്റവര്‍ക്ക് നാട്ടില്‍ ചികിൽസ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് സ്ത്രീകളും കുട്ടികളും ഭിക്ഷാടനം നടത്തുന്നത്. ചിലര്‍ കുട്ടികളെ യാചനയ്ക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്. 

Sharjah Begging

ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കുക

വ്യക്തിപരമായി സംഭാവന വിതരണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം. സംഭാവനകൾ ശരിയായ ആളുകളിലേയ്ക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക ചാനലുകൾ, സ്ഥാപനങ്ങൾ, ജീവകാരുണ്യ കേന്ദ്രങ്ങൾ എന്നിവയെ സമീപിക്കണം. ഇതിലൂടെ ഭിക്ഷാടകരെ ഒരളവുവരെ ഒഴിവാക്കാൻ സാധിക്കും.  അനധികൃത പണപ്പിരിവ്‌ സംബന്ധിച്ചു വിവരം നൽകാൻ സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിച്ചു.

വിവരങ്ങൾ നൽകാൻ

അബുദാബി: 9998002627, ദുബായ്‌: 800243, ഷാർജ: 06 563 2222, റാസൽഖൈമ: 07 2053372, അജ്മാൻ: 06 7401616, ഉമ്മുൽഖുവയ്ൻ: 999, ഫുജൈറ: 09 2224411, 09 2051100

English Summary : Fine and jail term for begging in UAE

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA