പ്രിയ സുഹൃത്തിന്റെ വിയോഗം; ഉള്ളുലഞ്ഞ് ഗോൾഡൻ വീസ സ്വീകരിച്ച് മാമുക്കോയ മടങ്ങി

mamukkoya-golden-visa
ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടൻ മാമുക്കോയ യുഎഇ ഗോൾഡൻ വീസ പതിച്ച എമിറേറ്റ്സ് െഎഡി ഏറ്റുവാങ്ങുന്നു
SHARE

ദുബായ് ∙ ഇന്നസന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല, തന്നെപ്പോലുള്ള സഹപ്രവർത്തകർക്ക് കൂടി വലിയ നഷ്ടമാണെന്ന് നടൻ മാമുക്കോയ. ദുബായിൽ യുഎഇ ഗോൾഡൻ വീസ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് മാമുക്കോയ വീസ പതിച്ച എമിറേറ്റ്സ് െഎഡി ഏറ്റുവാങ്ങി. പ്രിയസുഹൃത്തിന്റെ വിയോഗം താങ്ങാനാകാതെ വളരെ ദുഃഖത്തിലായിരുന്നു അദ്ദേഹം.  

mamukkoya-innocent

മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ ദീർഘകാലത്തെ പ്രസിഡന്റായിരുന്ന ഇന്നസന്റ് സംഘടനയെ വളരെ മികച്ച രീതിയിൽ നയിക്കാൻ സാധിച്ചുവെന്ന് മാമുക്കോയ പറഞ്ഞു. സിനിമാക്കാരനെന്നതിലുപരി എല്ലാവരോടും ആത്മബന്ധം പുലർത്തിയിരുന്ന നടനായിരുന്നു അദ്ദേഹം. എല്ലാവരുടെയും സ്വകാര്യ ദുഃഖങ്ങളിൽ പങ്കുചേർന്നിരുന്ന മനുഷ്യസ്നേഹി. ഞാനും ഇന്നസന്റും ഒരുകാലത്ത് താരജോഡികളായിരുന്നു. എത്രയോ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. തുടർച്ചയായി ആറും ഏഴും സിനിമകളിൽ അഭിനയിച്ച ശേഷമായിരുന്നു ഞങ്ങളന്ന് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയിരുന്നത്. 

1990 മുതൽ 2000 വരെയുള്ള കാലത്ത് ഞങ്ങൾ തിരക്കിട്ട് അഭിനയിച്ചു. സംവിധായകൻ, നിർമാതാവ്, മറ്റു അണിയറപ്രവർത്തകർ എന്നിവരോടെല്ലാം തന്റെ നിലപാട് വ്യക്തമായും പ്രകടമാക്കിയിരുന്ന നടനായിരുന്നു. അമ്മയുടെ യോഗത്തിലായിരുന്നു അദ്ദേഹത്തെ അവസാനമായി നേരിൽ കണ്ടത്. പിന്നീട് ഇടയ്ക്കിടെ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. പ്രിയദർശന്റെ കുഞ്ഞാലിമരയ്ക്കാർ–അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു ഏറ്റവുമൊടുവിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്. അസുഖം കാരണം വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം അന്ന്. ആ ചിത്രത്തിലഭനയിച്ച നെടുമുടി വേണു, കെപിഎസി ലളിത എന്നിവരും രോഗബാധയാൽ വലഞ്ഞിരുന്നു. ഇവരുടെയെല്ലാം വിയോഗം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും മാമുക്കോയ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

jagadeesh-innocent-mamukkoya-2

ഇന്നസന്റിന്റെ വിയോഗ വാർത്ത മനസിലാക്കിയ എമിഗ്രേഷൻ അധികൃതർ വളരെ പെട്ടെന്നായിരുന്നു മാമുക്കോയക്ക് ഗോൾഡൻ വീസ പതിച്ചു നൽകിയതെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു. പ്രിയ സഹപ്രവർത്തകന്റെ മുഖം അവസാനമായി നേരിൽ കാണാനുള്ള ആഗ്രഹം അവരെ പറഞ്ഞു മനസിലാക്കിയതോടെ ഇന്ന് (ചൊവ്വ) ലഭിക്കേണ്ടിയിരുന്ന വീസ ഇന്നലെ (തിങ്കൾ) തന്നെ അനുവദിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി തന്നെ മാമുക്കോയ നാട്ടിലേയ്ക്ക് മടങ്ങി. നേരത്തെ മലയാളം ഉൾപ്പെടെ ചലച്ചിത്ര സംഗീത മേഖലയിൽ നിന്ന് ഒട്ടേറെ താരങ്ങൾക്കും സംവിധായകർക്കും ഗായകർക്കുമൊക്കെ ഗോൾഡൻ വീസ നേടിക്കൊടുത്തത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.

jagadeesh-innocent-mamukkoya

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസ. 10 വര്‍ഷത്തെ കാലാവധിയുള്ള ഈ വീസ, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. കൂടുതല്‍ വിഭാഗങ്ങളിലേയ്ക്ക് ഗോള്‍ഡന്‍ വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA