ADVERTISEMENT

അബുദാബി∙ ജനഹൃദയങ്ങളിൽ ആഹ്ലാദത്തിന്റെ വെടിയൊച്ചയുമായി റമസാനിൽ വീണ്ടും പീരങ്കി ശബ്ദം. ഗൾഫ് രാജ്യങ്ങളിൽ റമസാനിലെ സന്ധ്യകളിൽ  (മഗ്‌രിബ്) ഇഫ്താറിന്റെ സമയം അറിയിക്കാനാണ് പഴമയുടെ തനിമയോടെയുള്ള ഈ വെടിയൊച്ച.

 

പകൽ മുഴുവൻ അന്നപാനീയങ്ങൾ വെടിഞ്ഞ് ഉപവാസം അനുഷ്ഠിച്ചവർക്ക് വ്രതം അവസാനിപ്പിക്കാനുള്ള സന്ദേശമാണിത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ഈദുൽഫിത്റിന്റെ വലിയ ആഘോഷത്തിലേക്കു പ്രവേശിക്കുമ്പോഴും ആനന്ദത്തിന്റെ വെടിയൊച്ച കേൾക്കാം. റമസാന്റെയും പെരുന്നാളിന്റെയും വരവറിയിച്ച് 2 വെടി പൊട്ടിക്കുമ്പോൾ നോമ്പുതുറയ്ക്കായി ഒരു വെടി പൊട്ടിക്കുന്നു.

 

നോമ്പ് തുറക്കാനുള്ള സമയം അറിയിക്കാനായി 1800കളിൽ ആരംഭിച്ചതാണ് ഈ ആചാരം. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാത്രമല്ല മരുഭൂമിയിലൂടെയും കടലിലൂടെയും പോകുന്ന കച്ചവട, യാത്രാ സംഘത്തെയും നോമ്പുതുറ സമയം അറിയിക്കാനുള്ള മാർഗമായിരുന്നു ഇത്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പീരങ്കി പൊട്ടിക്കുന്നത് കാണാനായി നാട്ടിൽനിന്ന് എത്തിയവരെയും കൂട്ടിയാണ് മലയാളികളും മറുനാട്ടുകാരും എത്തുന്നത്.

 

ഓരോ റമസാനിലും ഒരിക്കലെങ്കിലും ഈ കാഴ്ച നേരിട്ടു കാണാൻ എത്താത്തവർ അപൂർവം.  1803 മുതൽ ഷാർജയിലും 1912ൽ ദുബായിലും ഈ ആചാരം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1960 മുതലാണ് ഈ ദൗത്യം ദുബായ് പൊലീസ് ഏറ്റെടുക്കുന്നത്. 

 

ദുബായിൽ എട്ടിടത്ത്

 

ഏഴിടത്ത് സ്ഥിരമായും ഒരെണ്ണം വ്യത്യസ്ത സ്ഥലങ്ങളിലുമാണ്. അൽവാസൽ പ്ലാസ എക്സ്പോ സിറ്റി, മദീനത് ജുമൈറ, ദുബായ് ഫെസ്റ്റിവൽ സിറ്റി, ബുർജ് ഖലീഫ, ഡമാക് ഹിൽസ്, അപ്ടൗൺ മിർദിഫ്, ഹത്ത ഗസ്റ്റ് ഹൗസ്.

 

ഷാർജയിൽ നാലിടത്ത്

 

അൽമജാസ് വാട്ടർ ഫ്രണ്ട്, അൽ ദൈദ് ഫോർട്ട്, കൽബ ക്ലോക്ക് ടവർ, ഖോർഫക്കാൻ.

 

അബുദാബി

 

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ഖസർ അൽ ഹൊസൻ, ഉം അൽ ഇമാറാത്ത് പാർക്ക്, ഫോർമുല പാർക്കിങ് ഷഹാമ സിറ്റി.

 

അൽഐൻ 

 

സാഖർ വെഡിങ് ഹാൾ, അൽ ജാഹിലി ഫോർട്ട്.

 

അൽദഫ്റ

 

അഡ്നോക് പാർക്ക്.

 

റാസൽഖൈമ

 

അൽഖവാസിം കോർണിഷ്.

 

ഉമ്മുൽഖുവൈൻ

 

ഷെയ്ഖ് സായിദ് മോസ്ക്.

 

നമസ്കാര സമയം

 

ളുഹർ 12,26, അസർ 3.52, മഗ്‌രിബ് 6.35, ഇശാ 7.49, നാളത്തെ സുബ്ഹി 4.57 (ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റിൽ താമസിക്കുന്നവർക്കുള്ള നമസ്കാര സമയമാണിത്. അബുദാബിയിലുള്ളവർ ഈ സമയത്തിൽ നിന്ന് 4 മിനിറ്റ് കൂട്ടണം. റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റിലുള്ളവർ 4 മിനിറ്റും ഫുജൈറ എമിറേറ്റിലുള്ളവർ 6 മിനിറ്റും കുറയ്ക്കണം.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com