ആഘോഷപ്പൊലിമയോടെ ഗ്ലോബൽ വില്ലേജിൽ റമസാൻ രാവുകൾ; സന്ദർശകപ്രവാഹം

global village 6q
SHARE

ദുബായ്∙ റമസാൻ രാവുകൾ ഗ്ലോബൽ വില്ലേജിൽ നുകരാൻ സന്ദർശകപ്രവാഹം. റമസാൻ ആരംഭം മുതൽ എല്ലാ ദിവസവും വൈകിട്ട് ആറോടെ ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകരെ വിശുദ്ധ മാസത്തെ പ്രമേയമാക്കിയുള്ള പ്രത്യേക ആകർഷണങ്ങളും പരിപാടികളും കൊണ്ടാണ് ആഗോളഗ്രാമം സ്വീകരിക്കുന്നത്.

global village 7

ഇഫ്താർ വിഭവങ്ങളെല്ലാം യഥേഷ്ടം ലഭ്യമാകുന്ന ഫൂഡ് സ്റ്റാളുകൾ ഗ്ലോബൽ വില്ലേജിന്റെ സവിശേഷതയാണ്. നോമ്പുതുറക്കാൻ വൃത്തിയും വെടിപ്പുമുള്ള വിശാലമായ പുൽമേടുകൾ മാത്രം മതിയാകും. കുടുംബങ്ങൾ ഇവിടെ ഒന്നിച്ചിരുന്നു സന്തോഷത്തോടെ വ്രതം അവസാനിപ്പിക്കുന്ന കാഴ്ച ആനന്ദകരമാണ്.

global village 4
ഗ്ലോബൽവില്ലേജിൽ റമസാനിലെ നോമ്പു തുറക്കുന്ന കുടുംബങ്ങൾ

റമസാനിൽ പുതിയ ഒട്ടേറെ സവിശേഷതകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. റമസാൻ മാർക്കറ്റ്, എല്ലാ പവലിയനുകളിലുമുള്ള പ്രത്യേക ഇഫ്താർ എന്നിവയാണ് ഇതിലേറ്റവും പ്രധാനം. റമസാൻ മജ്‌ലിസാണ് മറ്റൊരു പ്രധാന ആകർഷണ കേന്ദ്രം. സുഹൂർ മെനു, വിനോദ പരിപാടികൾ എന്നിവയും ഇതിലുൾപ്പെടുന്നു. കൂടാതെ അറേബ്യൻ ഓർക്കസ്ട്രയുടെ 60 മിനിറ്റ് ദൈർഘ്യമുള്ള പ്രകടനവും ദിവസത്തിൽ രണ്ടുതവണയുണ്ട്. 

global-village-1q

റമസാൻ മാർക്കറ്റ് 

പാർക്കിലെങ്ങും കാണപ്പെടുന്ന അലങ്കാരങ്ങളും പരമ്പരാഗത റാന്തൽ രൂപങ്ങളും ഗോൾഡൻ സ്റ്റാർലൈറ്റുകളും കൊണ്ട് റമസാനിന്റെ ചൈതന്യം മുഴുവൻ സന്ദർശകർക്കും സ്വന്തമാക്കാനാകും. എന്നാൽ റമസാൻ മാർക്കറ്റിൽ, പുരാവസ്തുക്കൾ, കലാസൃഷ്‌ടികൾ മുതൽ ഭക്ഷണസാധനങ്ങൾ വരെയുള്ള പുണ്യമാസത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ഇനങ്ങൾ ലഭ്യമാണ്. പല പവലിയനുകളിൽ നിന്നും കറുവാപ്പട്ട, കുങ്കുമപ്പൂവ്, പ്രീമിയം ഈന്തപ്പഴം എന്നിവയ്‌ക്കു പുറമേ നിരവധി രുചികളിൽ തേനും വാങ്ങിക്കാം. ഉണങ്ങിയ പഴങ്ങൾക്കും പരിപ്പിനും പേരുകേട്ട യെമൻ പവലിയൻ ഇതിൽ പ്രധാനം.

global village 3

പ്രാർഥനാ പായകളും മുത്തുകളും

യെമൻ, അഫ്ഗാനിസ്ഥാൻ പവലിയനുകളിൽ ഇസ്ലാമിക കാലിഗ്രാഫിയും സങ്കീർണമായ പാറ്റേണുകളും ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത പ്രാർത്ഥനാ പായകളും മുത്തുകളും വിൽപനയ്‌ക്കുണ്ട്. ഊദ്, ബുഖൂർ സുഗന്ധങ്ങളുടെ വൻശേഖരം. യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, തുർക്കി പവലിയനുകളിൽ ഹെന്ന കലാകാരന്മാരും തയ്യാറായി നിൽപുണ്ട്.  

