ദോഹ∙ തകർന്നു വീണ കെട്ടിടത്തിനടിയിൽ നിന്നു ലഭിച്ച കുഞ്ഞനുജന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചു കരയുന്ന സഹോദരിയുടെ ചിത്രം ക്യാൻവാസിൽ പകർത്തിയ കലാകാരൻ, ആഴ്ചകൾക്കുള്ളിൽ അതുപോലൊരു അപകടത്തിൽ പ്രിയപ്പെട്ടവരുടെ കണ്ണുനിറച്ച് കടന്നുപോയതിന്റെ ആഘാതത്തിലാണ് ദോഹയിലെ മലയാളികൾ. ഇനിയും വരയ്ക്കാൻ ഒരായിരം ചിത്രങ്ങളും പാടാൻ ഒരുപിടി നല്ല ഗാനങ്ങളും ബാക്കിയാക്കി വിടപറഞ്ഞുപോയ ഫൈസൽ കുപ്പായി ദോഹയുടെ പ്രിയ കലാകാരനായിരുന്നു.
Also read: നിയമം കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്; സീറ്റ് കിട്ടാതെ രക്ഷിതാക്കൾ
അനുശോചനക്കുറിപ്പുകളും സങ്കടത്തിന്റെ നിറമുള്ള ഓർമക്കഥകളും പങ്കുവയ്ക്കുന്ന അടുത്ത സുഹൃത്തുക്കൾ വിതുമ്പുന്നത് ‘അവസാന ചിത്രം പേലെ നീയും പോയല്ലോ ഫൈസൽ’ എന്ന് പറഞ്ഞുകൊണ്ടാണ്. ബുധനാഴ്ച രാവിലെ മൻസൂറയിൽ 4 നില കെട്ടിടം തകർന്നു വീണതിന് ശേഷം ഫൈസലിന്റെ ഫോൺ ഓഫായിരുന്നു. ഫൈസൽ താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നു വീണതെന്നറിഞ്ഞതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അന്വേഷണം ആശുപത്രികളിലേക്കും മോർച്ചറിയിലേക്കും നീണ്ടു.
വെള്ളിയാഴ്ച ഫൈസലിന്റെയും, ഇന്നലെ ഒപ്പം മുറിയിൽ താമസിച്ചിരുന്ന മലപ്പുറം പൊന്നാനി സ്വദേശി നൗഷാദ് മണ്ണുറയിലിന്റെയും മൃതദേഹം തിരിച്ചറിഞ്ഞു. നോമ്പ് ഒരുക്കങ്ങൾക്കിടെയുണ്ടായ കെട്ടിടദുരന്തത്തിന്റെയും പ്രിയപ്പെട്ടവരുടെ മരണത്തിന്റെയും ഞെട്ടലിലാണ് ദോഹയിലെ മലയാളികൾ.
സൗഹൃദങ്ങളെ നെഞ്ചേറ്റിയയാൾ
അലസമായ വസ്ത്രധാരണവും ലളിതമായ പെരുമാറ്റവും; സൗഹൃദങ്ങളെ നെഞ്ചോടു ചേർത്തുവയ്ക്കുന്ന മനുഷ്യൻ. അതായിരുന്നു ഫൈസൽ കുപ്പായി. മുൻപിലിരിക്കുന്നയാളുടെ മുഖം ഞൊടിയിടയിൽ ക്യാൻവാസിൽ വരയ്ക്കുന്ന 'ഇൻസ്റ്റന്റ് പോർട്രെയ്റ്റ്' കലാകാരൻ. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഖത്തറിലേക്ക് എത്തിയിട്ട് 4 വർഷം മാത്രം.
എങ്കിലും, ഫൈസലിന്റെ മധുരമൂറും ഗാനങ്ങളും ജീവൻതുടിക്കുന്ന പോർട്രെയ്റ്റുകളും മലയാളി മനസ്സുകളിൽ ചിരപരിചയം നേടി. ഇരുത്തം വന്ന അപൂർവ കലാ പ്രതിഭ.പക്ഷേ, ജാടകളോ അഹങ്കാരമോ ഇല്ലാത്ത, പരിചയപ്പെടുന്നവർക്കെല്ലാം പ്രിയപ്പെട്ടവൻ. ദോഹയെ ഇത്രയധികം കണ്ണീരിലാഴ്ത്താൻ കാരണവും ഇതുതന്നെ. സന്നദ്ധ പ്രവർത്തനങ്ങളിലും ഫൈസൽ സജീവമായിരുന്നു. ചെറുപ്പം മുതലേ വരകളുടെയും സംഗീതത്തിന്റെയും ലോകത്താണ് ഫൈസലിന്റെ ജീവിതം.
നേരത്തെ സ്വന്തമായി ആര്‍ട് സ്റ്റുഡിയോ ഉണ്ടായിരുന്നു. പിന്നീട് താമസിച്ചിരുന്ന മുറി തന്നെ കലാ ലോകമാക്കി മാറ്റി. പ്രവാസികളുടെയും സ്വദേശികളുടെയും ഉള്‍പ്പെടെ ദോഹയിലെ നൂറുകണക്കിനാളുകളുടെ പോര്‍ട്രെയ്റ്റുകള്‍ ഫൈസലിന്റെ വരകളില്‍ നിറഞ്ഞു. നാട്ടില്‍ നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ ചുമരുകളെ അലങ്കരിക്കാനുള്ള ചിത്രങ്ങളിലെ പൂര്‍ത്തിയാക്കാതെ പോയ നിറങ്ങള്‍ പോലെ അകാലത്തില്‍ പൊലിഞ്ഞ ഫൈസലും ഇനി ദോഹയുടെ ഓര്‍മകളില്‍ അനശ്വര കലാകാരനായി തുടരും.
നിലമ്പൂര്‍ ചന്തകുന്ന് അബ്ദുല്‍ സമദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: റബീന. റന ഫൈസല്‍ (ബിരുദ വിദ്യാര്‍ഥിനി), നദ, മുഹമ്മദ് ഫെബിന്‍ (സ്‌കൂള്‍ വിദ്യാര്‍ഥികള്‍) എന്നിവര്‍ മക്കളാണ്.