ദുബായ്∙ കഴിഞ്ഞ വർഷം കുട്ടികൾക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ പേരിൽ 503 പരാതികൾ. കുട്ടിയുടെ പിതാവ്, മാതാവ്, സുഹൃത്തുക്കൾ എന്നിവരാണ് മോശമായി പെരുമാറിയവരിൽ അധികവും. 11 മുതൽ 18 വരെ പ്രായമുള്ളവരാണ് പ്രധാനമായും മോശമായ ഇടപെടലുകൾ നേരിട്ടതെന്ന് ദുബായ് പൊലീസ് മനുഷ്യാവകാശ വകുപ്പ് തലവൻ മേജർ മുഹമ്മദ് അൽ മുർ പറഞ്ഞു.
ദേഹോപദ്രവം, ഒറ്റപ്പെടുത്തൽ, രേഖകളിൽ നിർബന്ധിച്ച് ഒപ്പ് പതിപ്പിക്കുക തുടങ്ങിയവയ്ക്ക് കുട്ടികൾ വിധേയരായ പരാതികളാണ് ലഭിച്ചത്. മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് കുട്ടികളെ ബാധിച്ച കേസുകളുമുണ്ട്. 2 രാജ്യക്കാരായ മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന പൗരത്വം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസവും കുട്ടികൾക്ക് പീഡനമായി മാറി. നിയമംമൂലം പിതാവിന്റെ പൗരത്വമാണ് കുട്ടികൾക്ക് ലഭിക്കുക.
വിദ്യാഭ്യാസം മുടക്കുക, ആരോഗ്യ ഇൻഷുറൻസ് രേഖകൾ ഇല്ലാതിരിക്കുക തുടങ്ങിയ പ്രതിസന്ധികളും കുട്ടികൾ നേരിട്ടതായി പൊലീസ് റിപ്പോർട്ട് വെളിപ്പെടുത്തി. ഇത്തരം കുട്ടികളുടെ സ്ഥായിയായ സംരക്ഷണം ഉറപ്പാകുന്നതുവരെ ദുബായ് പൊലീസിലെ ചൈൽഡ് പ്രൊട്ടക്‌ഷൻ ഒയാസിസിലാകും താമസിപ്പിക്കുക.