global village 2

മജ്‌ലിസ് ഓഫ് ദ് വേൾഡ്

മജ്‌ലിസ് ഓഫ് ദ് വേൾഡിലെ ലൈറ്റുകളും അലങ്കാരങ്ങളും സന്ദർശകരെ ഏറെ ആകർഷിക്കുന്നു. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അവിസ്മരണീയമായ സായാഹ്നത്തിന് അനുയോജ്യമാണ് ഇവിടം. എയർകണ്ടീഷൻ ചെയ്ത ഔട്ട്ഡോർ മജ്‌ലിസ് ഓഫ് ദ് വേൾഡ് ഇഫ്താറിനും സുഹൂറിനും ദിവസേന വൈകുന്നേരം ആറുമുതൽ പുലർച്ചെ രണ്ടുവരെ തുറന്നിരിക്കും. ഊദ്, ഖാനൂൺ, കിന്നരം, വയലിൻ എന്നിവ ഉൾപ്പടെയുള്ള പ്രാദേശിക വിനോദങ്ങളും ബോർഡ് ഗെയിമുകളും ഉണ്ടാകും. 

വ്രതാനുഷ്ഠാനത്തിന്റെ അന്ത്യം അറിയിക്കാൻ വെടിയുതിർക്കുന്ന പരമ്പരാഗത റമസാൻ പീരങ്കിയും മജ്‌ലിസ് ഓഫ് ദ് വേൾഡിന് അടുത്താണ്. സന്ദർശകർക്ക് മണിക്കൂറിന് 75 ദിർഹം മുതൽ രണ്ടോ നാലോ ആറോ ടേബിളുകൾ ബുക്കു ചെയ്യാം, അതിൽ 50 ദിർഹം ഭക്ഷണ പാനീയങ്ങൾക്കായി ഒരു ടേബിൾ ബുക്കിങ്ങിനുമാണ്. മണിക്കൂറിന് 100 ദിർഹം മുതൽ മേശകളുള്ള പ്രീമിയം ലോഞ്ചും ഉണ്ട്. മജ്‌ലിസ് ഓഫ് ദ് വേൾഡിൽ റിസർവേഷൻ ഉള്ളവർക്കു ഗ്ലോബൽ വില്ലേജിന്റെ വാലെറ്റ് പാർക്കിംഗ് സേവനത്തിൽ കിഴിവും ലഭിക്കും. 

അറേബ്യൻ ഓർക്കസ്ട്ര 

പ്രധാന വേദിയിൽ അറേബ്യൻ ഓർക്കസ്ട്ര സംഗീതപ്രേമികളെ വിസ്മയ ലോകത്തെത്തിക്കും. ഗ്ലോബൽ വില്ലേജ് പ്രധാന വേദിയിൽ റമസാനിൽ 30 പീസുകളുള്ള ഒരു സംഘം ദിവസവും രണ്ടുതവണ അവതരിപ്പിക്കുന്നു. മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സംഗീതജ്ഞരെ ഉൾപ്പെടുത്തി, 60 മിനിറ്റ് വീതം നീണ്ടുനിൽക്കുന്ന പ്രകടനങ്ങളാണ് നടക്കുന്നത്. അറേബ്യൻ ഓർക്കസ്ട്രയുടെ ശേഖരത്തിൽ ഉമ്മു കുൽത്തും, മജിദ അൽ റൗമിയും ഫൈറൂസും ഉൾപ്പടെയുള്ള അറബിക് സംഗീത രംഗത്തെ പ്രമുഖരുടെ സംഗീതം ഉൾപ്പെടുന്നു.  ഏപ്രിൽ 21 വരെ അറേബ്യൻ ഓർക്കസ്ട്ര അവതരിപ്പിക്കും.  

ഗ്ലോബൽ വില്ലേജ് ടിക്കറ്റിന്റെ വില എത്ര? 

ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള പ്രവേശനത്തിന് ഓൺലൈനായി ടിക്കറ്റു വാങ്ങുമ്പോൾ 18 ദിർഹവും പ്രവേശനകവാടത്തിൽ നിന്ന് 20 ദിർഹവുമാണു നിരക്ക്. വെള്ളി, ശനി ദിവസങ്ങളിൽ ഇത് ഓൺലൈനിൽ 22.50 ദിർഹവും ഗേറ്റിൽ 25 ദിർഹവുമാണ്. മൂന്നു വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കും പ്രവേശനം സൗജന്യമായിരിക്കും. പൊതു അവധി ദിവസങ്ങൾ ഒഴികെ ചൊവ്വാഴ്ചകൾ സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി നീക്കിവച്ചിരിക്കുന്നു. 

റമസാനിലെ സമയക്രമം

റമസാനിൽ ഗ്ലോബൽ വില്ലേജ് അതിന്റെ പ്രവർത്തന സമയം മാറ്റി. വൈകിട്ട് നാലിനു പകരം വേദി ആറിനാണു തുറക്കുന്നത്. പുലർച്ചെ രണ്ടിനു അടയ്ക്കും. ഗ്ലോബൽ വില്ലേജിന്റെ സീസൺ 27 ഏപ്രിൽ 29 വരെയാണ്.

English Summary: crowd in global village.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS