മക്ക∙റമസാനിൽ തീർഥാടരുടെ തിരക്ക് വർധിച്ചതോടെ മക്കയിൽ ഗതാഗത നിയന്ത്രണം ശക്തമാക്കി. പള്ളിക്കു പുറത്തും വിപുലമായ ക്രമീകരണങ്ങളാണ് ഹറം സുരക്ഷ സേനയും ട്രാഫിക് വിഭാഗവും ഒരുക്കിയിരിക്കുന്നത്.
ഹറമിനുള്ളിൽ തീർഥാടകരുടെ നീക്കം നിയന്ത്രിക്കുന്നതിന് 500 ഉദ്യോഗസ്ഥരെ നിയമിച്ചു. ഹറമിന് പുറത്തെ പാർക്കിങ്ങുകളിൽ വാഹനം നിർത്തി അവിടെ നിന്നു ബസുകളിലോ മറ്റോ ഹറമിനടുത്ത പാർക്കിങ്ങുകളിലെത്തിക്കും. ശേഷം ഹറമിലേക്കു നടന്നുപോകണം. ജിദ്ദ എക്‌സ്പ്രസ് വേയിലെ ശുമൈസി പാർക്കിങ്ങിൽ നിന്നു ബാബ് അലി സ്റ്റേഷൻ , മദീന റോഡിലെ അൽനവാരിയ സ്‌റ്റേഷനിൽ നിന്ന് ജർവൽ സ്‌റ്റേഷൻ, അല്ലൈത്ത് പാർക്കിങ്ങിൽ നിന്ന് പ്രിൻസ് മിത്അബ് സ്‌റ്റേഷനും അജ്‌യാദ് അൽമസാഫി സ്‌റ്റേഷനും, തായിഫ് റോഡിലെ അൽഹദാ പാർക്കിങിൽ നിന്ന് കിഴക്ക് ഭാഗത്തെ ജബൽ അൽകഅ്ബ സ്‌റ്റേഷനിലുമാണ് എത്തേണ്ടത്.