ADVERTISEMENT

അബുദാബി/അൽഐൻ∙ മക്കൾക്ക് സ്കൂൾ അഡ്മിഷൻ കിട്ടാതെ മലയാളികൾ ഉൾപ്പെടെ പ്രവാസി രക്ഷിതാക്കൾ ആശങ്കയിൽ. സ്കൂളിന്റെ ശേഷിയെക്കാൾ കൂടുതൽ വിദ്യാർഥികളെ ചേർക്കരുതെന്ന നിയമം അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) കർശനമാക്കിയിരുന്നു.

Also read: അനുജന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചു കരയുന്ന സഹോദരി; ചിത്രം പകർത്തിയ കലാകാരനും മരണം

ശേഷിയെക്കാൾ കൂടുതൽ കുട്ടികളുള്ള സ്കൂളുകൾക്ക് നിശ്ചിത എണ്ണം കുറയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് കർശന നിർദേശം ലഭിച്ചത്. ജോലി മാറ്റം മൂലം വിവിധ സ്ഥലങ്ങളിലേക്കു താമസം മാറേണ്ടിവന്നവരും നാട്ടിൽനിന്ന് പുതുതായി കുടുംബത്തെ യുഎഇയിൽ എത്തിച്ചവരുമാണ് അഡ്മിഷനു വേണ്ടി അലയുന്നത്.

വർധിച്ച ഫീസ് നൽകി വിദേശ സിലബസ് സ്കൂളിൽ ചേർക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത രക്ഷിതാക്കൾ അഡെക്കിന് പരാതി നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കുടുംബത്തെ നാട്ടിലേക്കു തിരിച്ചയയ്ക്കാനാണ് ഇവരുടെ തീരുമാനം. നാട്ടിൽ നിന്നും വ്യത്യസ്തമായി യുഎഇയിൽ ഇന്ത്യൻ സിലബസ് സ്കൂളുകളിൽ മാർച്ചിലെ വാർഷിക പരീക്ഷ കഴിഞ്ഞ് ഫലപ്രഖ്യാപനവും നടത്തി ഏപ്രിൽ 10ന് പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ തുടങ്ങും. മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആയതിനാലാണ് സ്കൂളുകൾ നേരത്തെ തുടങ്ങുന്നത്.

ഏപ്രിലിൽ അധ്യയനം തുടങ്ങുന്നതിന് മുന്നോടിയായി ഒക്ടോബർ, നവംബർ മാസങ്ങളിൽ തന്നെ അഡ്മിഷൻ എടുത്തുതുടങ്ങുകയാണ് പതിവ്. എന്നാൽ പുതിയ അധ്യയനം ആരംഭിക്കാൻ 2 ആഴ്ച അവശേഷിക്കെ അനിശ്ചിതത്വം തുടരുകയാണ്. 89 സ്വകാര്യ സ്കൂളുകളുള്ള അൽഐനിൽ ഫലജ് ഹസ്സ ഏരിയയിലാണ് 30 സ്കൂളുകൾ ‍പ്രവർത്തിക്കുന്നത്. ഇതിൽ 8 എണ്ണം ഇന്ത്യൻ സ്കൂളുകളാണ്. ഒരിടത്തും സീറ്റില്ലെന്നാണ് അറിയുന്നത്.

എന്നാൽ ഇക്കാര്യം മറച്ചുവച്ച് വരുന്ന കുട്ടികളിൽ നിന്നെല്ലാം ചില സ്കൂളുകൾ 650 ദിർഹം വീതം അഡ്മിഷൻ ഫീസ് വാങ്ങുന്നതായും പരാതിയുണ്ട്. സീറ്റ് കിട്ടിയില്ലെങ്കിൽ ഈ ഫീസ് തിരിച്ചുകൊടുക്കുകയുമില്ല. ഫലത്തിൽ രക്ഷിതാക്കൾക്ക് നഷ്ടം പണവും സീറ്റും.! 

നിയമം

അഡെകിന്റെ നിയമം അനുസരിച്ച് കെ.ജി ക്ലാസുകളിലെ ഒരു കുട്ടിക്ക് 2.2 ചതുരശ്ര മീറ്ററും 1–12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് 1.67 ചതുരശ്ര മീറ്റർ സ്ഥലവും വേണമെന്നാണ് നിബന്ധന. ഇതനുസരിച്ച് ഓരോ സ്കൂളിന്റെയും സൗകര്യം പരിഗണിച്ച് പരിധി നിശ്ചയിച്ചിട്ടുണ്ട്.  

ഒരു ക്ലാസിൽ 25–30 കുട്ടികൾ

കെ.ജിയിലെ ഒരോ ക്ലാസുകളിലും പരമാവധി 25 കുട്ടികളും 1–12 ഓരോ ക്ലാസുകളിലും 30 കുട്ടികളുമാണ് അനുവദിച്ചത്.  വർഷാവസാനത്തോടെ ടി.സി എടുത്തു പോകുന്ന കുട്ടികളുടെ എണ്ണം മുന്നിൽക്കണ്ട് ഓവർ ബുക്കിങ് നടത്തി വെയ്റ്റിങ് ലിസ്റ്റിൽ ഇടുന്ന പതിവും ഇനി നടക്കില്ല. ടി.സി എടുത്തു പോയാലും നിലവിലുള്ള കുട്ടികളെ സ്ഥിരപ്പെടുത്തേണ്ടതിനാൽ പുതിയ കുട്ടികളെ എടുക്കാനാവില്ല. 

സ്കൂളിന്റെ സാധ്യത

ക്ലാസ് മുറികളുടെ എണ്ണം വർധിപ്പിച്ച് അഡെക്കിന് റിപ്പോർട്ട് സമർപ്പിച്ച് അനുമതി ലഭിച്ചാൽ കൂടുതൽ കുട്ടികളെ എടുക്കാം. അല്ലെങ്കിൽ കൂടുതൽ സൗകര്യമുള്ള സ്ഥലത്ത് മറ്റു കെട്ടിടത്തിലേക്കു മാറേണ്ടിവരും.

എന്തുകൊണ്ട് ?

ശേഷിയെക്കാൾ കൂടുതൽ വിദ്യാർഥികളെ ചേർക്കുന്നത് പ്രദേശത്തെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്  എന്നാണ് സംയോജിത ഗതാഗത കേന്ദ്രത്തിന്റെ (ഐടിസി) റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com