ദമാം ∙ സൗദി അറേബ്യയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ച് മലയാളി മരിച്ചു. കിഴക്കൻ സൗദി അറേബ്യയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ അൽ ബുവൈനൈൻ കമ്പനിയുടെ ഹെവി ഡ്രൈവർ പാലക്കാട് കല്ലേക്കുളങ്ങര സ്വദേശി അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ജുബൈൽ അബുഹാദിയ റോഡിലാണ് സംഭവം. വാഹനം നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ അനിൽകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തിനശിച്ചു.
അനിൽകുമാർ ദേവൻ നായർ 14 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.